- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ മീറ്റിങ്ങിലും എന്നോട് പറയും അവരുടെ പ്രശ്നം ഇപ്പോ ശരിയാക്കാം സാറെ എന്ന്; പറച്ചിലല്ലാതെ പരിഹാരമൊന്നുമില്ലതാനും; നിങ്ങൾ പറ ഇവരെങ്ങിനെ ഈ വീട്ടിൽ കേറും; വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിർമ്മിച്ച ഉദ്യോഗസ്ഥരെ ശകാരിച്ച് എംഎൽഎ കെബി ഗണേശ് കുമാർ; പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും നിർദ്ദേശം
കൊല്ലം: വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിർമ്മിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാർ. പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് സൈഡിൽ താമസിക്കുന്നവർക്ക് വഴി സൗകര്യം ക്രമീകരിക്കാത്തതാണ് കെബി ഗണേശ്‌കുമാറിനെ ചൊടിപ്പിച്ചത്.
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വീടിനെക്കാൾ ഉയരത്തിൽ കരിങ്കൽ ഭിത്തികെട്ടിയതോടെയാണ് വഴിയടഞ്ഞത്. പത്തനാപുരം മുക്കടവിൽ താമസിക്കുന്ന നീതിഭവനിൽ ശ്രീകുമാരി ഒരുവർഷം മുമ്പ് ഇക്കാര്യം ചുണ്ടിക്കാട്ടി എംഎൽഎയ്ക്ക് പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എംഎൽഎ നിർദേശിച്ചു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് എംഎൽഎ റോഡിന്റെ നിർമ്മാണ ചുമതലയുള്ള കെഎസ്ടിപി ഉദ്യോഗസ്ഥരേയും കരാറുകാരേയും ശകാരിച്ചത്.
റോഡിൽനിന്ന് താത്കാലിക റാമ്പ് നിർമ്മിച്ചാണ് നിലവിൽ വീട്ടുകാർ വഴിയൊരുക്കിയിട്ടുള്ളത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് എം എൽ എ സ്ഥലം സന്ദർശിച്ചു.പലതവണ പരാതി പറഞ്ഞപ്പോഴും റോഡിൽനിന്ന് വീട്ടിലേക്ക് റാമ്പ് സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നും എന്നാൽ ഇതുവരെ ഇതൊന്നും നടന്നിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ഞാൻ നേരിട്ട് വിളിച്ച യോഗത്തിൽ പോലും ഉദ്യോഗസ്ഥർ പറഞ്ഞത് അവരുടെ പ്രശ്‌നം ഇപ്പൊ ശരിയാക്കാമെന്നാണ്.ഇത് പറയുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല.നിങ്ങൾ തന്നെ പറ ഇവർ എങ്ങിനെ വീട്ടിലേക്കു കയറുമെന്ന് എംഎൽഎ ഉദ്യോഗസ്ഥരോട് തന്നെ ചോദിച്ചു.
പരസ്പരം പഴിചാരാതെ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും വീട്ടുകാരുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നും എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി
മറുനാടന് മലയാളി ബ്യൂറോ