കോഴിക്കോട്: വ്‌ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പി റഫ്താസ് പറഞ്ഞു. ദുബായിൽ നിന്ന് കിട്ടിയ സർക്കാർ രേഖകളിൽ റിഫയുടെ മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകൾ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകൻ റഫ്താസ് വെളിപ്പെടുത്തി. കേസിൽ പ്രധാന ദൃക്‌സാക്ഷിയായ റൂം ഷെയർ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോൾ മിസ്സിങ്ങാണ്. അയാൾ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇയാളെ ചുറ്റിപ്പറ്റി ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.

റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് ആരോപണം. റിഫ മരിച്ച ഉടൻ തന്നെ കരഞ്ഞു കൊണ്ട് ഭർത്താവ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത് ഗൂഢാലോചനയാണെന്നും പറയുന്നു. റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവൾ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാൽ സഹോദരൻ എത്തിയപ്പോൾ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലൻസിൽ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല-അഭിഭാഷകൻ പറുന്നു.

സമയത്തിലും വ്യത്യാസമുണ്ട്. മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആൾ പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാൻ വന്നിട്ടില്ല. റിഫയുടെ ഫോൺ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്ന് അഭിഭാഷകൻ പറഞ്ഞു. കല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളിൽ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടികൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.

റിഫാ മെഹ്നുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചിരിക്കുകയാണ്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിക്കും. ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. ദുബായിൽ റിഫയുടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. താമരശ്ശേരി ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. റിഫയുടെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

റിഫ മെഹ്‌നുവിന്റെ മൃതദേഹം പാവണ്ടൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഈ അടയാളം മുറിവാണോയെന്ന് വ്യക്?തമല്ല. കൊലപാതകത്തിന്റെ സൂചനയുണ്ടെങ്കിൽ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും.

മാർച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ദുബായിൽ റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നൽകുകയായിരുന്നു.