മുംബൈ: രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂതുതൽ പേർ മരിക്കുന്നത് അപകടങ്ങളിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം മാത്രം റോഡപകടങ്ങളിൽ രാജ്യത്ത് മരിച്ചത് ഒന്നര ലക്ഷം പേരാണ്. ഏകദേശം അഞ്ച് ലക്ഷം പേർക്ക് പരിക്കേറ്റു. ഒദ്യോഗിക കണക്കുകളിൽ പെടാത്തത് വേറെയും.

കഴിഞ്ഞ വർഷത്തിൽ കേരളത്തിലെ റോഡുകളിൽ ഇല്ലാതായത് 4287 പേരാണ്. അങ്ങനെ രാജ്യത്ത് കഴിഞ്ഞ വർഷമുണ്ടായ റോഡ് അപകടങ്ങളുടെ എണ്ണത്തിൽ കേരളം അഞ്ചാമത്. അപകടമരണങ്ങൾ കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ നാലാമതാണ്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ പുറത്തിറക്കിയ 'ഇന്ത്യയിലെ റോഡ് അപകടങ്ങൾ2016' റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

കഴിഞ്ഞ വർഷം രാജ്യത്താകെ 4,80,652 അപകടങ്ങളിലായി 1,50,785 പേർ മരിക്കുകയും 4,94,624 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അപകടങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ചു 4.1% കുറഞ്ഞപ്പോൾ മരണസംഖ്യയിൽ 3.2% വർധനയുണ്ടായി. പരുക്കേറ്റവരുടെ എണ്ണത്തിൽ 1.1% കുറവുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അപകടം തമിഴ്‌നാട്ടിലാണ്.

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും, അശാസ്ത്രീയ നിർമ്മാണവും അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. കേരളത്തിലെ ജില്ലകളിലെ സ്ഥിരം അപകടമേഖലകളെ കുറിച്ചു പഠിച്ചു സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കു റിപ്പോർട്ട് നൽകാൻ എംപി, എംഎൽഎ, കലക്ടർ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ റോഡ് സുരക്ഷാ സമിതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകിയതായി ഗഡ്കരി അറിയിച്ചു.

കേരളത്തിൽ 2016 ൽ നടന്ന 39,420 റോഡ് അപകടങ്ങളിൽ 4287 പേർ മരിക്കുകയും 44,108 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 2015ൽ 39,014 അപകടങ്ങളിലായി 4196 പേർ മരിക്കുകയും 43735 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ റോഡ് അപകടങ്ങളിൽ 8.2% കേരളത്തിലാണ്. രാജ്യത്ത് 2016 ൽ ഏറ്റവുമധികം റോഡ് അപകടങ്ങളുണ്ടായ 50 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഏഴു നഗരങ്ങളുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ. മലപ്പുറം എന്നീ ജില്ലകളിലാണ് ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും നടന്നത്.

രാജ്യത്ത് ഏറ്റവുമധികം റോഡപകടങ്ങളുണ്ടായതു തമിഴ്‌നാട്ടിലും, മരണം യുപിയിലുമാണ്. ഏറ്റവുമധികം പേർക്കു പരുക്കേറ്റതും തമിഴ്‌നാട്ടിലായിരുന്നു (82,163 16.6%). മരിച്ചവരിൽ 68.6 % 1845 പ്രായത്തിലുള്ളവരാണ്. 18 വയസ്സിൽ താഴെ ഏഴു ശതമാനം. ഏറ്റവുമധികം റോഡ് അപകടങ്ങൾ നടന്ന നഗരങ്ങൾ ചെന്നൈ, ഡൽഹി, ബെംഗളൂരു, ഇൻഡോർ, കൊൽക്കത്ത, മുംബൈ എന്നിവയാണ്.

ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടങ്ങളിൽപെടുന്നത് (33.8%). കാർ, ജീപ്പ്, ടാക്‌സി വാഹനങ്ങൾ 23.6%, ട്രക്ക്, ടെംപോ, ടാക്‌സി വാഹനങ്ങൾ 21%, ബസുകൾ 7.8%, ഓട്ടോറിക്ഷകൾ 6.5%. മരിച്ചവരിൽ ഏറെയും ഇരുചക്രവാഹന യാത്രക്കാർ 34.8%. കാർ, ടാക്‌സി, വാൻ 17.9%, ട്രക്ക് 11.2%, കാൽനടക്കാർ 10.5%, ബസ് 6.6%, ഓട്ടോറിക്ഷ 4.7%, സൈക്കിൾ 1.7% എന്നിങ്ങനെയാണു മറ്റുവാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ കണക്ക്. ഇരുചക്രവാഹനാപകടങ്ങളിൽ 19.3 ശതമാനത്തിലും യാത്രക്കാർ ഹെൽമറ്റ് ധരിച്ചിരുന്നില്ല.

കൂടുതൽ അപകടങ്ങൾക്കും (84.0%) അപകടമരണങ്ങൾക്കും (80.3%) കാരണമാകുന്നതു ഡ്രൈവറുടെ പിഴവാണെങ്കിലും മൊബൈൽ ഒരു പ്രധാന വില്ലനായിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിച്ചതു കാരണം കഴിഞ്ഞ വർഷമുണ്ടായത് 4976 അപകടങ്ങൾ. ഇതിൽ 2138 പേർ മരിക്കുകയും 4746 പേർക്കു പരുക്കേൽക്കുകയും ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതു മൂലമുണ്ടായ വാഹനാപകടങ്ങൾ 3.7%, മരണം 5.1% എന്നിങ്ങനെയാണു കണക്ക്.