തിരുവനന്തപുരം: എവിടെ പോയാലും വെറുതെ ഇരിക്കുന്ന പ്രകൃതക്കാരനല്ല ഋഷിരാജ് സിങ്. എക്‌സൈസ് കമ്മീഷണറായി റെയ്ഡുകൾ തുടങ്ങി എന്നതാണ് ഇനിയുള്ള ദിവസം സംഭവിക്കുകയെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കുന്നു. വൈദ്യുത ബോർഡിലും ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിലും നടത്തി ഇടപെടലുകൾ ജനപക്ഷത്തിന് വേണ്ടിയായിരുന്നു. സമൂഹം നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമിട്ട് ഋഷിരാജ് സിങ് മലയാളിയുടെ സിങ്കമായി. ഒതുക്കാനായിരുന്നു ജയിൽവകുപ്പിലേക്ക് മാറ്റിയത്. എന്നാൽ അവിടേയും ക്രിയാത്മ ഇടപെടലുകൾ ഈ ഐപിഎസ് ഉദ്യോഗസ്ഥൻ നടത്തി. പലർക്കും താങ്ങും തണലുമായി. നിഷേധിക്കപ്പെട്ട നീതി ഉറപ്പാക്കി. അത് ആരേയും അറിയിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതുമില്ല.

എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങ് ജയിലിൽ നിന്ന് വിടവാങ്ങുമ്പോൾ തടവുകാർക്ക് നഷ്ടമാകുന്നത് വലിയൊരു പ്രതീക്ഷയാണ്. പൊലീസ് കള്ളക്കേസിൽ കുടുക്കിയ എട്ടു നിരപരാധികൾക്കു ജയിൽ മേധാവിയായിരിക്കെ ഋഷിരാജ് സിങ് രക്ഷകനായി.
എക്‌സൈസ് കമ്മിഷണറായി ചുമതലയേൽക്കുന്നതിനു മുമ്പ് ഋഷിരാജ് ജയിൽവകുപ്പിൽ നടപ്പാക്കിയതു മുൻഗാമികളിലാരും കൈക്കൊള്ളാൻ ധൈര്യപ്പെടാതിരുന്ന തീരുമാനങ്ങളായിരുന്നു. മാദ്ധ്യമങ്ങളെ പോലും അറിയിക്കാതെയുള്ള നിശബ്ദ വിപ്ലവം. എല്ലാം അർഹതപ്പെട്ടവർക്കായതിനാൽ ആരും വിവാദവുമാക്കിയില്ല. ജയിൽ മേധാവിയുടെ അധികാരം എന്തെന്ന് അവിടേയും ഋഷിരാജ് സിങ് കാട്ടിക്കൊടുക്കുകയായിരുന്നു.

മുൻ ജയിൽമേധാവി അലക്‌സാണ്ടർ ജേക്കബ് തുടങ്ങിവച്ച ജയിൽ പരിഷ്‌കാരങ്ങൾ പിന്തുടർന്നായിരുന്നു ഋഷിരാജിന്റെ നീക്കങ്ങൾ. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിബോധമാണ് ഇത്തരത്തിലൊരു നടപടിക്കു തന്നെ പ്രേരിപ്പിച്ചതെന്നു ഋഷിരാജ് സിങ് ഇറങ്ങി പുറപ്പെട്ടത്. അങ്ങനെ എല്ലാവരാലും നിരാകരിക്കപ്പെട്ട തടവുകാരും നീതിയുടെ കരുത്ത് തിരിച്ചറിഞ്ഞു. ജയിൽ മേധാവിയിൽ നിന്ന് എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങ് മാറുമ്പോൾ ഇവർക്ക് മാത്രം നിരാശയെന്നതാണ് വസ്തുത. അത്രയേറെ നല്ലകാര്യങ്ങളാണ് ഋഷിരാജ് സിങ് നടപ്പിലാക്കിയത്.

വിചാരണത്തടവുകാരുടെ കേസുകൾ പുനഃപരിശോധിച്ച്, പൊലീസ് കള്ളക്കേസിൽ കുടുക്കിയ തടവുകാരുടെ കുറ്റങ്ങൾ ഇളവുചെയ്തതാണ് അതിൽ പ്രധാനം. കാസർഗോഡ് സ്വദേശിയായ കൊലക്കേസ് പ്രതിയടക്കം നിരവധി നിരപരാധികൾ ഇതോടെ കടുത്തശിക്ഷയിൽനിന്നു മോചിതരായി. പൊലീസ് കള്ളക്കേസിൽ കുടുക്കി നിരവധിപേരെ ജയിലിലടച്ചെന്നു ബോധ്യപ്പെട്ടതോടെയാണു ഋഷിരാജ് അവരുടെ കേസുകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. അതിനായി 52 ജയിലുകൾ സന്ദർശിച്ച് 8000 തടവുകാരെ അദ്ദേഹം നേരിൽകണ്ടു. കാര്യങ്ങൾ തിരിക്കി. നൽകിയ ഉറപ്പുകൾ പാലിക്കുകയും ചെയ്തു.

ജയിൽ മേധാവിയായിരുന്ന ആറുമാസത്തിനിടെയാണു ഋഷിരാജ് ഇത്രയും തടവുകാരെക്കണ്ട് അവരിൽ നിരപരാധികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചത്. ഫയലുകൾ പരിശോധിച്ചശേഷം 4000 വിചാരണത്തടവുകാരുടെ കേസുകൾ അദ്ദേഹം പ്രത്യേകം പരിഗണിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണു കണ്ടെത്തിയത്. ശരിയായ രീതിയിൽ കേസ് അന്വേഷിക്കാതിരിക്കുകയും കൈക്കൂലിക്കും രാഷ്ട്രീയസ്വാധീനത്തിനും വഴങ്ങി യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്ത നിരവധി കേസുകൾ ശ്രദ്ധയിൽപെട്ടു. അവ പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ റേഞ്ച് ഐ.ജിമാരോടും ജില്ലാ പൊലീസ് മേധാവിമാരോടും നിർദ്ദേശിച്ചു. തുടർന്ന് അന്വേഷണോദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനു ജുഡീഷ്യറിയുടെ സഹായവും തേടി. സിനിമാ സ്റ്റൈലിൽ പ്രശ്‌ന പരിഹാരവുമെത്തി.

കാസർഗോഡ് സ്വദേശിയായ ഒരു യുവാവിനെ കൊലപാതകക്കേസിലാണു പൊലീസ് പ്രതിയാക്കിയത്. ജീവപര്യന്തം വരെ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന കേസ് പുനരന്വേഷിച്ചപ്പോൾ വെറും 15 ദിവസമേ ഇദ്ദേഹത്തിനു ജയിലിൽ കിടക്കേണ്ടിവന്നുള്ളൂ. പിന്നീട് ഉത്തർപ്രദേശ് സ്വദേശിയടക്കം എട്ടു തടവുകാരുടെ കുറ്റങ്ങളും അദ്ദേഹം പുനഃപരിശോധിച്ചു. വിചാരണത്തടവുകാരുടെ കേസ് ഫയൽ വിശദമായി പരിശോധിച്ച്, നിരപരാധിയെന്നു ജയിൽ സൂപ്രണ്ടിനു ബോധ്യപ്പെട്ടാൽ തന്റെ ശ്രദ്ധയിൽപെടുത്തണമെന്നും ഋഷിരാജ് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇപ്രകാരം നൂറോളം തടവുകാരുടെ കേസുകൾ പുനഃപരിശോധിക്കുന്നതിനിടെയാണ് അദ്ദേഹം എക്‌സൈസ് കമ്മിഷണറായി നിയോഗിക്കപ്പെട്ടത്.

ശിക്ഷ ഇളവുചെയ്യുമ്പോൾ അക്കാര്യം കേസ് ഡയറിയിൽ രേഖപ്പെടുത്തണമെന്നും ഋഷിരാജ് അന്വേഷണോദ്യോഗസ്ഥരോടു നിർദ്ദേശിച്ചിരുന്നു. മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്ന 14 തടവുകാരുടെ കേസുകൾ പിൻവലിക്കാനും നടപടി സ്വീകരിച്ചുവരുകയായിരുന്നു. തടവുകാരായെത്തുന്ന അമ്മയ്ക്കും കുഞ്ഞിനും പ്രത്യേകസൗകര്യമേർപ്പെടുത്താനും മുൻകൈയെടുത്തു. ഇതിനെല്ലാം വ്യാപക അംഗീകാരം കിട്ടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മാറ്റം. ഇനി എക്‌സൈസിനെ ശുദ്ധിയാക്കാൽ. തികച്ചും ഭിന്നമായി ജോലി. അതിനെ ആ തലത്തിൽ കണ്ട് വിജയിപ്പിക്കാനാണ് സിങ്കത്തിന്റെ നീക്കം.

അതുകൊണ്ട് തന്നെ ബാറുകളിലേയും കള്ളുഷാപ്പുകളിലേയും റെയ്ഡുകൾ ഇനി നിത്യസംഭവമാകും. വാറ്റുകേന്ദ്രങ്ങളുടെ പട്ടികയും  ശേഖരിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തി എക്‌സൈസിന്റെ മുഖം മാറ്റാനാണ് ശ്രമം.