കൊച്ചി: ഡബ്യുസിസി അംഗമായ റിമ കല്ലിങ്കൽ വാർത്താസമ്മേളത്തിൽ ഏറ്റവും ഒടുവിലാണ് സംസാരിച്ചത്. പതിയെ സംസാരിച്ചു തുടങ്ങിയ റിമ പിന്നീട് തന്റെ നിലാപാടുകൾ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു. മീടൂ കാമ്പയിന് അനുകൂലമായി ബോളിവുഡ് സിനിമാ ലോകം രംഗത്തുവരുമ്പോഴും മലയാളം സിനിമ പുറംതിരിഞ്ഞു നിൽക്കുന്നു എന്നാണ് റിമ ചൂണ്ടിക്കാട്ടിയത്. മലയാളത്തിലെ പൊയ്മുഖങ്ങളെയാണ് അവർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

മീ ടൂവിന് അനുകൂലമായ ക്രിത്യമായ നിലപാട് ബോളിവുഡിൽ നിന്ന് വരുമ്പോളും ഫെഫ്കയുടെ ചെയർമാൻ ബി.ഉണ്ണിക്കൃഷ്ണൻ കുറ്റാരോപിതനെ വെച്ച് സിനിമയെടുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തതെന്നാണ് റി പ്രധാനമായും ചൂണ്ടിക്കാട്ടിയ കാര്യം.'അമ്മ'യാണ് അഭിനേതാക്കളുടെ ആകെയുള്ള സംഘടന. ഇവിടെ എന്തെങ്കിലും മാറ്റം വരത്തണമെങ്കിൽ സംസാരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വനിതാ കൂട്ടായ്മയുടെ മൂന്ന് അംഗങ്ങൾ സംസാരിക്കാൻ അമ്മയുടെ യോഗത്തിൽ പോയതെന്നും റിമ കല്ലിങ്കൽ.

ജനപ്രതിനിധിയും എക്‌സിക്യൂട്ടീവ് അംഗവുമായി ഒരാൾക്കെതിരെ ഏറ്റവും ഒടുവിലായി ലൈംഗികാരോപണം വന്നിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ഗവൺമെന്റിന്റെ നിലപാട് എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്. എന്നാൽ ചാർജ് ഷീറ്റ് രജിസ്റ്റർ ചെയ്യപ്പെട്ട ഒരാൾക്കെതിരെ അമ്മ നടപടിയെടുക്കുന്നതിനായി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് ജനപ്രതിനിധിയുടെ വിഷയത്തിൽ നടപടിയെടുക്കാൻ സമയമുണ്ടാകുമോയെന്ന് അറിയില്ലെന്നും റിമ പരിഹാസരൂപേണ പറഞ്ഞു.

ബോളിവുഡിൽ മീടു ക്യാംപയിന്റെ ഭാഗമായി ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വലിയ പ്രോജക്ടുകൾ നിർത്തിവെക്കുമ്പോൾ കേരളത്തിൽ എന്തുകൊണ്ട് അങ്ങനെയൊന്ന് ഉണ്ടാകുന്നില്ലെന്ന് റിമാ കല്ലിങ്കൽ ചോദിച്ചു.

''മിടു ക്യാപയിന്റെ ഭാഗമായി ഇരകളോട് ബോളിവുഡ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആരോപണവിധേയനായ സാജിദ് ഖാന്റെ സിനിമയായ ഹൗസ്ഫുൾ 4 താൽകാലികമായി നിർത്തിവെക്കാൻ നടൻ അക്ഷയ് കുമാർ ആവശ്യപ്പെട്ടു. ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി വലിയ പ്രൊജക്ടുകളും നിർത്തിവെക്കുന്നു. ആമസോൺ അവരുടെ പ്രൊജക്ട് നിർത്തി വച്ചു ആമിർഖാൻ സിനിമകളിൽ നിന്ന് പിന്മാറി. പക്ഷെ കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം''. റിമ ചോദിച്ചു.

അതേ സമയം എ.എം.എം.എ.യിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അമ്മയുടെ നയങ്ങളോടും തീരുമാനങ്ങളോടും പ്രതികരിച്ചു എന്നതിനർഥം ഇനിയൊരിക്കലും യോഗങ്ങളിൽ പങ്കെടുക്കില്ല എന്നല്ല. അവിടെ സംഭവിക്കുന്നത് എന്താണെന്ന് അറിയേണ്ടതുണ്ട് അതിനായി യോഗത്തിൽ പങ്കെടുക്കും. പക്ഷെ ഇനി ഒന്നിനേയും കണ്ണടച്ച് വിശ്വസിക്കില്ലെന്നും യോഗത്തിൽ പാർവതി വ്യക്തമാക്കി.

സ്ത്രീകൾക്ക് പ്രശ്‌നമുണ്ടാകുമ്പോൾ അതിനെ അഡ്രസ് ചെയ്യാൻ വേദി വേണം. ഇന്ത്യ മുഴുവൻ ഇപ്പോൾ ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സ്ത്രീകൾ ശക്തമായ നിലപാട് എടുക്കുന്ന സമയമാണ്. സ്ത്രീകൾ പറയുന്നത് കേൾക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന സമയമാണ്. എന്നാൽ കേരളത്തിൽ ഇപ്പോഴും അങ്ങനെയെല്ല. ഞങ്ങളുടെ സിനിമാ സംഘടനയിൽ നിന്നും വെറും വാക്കുകളല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ല.

നടിയെ പീഡിപ്പിച്ച വിഷയത്തിൽ എ എം എം എ ദിലീപിനെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ നടൻ മുകേഷിനെതിരെയുള്ള ആരോപണങ്ങളെകുറിച്ചന്വേഷിക്കാൻ സംഘടനയ്ക്ക് സമയം കിട്ടുമോ എന്ന് തനിക്ക് സംശയമുണ്ടെന്നു പരിഹാസ്യ രൂപേണ നടി ചോദിച്ചു. ഡബ്ല്യു.സി.സി. അംഗങ്ങളും നടിമാരുമായ രേവതി, പത്മപ്രിയ, പാർവതി, രമ്യ നമ്പീശൻ, തുടങ്ങിയവരും പീഡിപ്പിക്കപ്പെട്ട നടിയുടെ കാര്യത്തിലുള്ള എ എം എം എയുടെ നിലപാടിനെ കുറിച്ച സംസാരിച്ചു. ഇന്ത്യയിലാകമാനം ചൂഷണങ്ങൾക്കെതിരെയുള്ള സ്ത്രീകളുടെ സമരം നടക്കുകയാണ്. പക്ഷെ കേരളത്തിൽ തങ്ങളെ പരിഹസിക്കുകയും പൊള്ളവാക്കുകൾ പറഞ്ഞു കണ്ണിൽ പൊടിയിടുകയുമാണ് എ എം എം എ ചെയ്യുന്നതെന്നും ഡബ്ല്യു.സി.സി ഭാരവാഹികൾ ആരോപിച്ചു.