- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക സമരത്തെ പിന്തുണച്ച് പ്രചാരണം; ഖലിസ്ഥാൻ ബന്ധം ആരോപിക്കുന്ന പിആർ കമ്പനി റിഹാനയ്ക്ക് 18 കോടി നൽകിയെന്ന് റിപ്പോർട്ട്; ആഗോള പ്രചാരണത്തിനുള്ള ഗൂഢാലോചനയിൽ കാനഡ ആസ്ഥാനമായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് മുഖ്യപങ്കെന്നും റിപ്പോർട്ടിൽ
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള രാജ്യത്തെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രചാരണത്തിനായി യു.എസ് പോപ് ഗായിക റിഹാനയ്ക്ക് കാനഡ ആസ്ഥാനമായ പിആർ കമ്പനി കോടികൾ നൽകിയെന്ന് റിപ്പോർട്ട്.
ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പിആർ കമ്പനി കർഷരെ പിന്തുണച്ച് ട്വീറ്റ് ചെയ്യാൻ റിഹാനയ്ക്ക് 2.5 മില്യൺ ഡോളർ ( ഏകദേശം 18 കോടി രൂപ) നൽകിയെന്നാണ് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തത്.
കാനഡ ആസ്ഥാനമായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകനായ മോ ധലിവാൾ ഡയറക്ടറായ സ്‌കൈറോക്കറ്റ് എന്ന പരസ്യ സ്ഥാപനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. മോ ധലിവാളിന് പുറമേ സ്‌കൈറോക്കറ്റുമായി ബന്ധമുള്ള പിആർ മാനേജറായ മരിയ പാറ്റേഴ്സൺ, കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോക സിഖ് ഓർഗനൈസേഷൻ ഡയറക്ടർ അനിത ലാൽ, ഇന്ത്യൻ വംശജനും കനേഡിയൻ പാർലമെന്റ് അംഗവുമായ ജഗ്മീത് സിങ് എന്നിവർക്കും ഗൂഢാലേചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യക്കെതിരേ ഗൂഢാലോചന നടത്തി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ആഗോള പ്രചാരണത്തിന് തുടക്കം കുറിച്ചതിൽ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് നിർണായക പങ്കുണ്ട്. കാനഡയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണയോടെയാണിത്. കർഷക പ്രതിഷേധത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുയാണെന്ന് കമ്പനിതന്നെ ഇവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ കർഷക സമരത്തെ എങ്ങനെ പിന്തുണ നൽകാമെന്ന് വിശദീകരിച്ച് ട്വീറ്റ് ചെയ്ത ടൂൾകിറ്റിന് പിന്നിലും സ്‌കൈറോക്കറ്റാണെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ഡൽഹി പൊലീസിന്റെ അന്വേഷണം ഇവരിലേക്കും നീളുമെന്നും സൂചനയുണ്ട്. ടൂൾ കിറ്റിന്റെ വ്യക്തമായ ഉറവിടം കണ്ടെത്താൻ ഗൂഗിളിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്