- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 'ഗതിശക്തി'; വർഷങ്ങളായി നിർമ്മാണ കമ്പനികൾ ഏറ്റെടുക്കാൻ മടിച്ച റോഡ് നിർമ്മാണം; പാതിവഴിയിൽ കരാറുകാരൻ ഉപേക്ഷിച്ചതും ഇനി മറക്കാം; 75 കിലോമീറ്റർ ദേശീയപാത 105 മണിക്കൂറിനുള്ളിൽ ടാറിങ് പൂർത്തിയാക്കി ലോകറിക്കാർഡ്; ഗഡ്ഗരിയുടെ ടീം ഖത്തറിനെ മറികടക്കുമ്പോൾ
മുംബൈ: ഈ വികസനമാണ് രാജ്യത്തിന് അനിവാര്യം. 75 കിലോമീറ്റർ ദേശീയപാത 105 മണിക്കൂറിനുള്ളിൽ ടാറിങ് പൂർത്തിയാക്കി ദേശീയ പാത അഥോറിറ്റി ലോക റെക്കോഡിട്ടു. മഹാരാഷ്ട്രയിൽ അമരാവതിയിലെ ലോണി ഗ്രാമം മുതൽ അകോളയിലെ മനഗ്രാമം വരെയുള്ള റോഡാണ് ഏകദേശം നാലരദിവസംകൊണ്ട് പൂർത്തിയാക്കിയത്. ദേശീയപാത 53-ന്റെ ഭാഗമാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുടെ പ്രചോദനമാണ് ഇതിനെല്ലാം പിന്നിൽ
കമ്പനികൾ തമ്മിലെ മത്സരമാണ് ഇതിനെല്ലാം കാരണം. പണം ഉണ്ടാക്കുന്നതിന് അപ്പുറം പണി വേഗത്തിലാക്കാനുള്ള തീരുമാനം. പുണെയിലെ രാജ്പത് ഇൻഫ്രാകോൺ എന്ന കമ്പനിയാണ് നിർമ്മാണം അതിവേഗം പൂർത്തിയാക്കി പുതിയ റിക്കോർഡ് ഇട്ടത്. സാംഗ്ലിക്കും സത്താരയ്ക്കുമിടയിൽ ഒരു റോഡ് 24 മണിക്കൂറിൽ പൂർത്തിയാക്കി രാജ്പത് ഇൻഫ്രാകോൺ നേരത്തേ റെക്കോഡിട്ടിരുന്നു. ഇതിനെ മറികടക്കാനായിരുന്നു ശ്രമം.
ജൂൺ മൂന്നിന് രാവിലെ 7.27-ന് തുടങ്ങിയ പണി ജൂൺ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെയാണ് പൂർത്തിയായത്. കൃത്യമായി പറഞ്ഞാൽ 105 മണിക്കൂർ 33 മിനിറ്റ്. 108 മണിക്കൂറിൽ പൂർത്തിയാക്കി റെക്കോഡ് ഇടാനായിരുന്നു ആലോചന. എന്നാൽ അതിനും രണ്ടര മണിക്കൂർ മുമ്പ് പദ്ധതി പൂർത്തിയാക്കാനായി. 800 ദേശീയ പാത അഥോറിറ്റി ജീവനക്കാരും 720 മറ്റ് തൊഴിലാളികളും രാപകൽ പണിയെടുത്തു. ആധുനിക സാങ്കേതിക വിദ്യയും നിരവധി യന്ത്രസാമഗ്രികളും എത്തിച്ചു.
242 മണിക്കൂർ (പത്ത് ദിവസം) കൊണ്ട് 25 കിലോ മീറ്റർ റോഡ് പണിതതാണ് നിലവിലുണ്ടായിരുന്ന റെക്കോഡ്. ഖത്തറിലെ പൊതുമരാമത്ത് അഥോറിറ്റിയായ 'അഷ്ഗുൽ' 2019 ഫെബ്രുവരി 27-ന് അൽ-ഖോർ എക്സ്‌പ്രസ് വേയിലാണ് ഈ റെക്കോഡിട്ടത്. ഇതാണ് ഇന്ത്യ മറികടക്കുന്നത്. ദേശീയ-ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ തലപ്പാവിൽ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. അപൂർവ്വമായ ഈ നേട്ടം കൈവരിക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച തൊഴിലാളികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു.
വർഷങ്ങളായി നിർമ്മാണ കമ്പനികൾ ഏറ്റെടുക്കാൻ മടിച്ച പാതയായിരുന്നു ഇത്. രണ്ട് കരാറുകാൽ നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാജ്പത് ഇൻഫ്രാകോൺ മുന്നോട്ടുവന്നത്. തുടർന്ന് ഗിന്നസ് റെക്കോർഡും കൈവരിക്കാനായി. നേരത്തെ സംഗ്ലി-സത്താര പാത 24 മണിക്കൂർ കൊണ്ട് നിർമ്മിച്ച് രാജ്പത് കമ്പനി ശ്രദ്ധേയമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച 'ഗതിശക്തി' എന്ന പദ്ധതിയുടെ ഭാഗമായാണ് അമരാവതി മുതൽ അകോല ദേശീയപാത വരെ നീളുന്ന റോഡ് നിർമ്മാണം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് റോഡ് രാജ്യത്തിന് സമർപ്പിക്കും. 247 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ഹൈവേകൾ കൂടി നിർമ്മിക്കുമെന്ന് ജൂൺ 3 ന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ചെലവ് കുറഞ്ഞ, വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതിക മാർഗങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും നിതിൻ ഗഡ്കരി മുൻപ് പറഞ്ഞിരുന്നു. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി 11 റോപ്വേ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ