തിരുവനന്തപുരം: കുളിമാട്ടെ പാലം പൊളിഞ്ഞത് പൊതുമരാമത്ത് വകുപ്പിന് വലിയ ക്ഷീണമായി. ഇത് മന്ത്രി മുഹമ്മദ് റിയാസിനേയും ഉണർത്തി. എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് മനസ്സിലാക്കാൻ മന്ത്രി തീരുമാനിച്ചു. അങ്ങനെ കിഫ്ബി പദ്ധതികളുടെയും തിരുവനന്തപുരം സ്മാർട് റോഡ് പദ്ധതികളുടെയും ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി. കണ്ടത് ഞെട്ടിക്കുന്ന സത്യങ്ങളാണ്.

കേരളം വലിയ സാമ്പത്തിക ബാധ്യതയിലൂടെയാണ് കടന്നു പോകുന്നത്. ഇതിന്റെ ആഴം ഉദ്യോഗസ്ഥർക്കും അറിയാം. അതിനിടെയാണ് ചതിയൊരുക്കി ജോലി ചെയ്യാതെ പലരും ശമ്പളം വാങ്ങുന്നത്. ഇത് താങ്ങാനുള്ള ശക്തി കേരളത്തിനില്ല. എന്നാൽ സംഘടനാ കരുത്തിൽ ആരേയും കൂസാക്കാതെ പോകാമെന്ന് ജീവനക്കാർക്കും അറിയാം. അതിനാൽ റോഡ് ഫണ്ട് ബോർഡിലെ മന്ത്രിയുടെ മിന്നൽ പരിശോധനയേയും അവർ ഭയക്കുന്നില്ല. ആരും ഒന്നും ചെയ്യില്ലെന്നാണ് അവരുടെ പക്ഷം.

റോഡ് ഫണ്ട് ബോർഡിലെ കാഴ്ചകൾ മന്ത്രിയെ ഞെട്ടിച്ചിട്ടുണ്ട്. ഓഫീസിൽ പല സീറ്റിലും ആളില്ലെന്നും മൂവ്‌മെന്റ് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും മന്ത്രി കണ്ടെത്തി. ചിലർ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഓഫിസിലെത്താതെ വ്യക്തിപരമായ ആവശ്യങ്ങൾക്കു പോയതായും വ്യക്തമായി. ഹാജർ രജിസ്റ്ററെടുത്ത് പേരു വിളിച്ച് മന്ത്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അസാന്നിധ്യവും വിലയിരുത്തി. തീർത്തും അപ്രതീക്ഷിതമായിരുന്നു നീക്കം. എന്നാൽ ഈ സീറ്റുകളിൽ ഉള്ളവരെല്ലാം ഇടതു സഹയാത്രികരാണ്. ഇവരെ ഒന്നും ചെയ്യാൻ മന്ത്രിക്ക് ആകില്ലെന്ന വിലയിരുത്തലുമുണ്ട്.

ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവർ ഏറെയുണ്ടെന്ന സത്യമാണ് മന്ത്രി തിരിച്ചറിഞ്ഞത്. ജല അഥോറിറ്റിയുമായി ചേർന്നു സ്മാർട് റോഡ് പദ്ധതിയുടെ സൈറ്റ് സന്ദർശനത്തിലായതിനാലാണ് ചിലർ ഓഫിസിൽ ഇല്ലാത്തതെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചശേഷമല്ലേ സൈറ്റ് സന്ദർശനം നടത്തേണ്ടതെന്നും അതിന്റെ ആശയവിനിമയ രേഖകൾ എന്തെങ്കിലും കാണേണ്ടതല്ലേയെന്നും മന്ത്രി ചോദിച്ചു. അതിന് മറുപടി കൃത്യമായി ഉണ്ടായിരുന്നില്ല.

മന്ത്രി എത്തിയതിനുശേഷം ചില ഉദ്യോഗസ്ഥർ ഓടിപ്പിടിച്ച് ഓഫിസിലെത്തുകയും ചെയ്തു. താൻ വന്നുവെന്ന വിവരം ലഭിച്ചതുകൊണ്ട് എത്തിയതാണോ എന്ന് ഇവരോടു മന്ത്രി ചോദിച്ചു. ചമ്മലോടെയാണ് ഈ ചോദ്യത്തിന് പലരും മറുപടി നൽകിയത്. ഏതായാലും പൊതുമരാമത്ത് മന്ത്രി രണ്ടും കൽപ്പിച്ചാണ്. വരും ദിവസങ്ങളിലും ഇത്തരം മിന്നൽ സന്ദർശനങ്ങൾ പല ഓഫീസിലും നടക്കും. നടപടികൾ ഉണ്ടാകുമെന്ന് കാര്യത്തിൽ വ്യക്തതയുമില്ല. യൂണിയനുകളെ പിണക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.

സിഇഒയുടെയും പ്രോജക്ട് എൻജിനീയറുടെയും കസേരകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിഇഒ എത്തിയിട്ടില്ലെന്നും പ്രോജക്ട് എൻജിനീയർ രാജിവച്ചതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ, ഫിനാൻസ് ഓഫിസർ ഉൾപ്പെടെയുള്ള സുപ്രധാന തസ്തികകളിൽ ആളില്ലെന്നതും ഉദ്യോഗസ്ഥർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സാഹചര്യത്തിന്റെ ഗൗരവം മന്ത്രിക്കും മനസ്സിലായി. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യാനാണ് റിയാസിന്റെ തീരുമാനം.

10 ദിവസം തുടർച്ചയായി ജോലിക്കെത്താത്ത ഉദ്യോഗസ്ഥയുണ്ടെന്നു കണ്ടെത്തി. ഇവർ വർക്ക് ഫ്രം ഹോമിന് അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റുള്ളവരുടെ വിശദീകരണം. ചില ഉദ്യോഗസ്ഥർ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പിന്നീടു മന്ത്രി പറഞ്ഞു.