- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ സ്വത്തുക്കൾ ഉള്ള വേറെയും ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടറുടെ ഹിറ്റ് ലിസ്റ്റിൽ; ഗുണ്ടകളെ നേരിടാൻ ഋഷിരാജിനേയും കൊണ്ടുവരും; രമേശ് ചെന്നിത്തലയുടെ നീക്കങ്ങളിൽ ആശങ്കയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം : ഉദ്യോഗസ്ഥതലത്തിലെ അഴിമതിവീരന്മാർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോളിന് സ്വാതന്ത്ര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി എ.ഡി.ജി.പി ഋഷിരാജ്‌സിംഗിനെ രംഗത്തിറക്കാനാണ് നീക്കം. ഇതിലൂടെ തന്
തിരുവനന്തപുരം : ഉദ്യോഗസ്ഥതലത്തിലെ അഴിമതിവീരന്മാർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോളിന് സ്വാതന്ത്ര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി എ.ഡി.ജി.പി ഋഷിരാജ്‌സിംഗിനെ രംഗത്തിറക്കാനാണ് നീക്കം. ഇതിലൂടെ തന്റെ പ്രതിശ്ചായ ഇനിയും ഉയരുമെന്ന് രമേശ് ചെന്നിത്തല കണക്കുകൂട്ടുന്നു. എന്നാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആശങ്കയോടെയാണ് ഈ നീക്കങ്ങളെ കാണുന്നത്. തങ്ങൾക്കൊപ്പമുള്ളവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് രമേശിന്റെ ലക്ഷ്യമെന്നാണ് ഇവരുടെ സംശയം. പക്ഷേ പരസ്യമായി രമേശിനെ എതിർക്കാനും കഴിയാത്ത അവസ്ഥയുമുണ്ട്. മന്ത്രിസഭയിലെ സൂപ്പർ അധികാര കേന്ദ്രമാകാൻ രമേശ് ചെന്നിത്തല ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് മറ്റ് മന്ത്രിമാരുടെ നിലപാട്.
ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനെ പൊലീസിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന് രമേശ് ചെന്നിത്തല മുൻകൈയെടുത്തിരുന്നു. എന്നാൽ ചില അട്ടിമറികൾ കാരണം നീക്കം വിജയിച്ചില്ല. ഓപ്പറേഷൻ കുബേരയുടെ തലപ്പത്ത് പൊലീസിലെ സിങ്കത്തെ നിയോഗിക്കുന്നതിനെ ഐ ഗ്രൂപ്പും എതിർത്തതോടെ രമേശ് പിന്നോട്ട് പോയി. എന്നാൽ കരുതലോടെ നീങ്ങി ഋഷിരാജ് സിംഗിനെ നിർണ്ണായക പദവയിലെത്തിക്കാനാണ് ആഭ്യന്തരമന്ത്രിയുടെ നീക്കം. നിലവിൽ കെ.എസ്.ഇ.ബി. വിജിലൻസ് ഓഫീസറായ ഋഷിരാജ് ഇതിനകം വൈദ്യുതി മോഷണക്കേസിൽ ഒട്ടേറെ വമ്പന്മാരെ കുടുക്കി. ഇദ്ദേഹത്തിന്റെ സേവനം ആഭ്യന്തരവകുപ്പിനു വിട്ടുനൽകാൻ വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദിനോട് അഭ്യർത്ഥിക്കും.
ഋഷിരാജ് സംസ്ഥാനതലത്തിൽ ആദ്യത്തെ ഗുണ്ടാ സ്‌ക്വാഡിന്റെ തലവനാകും. ഋഷിരാജിന്റെ സേവനം ലഭിച്ചാലുമില്ലെങ്കിലും ഗുണ്ടകളെ അടിച്ചമർത്തുന്നതിനായുള്ള വ്യക്തമായ രൂപരേഖ ആഭ്യന്തരവകുപ്പ് തയാറാക്കി. ഇതിന്റെ ഭാഗമായി, ഇന്റലിജൻസ്/ക്രൈംബ്രാഞ്ച് എ.ഡി.ജി.പിമാരോടു സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെക്കുറിച്ചു വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി ഗുണ്ടാനിയമപ്രകാരമുള്ള കരുതൽതടങ്കൽ കാലാവധി ഒരുവർഷമായി ഉയർത്തും. സംസ്ഥാനത്തു രണ്ടായിരത്തോളം സജീവഗുണ്ടാസംഘങ്ങളുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. മതതീവ്രവാദസംഘടനകളെ ഒതുക്കാനും ഗുണ്ടാ സ്‌ക്വാഡിന് അധികാരം നൽകും. ഋഷിരാജ് സിംഗിന്റെ നേതൃത്വം ഗുണ്ടാവേട്ടയ്ക്ക് ഗുണകരമാകുമെന്ന് മുഖ്യമന്ത്രിയേയും രമേശ് ചെന്നിത്തല അറിയിക്കും.
അതിനിടെ അന്യസംസ്ഥാനങ്ങളിലും വിദേശത്തും സ്വത്ത് വാരിക്കൂട്ടുകയും ബിസിനസ് ശൃംഖല പടുത്തുയർത്തുകയും ചെയ്ത ഒരുഡസനിലേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് ഇവരിൽ പലരുടെയും സ്വത്തുക്കൾ. നിരീക്ഷണത്തിലുള്ളവർ വെളിപ്പെടുത്തിയ സ്വത്തുവിവരവും ആദായനികുതിരേഖകളും വിജിലൻസ് ശേഖരിച്ചിച്ചിട്ടുണ്ട്. വിജിലൻസ് തലവൻ വിൻസൺ എം. പോളിന്റെ മേൽനോട്ടത്തിൽ അതീവരഹസ്യമായാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം. ഇതിനും ആഭ്യന്തരമന്ത്രിയുടെ പിന്തുണയുണ്ട്.
രണ്ട് വനിതാഉദ്യോഗസ്ഥർ, തെക്കും വടക്കുമുള്ള ജില്ലകളിലെ മൂന്ന് കളക്ടർമാർ, ഉന്നതകോൺഗ്രസ് നേതാവിന്റെ ഉറ്റബന്ധുവായ കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുള്ള ഐ.എ.എസുകാരൻ, നിരന്തരം വിദേശയാത്ര നടത്തുന്ന വനിതാ ഉദ്യോഗസ്ഥ, തലസ്ഥാനത്തെ മുൻ കളക്ടർ എന്നിവരെല്ലാം വിജിലൻസിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. സിവിൽസർവീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമികഅന്വേഷണം നടത്താനും കോടതിയിൽ എഫ്.ഐ.ആർ നൽകാനും വിജിലൻസിന് സർക്കാർ അനുമതിയുടെ ആവശ്യമില്ല. കുറ്റപത്രം നൽകുന്നതിന് മുമ്പ് സർക്കാരിനെ അറിയിച്ചാൽ മതി. ഈ പാത പിന്തുടരാനാണ് വിജിലൻസിന് ആഭ്യന്തരമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.