യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം ലോകക്രമത്തിൽ വരുത്തിയ മാറ്റമെത്രയാണ്? യൂറോപ്യൻ യൂണിയൻ എന്ന ആശയത്തോടുള്ള വിയോജിപ്പിനെക്കാൾ കുടിയേറ്റ വിരുദ്ധതയാണ് ബ്രെക്‌സിറ്റിന് വഴിതെളിച്ചതെന്ന് വ്യക്തമാണ്. ദേശീയതയിലൂന്നിയ പ്രചാരണങ്ങൾക്ക് ശക്തികൂടുന്നുവെന്നതിന്റെ ആദ്യതെളിവായിരുന്നു ബ്രെക്‌സിറ്റ്. ജൂൺ 23-ന് നടന്ന ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടാൻ തീരുമാനിച്ചതോടെ, ലോകക്രമം വലതുപക്ഷത്തേയ്ക്ക് ചായുകയാണെന്ന് നിരീക്ഷിക്കപ്പെടുന്നു.

വലതുപക്ഷ രാഷ്ട്രീയക്കാർക്ക് ആവേശം പകരുന്നതാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് നേടിയ അപ്രതീക്ഷിത വിജയവും. മുഖ്യധാരാ രാഷ്ട്രീയക്കാരനല്ലാത്ത ട്രംപിന്റെ വിജയം അപ്രതീക്ഷിതതമായിരുന്നു. കുടിയേറ്റത്തിനെതിരെ തുടർച്ചയായി പ്രസ്താവനകൾ ഇറക്കിയ ട്രംപ് അതിനൊപ്പം മുസ്ലിം വിരുദ്ധതയെയും വോട്ടിനുള്ള വഴിയായി കണ്ടെത്തി. രാജ്യത്തിന്റെ അതിർത്തികൾ എന്ന തീവ്രദേശീയ വാദത്തിലൂന്നിയാണ് ട്രംപും വിജയക്കൊടി പാറിച്ചത്.

ഈ മാറ്റം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും പടരുകയാണെന്നാണ് സൂചനകൾ. ഇറ്റലിയിലും ഓസ്‌ട്രേലിയയിലും ദേശീയ വാദികൾ അധികാരത്തിലേക്ക് മുന്നേറുകയാണ്. ഫ്രാൻസിൽ മറീൻ ലെ പെന്നിനെപ്പോലുള്ള നേതാക്കളും വളർന്നുവരുന്നു. ബ്രെക്‌സിന്റെയും ട്രംപിന്റെ വിജയത്തിന്റെയും ആവേശത്തിൽ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ലെ പെൻ വിശ്വസിക്കുന്നു. ബ്രിട്ടനിലെ യുക്കിപ്പ് പാർട്ടിയുടെ വളർച്ചയെയും ലെ പെൻ എടുത്തുകാട്ടുന്നു.

2017-ൽ യൂറോപ്പിലാകമാനം ഭരണമാറ്റമുണ്ടാകുമെന്നാണ് സൂചന. നോർവെയിൽ പ്രോഗ്രസ്സീവ് പാർട്ടി നേതാവ് സിവ് ജെൻസണും ജർമനിയിൽ ആൾട്ടർനേറ്റീവ് ഫോർ ജർമനി പാർട്ടി നേതാവ് ഫ്രോക്ക് പെട്രിയും മുൻപന്തിയിൽനിൽക്കുന്നു. ചെക്ക് റിപ്പബ്ലിക്കിൽ ശതകോടീശ്വരനായ ആന്ദ്രെ ബാബിസാണ് ജനങ്ങൾക്ക് പ്രതീക്ഷ പകരുന്ന നേതാവ്. ഓസ്ട്രിയയിൽ യൂറോപ്യൻ വിരുദ്ധനായ നോർബെർട്ട് ഹോഫർ പ്രസിഡന്റ് പദവിയിലേക്ക് മതത്സരിക്കുന്നു. 

നെതർലൻഡ്‌സിൽ ഗീർട്ട് വിൽഡേഴ്‌സിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ ഇതിനകം ശ്രദ്ധിക്കപ്പെട്ടു. ഇറ്റലിയിൽ ഫൈവ് സ്റ്റാർ മൂവ്‌മെന്റുമായി ബെപ്പ് ഗ്രില്ലോയാണ് മുന്നേറുന്നത്. സെർബിയയിൽ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ സെർബിയൻ റാഡിക്കൽ പാർട്ടിയുടെ നേതാവ് വോയിസ്ലാവ് സെസേലി രാജ്യഭരണത്തോട് അടുക്കുന്നു. വലതുപക്ഷ രാഷ്ട്രീയക്കാർ യൂറോപ്പിലാകമാനം അധികാരം സ്ഥാപിക്കുമെന്ന സൂചനയാണ് ഇപ്പോഴുള്ളതെന്ന് നിരീക്ഷിക്കപ്പെടുന്നു.