കാക്കൂർ: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ആർ.ഡി.ഒ ചെൽസാ സിനി അനുമതി നൽകി. തഹസിൽദാരുടെ സാന്നിധ്യത്തിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്ടർമാരും ഉണ്ടാവും.

അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈ.എസ്‌പി ടി.കെ. അഷ്റഫ് ആർ.ഡി.ഒക്ക് മുമ്പാകെ നൽകിയ അപേക്ഷയിലാണ് അനുമതി. ദുബായിൽ റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് ഭർത്താവും സുഹൃത്തുക്കളും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ് റാഷിദും കുടുംബവും ആരോപിച്ചിരുന്നു. പൊലീസിൽ നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം നടത്തിയെന്നും നിർബന്ധപൂർവം സംസ്‌കാരം നടത്താൻ പറഞ്ഞതിൽ സംശയമുള്ളതായും കുടുംബം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. മരണത്തിൽ ദുരൂഹതയാരോപിച്ച് റിഫയുടെ കുടുംബം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മാർച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്‌ളാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാസർകോട് സ്വദേശിയായ ഭർത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.