ന്യൂയോർക്ക് വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ യാത്ര വിജയകരം. വെർജിൻ ഗലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വി എസ്എസ് യൂണിറ്റിയിൽ ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ട ആറംഗ സംഘം ദൗത്യം പൂർത്തീകരിച്ച് തിരികെ ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം രാത്രി എട്ടിനാണ്, ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്ല ഉൾപ്പെടുന്ന സംഘം യാത്ര തിരിച്ചത്. ഒമ്പതു മണിയോടെ ബഹിരാകാശത്ത് എത്തി. ഇന്ത്യൻ സമയം 6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വൈകിയത്.

യുഎസിലെ ന്യൂ മെക്‌സിക്കോയിലുള്ള സ്‌പേസ്‌പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു സംഘം യാത്ര തുടങ്ങിയത്. വെർജിൻ ഗലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വി എസ്എസ് യൂണിറ്റിയിലായിരുന്നു സഞ്ചാരം. രണ്ടു പൈലറ്റും നാല് യാത്രക്കാരും ഉൾപ്പെടെ ആറു പേരാണ് സ്‌പേസ് പ്ലെയിനിൽ ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരായ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെനറ്റ്, ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്ല (34) എന്നിവരാണ് ബ്രാൻസനു പുറമേ യാത്രസംഘത്തിലുണ്ടായിരുന്നത്.

13 കിലോമീറ്റർ(ഏകദേശം എട്ടു മൈൽ) ഉയരത്തിൽ എത്തിയപ്പോൾ സ്‌പേസ്‌പ്ലെയിൻ വേർപെട്ടു. തുടർന്ന് റോക്കറ്റ് ഇന്ധനമുപയോഗിച്ച് മണിക്കൂറിൽ 6000 കി.മീ വേഗതയിലാണ് സ്‌പെയ്‌സ് പ്ലെയിൻ കുതിച്ചത്. അന്തരീക്ഷത്തിന്റെ 100 മുതൽ 105 കി.മീ വരെ ഉയരത്തിൽ സ്‌പെയിസ് പ്ലെയിനെത്തി. ഭൂമിയുടെ ഭ്രമണപഥത്തിലെത്താത്ത സബ് ഓർബിറ്റൽ ഫ്‌ളൈറ്റാണിത്.

ഭ്രമണപഥത്തിലെത്തണമെങ്കിൽ മണിക്കൂറിൽ 28,000 കി.മീ വേഗത വേണം. 100 മുതൽ 105 കി.മീ വരെ ഉയരത്തിലെത്തിയ ശേഷം 11 മിനിറ്റുകൾ അവിടെ കാഴ്ചകൾ കണ്ട ശേഷമായിരുന്നു തിരിച്ചിറക്കം

അഭിമാനമായി ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്ല

റിച്ചാർഡ് ബ്രാൻസൺ ഉൾപ്പെടെ ആറ് പേർ അടങ്ങുന്ന സംഘത്തിൽ ഒരാൾ ഇന്ത്യൻ വംശജയാണ്. ഇന്ത്യൻ വംശജയായ ശിരിഷ ബാൻഡ്‌ലയാണ് സംഘത്തിലുള്ളത്. ആന്ധ്രയിലെ ഗുണ്ടൂരിലാണ് 34കാരിയായ ശിരിഷ ജനിച്ചത്. യാത്ര വിജയകരമായതോടെ, ഇതോടെ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയായി ശിരിഷ.കൽപ്പന ചൗള, സുനിത വില്യംസ് എന്നിവർക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാണ് ശിരിഷ.