ഗുരുവായൂർ : സല്യൂട്ട് വിവാദത്തോടെ സംസ്ഥാന സർക്കാരുമായി ഇടഞ്ഞ എഡിജിപി ഋഷിരാജ് സിങ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അനുഗ്രഹാശിസുകൾ തനിക്കൊപ്പമുണ്ടെന്ന് ഋഷിരാജ് സിംഗിന് അറിയാം. കേന്ദ്രത്തിൽ മോദി അധികാരത്തിലെത്തിയപ്പോൾ ഇതിന് ശ്രമിച്ചതുമാണ്. അന്ന് സംസ്ഥാന സർക്കാർ പാരപണിതു. ഇതോടെ അത് നടക്കാതെ പോയി. കേന്ദ്രത്തിലെ സർക്കാരിൻ രാഷ്ട്രീയമായ സമ്മർദ്ദമുണ്ടായിരുന്നുവെങ്കിൽ ഈ ഡെപ്യൂട്ടേഷൻ തരപ്പെടുമായിരുന്നുവെന്നാണ് അന്ന് വിലയിരുത്തലുകൾ എത്തിയത്. ഇപ്പോൾ സംസ്ഥാന സർക്കാരുമായി പൂർണ്ണമായും ഈ പൊലീസ് ഉദ്യോഗസ്ഥൻ തെറ്റി. കേന്ദ്രത്തിലെ സിബിഐയിലെ ഉന്നത പദവി നേടാൻ അതുകൊണ്ട് തന്നെ ഈ സത്യസന്ധനായ ഉദ്യോഗസ്ഥൻ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപമാണ് കോൺഗ്രസുകാർ സജീവമാക്കുന്നത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഋഷിരാജ് സിങ് സല്യൂട്ട് ചെയ്തില്ല. അതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അതൃപ്തിയാണ് ഋഷിരാജ് സിംഗിന് കൂടുതൽ വിനയായത്. ഋഷിരാജ് സിംഗിനെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. എന്നാൽ പ്രോട്ടോകോൾ നിരത്തി താൻ ചെയ്തത് ശരിയാണെന്ന് വാദിച്ച് ഋഷിരാജ് സിങ് ഉറച്ച നിലപാട് എടുത്തു. ഇതോടെ പുതിയ എന്തെങ്കിലും വിവാദമുണ്ടാകുമ്പോൾ എഡിജിപിയെ കുടുക്കാൻ കരുതിയിരുന്ന സർക്കാരിന് പുതിയൊരു ആയുധം കിട്ടി. നല്ല ഒന്നാന്തരം ഒന്ന്. ഋഷിരാജ് സിംഗിന്റെ ആർഎസ്എസ് ബന്ധവും പ്രതിയുടെ വീട് സന്ദർശനവും. പൊലീസിന്റെ നിർദ്ദേശം ലംഘിച്ചുള്ള ഈ യാത്രകൾ ഋഷിരാജ് സിംഗിന് വിനയാകും.

കണ്ടാണശേരിയിൽ ആർഎസ്എസ്‌സംഘടിപ്പിച്ച ദേശസ്‌നേഹി കൂട്ടായ്മ യിൽ എഡിജിപി ഋഷിരാജ് സിങ് പങ്കെടുത്തതാണ് ചർച്ച വിഷയമാകുന്നത്. കാർഗിൽ വിജയദിനാഘോഷം എന്ന പേരിലായിരുന്നു ചടങ്ങ്. മാത്രമല്ല ചടങ്ങിന് ശേഷം സംഘാടകനും ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ ബിജെപി നേതാവിന്റെ വീട്ടിലെ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷമാണ് ഋഷിരജ് സിങ് മടങ്ങിയത്. ഇതോടെ സിപിഎമ്മും എഡിജിപിക്ക് എതിരാകുമെന്ന് ഉറപ്പായി. സിപിഐ(എം) കണ്ടാണശ്ശേരി ലോക്കൽ സെക്രട്ടറി കെജി പ്രമോദ്, വികെ ദാസൻ എന്നിവർക്കെതിരായ ആക്രമണ കേസ്സിൽ പ്രതിയാണ് ബിജെപിക്കാരനെന്ന് സിപിഐ(എം) നേതാക്കൾ പറയുന്നു. അവർ തന്നെയാണ് വിവാദം ഉയർത്തികൊണ്ടു വന്നതും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കാര്യങ്ങൾ എളുപ്പമാകും.

ആർഎസ്എസിന്റെ പരിപാടി നടക്കുന്ന വേദിയിൽ നിന്നും, പൊലീസ് അകമ്പടിയോടെയാണ് ഋഷിരാജ് സിംഗിനെ വീട്ടിലെത്തിച്ചത്. ഗുരുവായൂർ സിഐ കെ സുദർശനെ പരിപാടിയിൽ ക്ഷണിച്ചിരുന്നുവെങ്കിലും പങ്കെടുത്തില്ല. എന്നാൽ എസിപി എഡിജിപിക്കാപ്പം ഉണ്ടായിരുന്നു. ദേശസ്‌നേഹി കൂട്ടായ്മ എന്ന പേരിലാണ് വിമുക്ത ഭടന്മാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ബിജെപിക്കാരനായ മേജർ രവിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഋഷിരാജ് സിങ് മുഖ്യാതിഥി ആയിരുന്നു. കാർഗിൽ വിജയാഘോഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. അതുകൊണ്ടാണ് ഋഷിരാജ് സിങ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിശദീകരണം. എന്നാൽ പൊലീസ് കേസ്സിൽ പെട്ട പ്രതിയുടെ വീട്ടിൽ പോയതെന്തിനെന്ന ചോദ്യം അവശേഷിക്കുന്നു.

ആഭ്യന്തര മന്ത്രിയെ അവഗണിച്ചതിന് നടപടി ഷോകോസ് നോട്ടീസ് കിട്ടിയ ആളാണ് എഡിജിപി. പൊലീസിലെ അച്ചടക്കത്തിന് സിങ്ങിന്റെ ചെയ്തികൾ വിഘാതം ഉണ്ടാക്കുന്നുവെന്ന് പരാതിയാണ് മുഖ്യമന്ത്രി അടക്കമുള്ളവർ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ പുതിയ ആരോപണവും ശ്രദ്ധേയമാകും. എന്ത് നടപടിയാണ് ഡിജിപി സെൻകുമാർ എടുക്കുകയെന്നതാണ് ശ്രദ്ധേയം. ബിജെപിയുമായി അടുക്കാനുള്ള തന്ത്രത്തിന്റെ ശ്രമമായാണ് ആർഎസ്എസ് ചടങ്ങിൽ ഋഷിരാജ് സിങ് എത്തിയതെന്നാണ് ആരോപണം. നേരത്തെ സൽക്കാരച്ചടങ്ങിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരനൊപ്പം ഋഷിരാജ് സിങ് ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരുന്നതും വിവാദമായിരുന്നു. ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ചതിന്റെ അടുത്ത ദിവസങ്ങളിലായിരുന്നു ഈ ചടങ്ങ്.

വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ ആഴ്ചകൾക്ക് മുമ്പാണ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചത്. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വൈദ്യുതി മോഷ്ടാക്കളെ പിടികൂടാൻ മുഖം നോക്കാതെ നടപടിയുമായി മുന്നോട്ടു പോകവേയാണ് അദ്ദേഹത്തെ ഉന്നത ഇടപെടലോടെ ട്രാൻസ്ഫർ ചെയ്തത് എന്നായിരുന്നു ആരോപണം. ഇത് കാരണമാണത്ര മന്ത്രിയെ കണ്ടിട്ടും ഋഷിരാജ് സിങ് എണീക്കാത്തതെന്നായിരുന്നു വിവാദം. വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായിരിക്കെ കോടിക്കണക്കിനു രൂപയാണു വിവിധ സർക്കാർ വകുപ്പുകളിൽനിന്നും ഉന്നതരുടെ വ്യവസായ സ്ഥാപനങ്ങളിൽനിന്നും ബോർഡിനു കിട്ടാനുള്ള കുടിശിക ഋഷിരാജ് സിങ് പിരിച്ചെടുത്തത്.

നിലവിൽ ഇത്തരത്തിൽ 713 കോടി രൂപ തിരിച്ചു പിടിക്കാൻ വിവിധ സ്ഥാപനങ്ങൾക്കു അദേഹം നോട്ടീസ് നൽകിയിരിക്കെയാണു വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഋഷിരാജ് സിംഗിനെ തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കു കത്തും നൽകിയിരുന്നു.