ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളെ ടോളിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. ബസ്സുകളെയും ചരക്കുവാഹനങ്ങളല്ലാത്തവയെയും ടോളുകളിൽനിന്ന് ഒഴിവാക്കാനാണ് നിതിൻ ഗഡ്കരിയുടെ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ആലോചിക്കുന്നത്. ടോളുകളിൽനിന്ന് സ്വകാര്യവാഹനങ്ങളെ ഒഴിവാക്കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം മറ്റു രീതിയിൽ തിരിച്ചുപിടിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

ഇതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ വിലയിൽ ഒരു രൂപ കൂടി സെസ് ഇനിമുതൽ ഈടാക്കും. നിലവിൽ രണ്ടു രൂപയാണ് സെസ്. സ്വകാര്യ വാഹനങ്ങൾ പുതിയതായി വാങ്ങുമ്പോൾ, വിലയുടെ രണ്ടുശതമാനം തുക ഒറ്റത്തവണ ഫീസായി അടയ്ക്കണം. നിലവിലുള്ള വാഹന ഉടമകളിൽനിന്ന് ഒറ്റത്തവണ വിഹിതമായി 1000 രൂപ വീതവും ഈടാക്കും. ടോൾ ഉപേക്ഷിക്കുന്നതിലൂടെ ഖജനാവിന് വരുന്ന 27000 കോടി രൂപയുടെ വാർഷിക നഷ്ടം ഈ വിധത്തിൽ പരിഹരിക്കാമെന്നും സർക്കാർ ലക്ഷ്യമിടുന്നു.

നഷ്ടം പരിഹരിക്കുകയല്ല, സർക്കാർ ഖജനാവിന് കോടികളുടെ വരുമാനമുണ്ടാക്കുന്നതാണ് പുതിയ നിർദ്ദേശങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാമന്ത്രിയുടെ പരിഗണനയിലാണ് ഈ നിർദ്ദേശങ്ങൾ. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ, 2014-15 കാലയളവിൽത്തന്നെ 32,609 കോടി രൂപ സർക്കാരിന് ലഭിക്കുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു. എല്ലാ വാഹനങ്ങളിൽനിന്നും ടോൾ ഈടാക്കുകയും ഇന്ധനത്തിന് രണ്ടുരൂപ സെസ് ഈടാക്കുകയും ചെയ്താൽ ലഭിക്കുന്നത് 26,290 കോടി രൂപ മാത്രമാണ്.

2014 മുതൽ 2019 വരെയുള്ള കാലയളവിൽ, ടോൾ പിരിക്കുകയും രണ്ടു രൂപ സെസ് ഈടാക്കുകയും ചെയ്താൽ ഖജനാവിലേക്കെത്തുക 172,887 കോടി രൂപയാണ്. എന്നാൽ, മന്ത്രാലയം സമർപ്പിച്ച മൂന്നിന പരിപാടികൾ നടപ്പാക്കിയാൽ ഖജനാവിൽ 209,341 കോടി രൂപയെത്തും. ഇന്ത്യയിലാകെ 15.94 കോടി വാഹനങ്ങൾ രജിസ്ട്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 48 ശതമാനം സ്വകാര്യവാഹനങ്ങളാണ്.

കുണ്ടും കുഴിയുമായി കിടക്കുന്ന ദേശീയ പാതകളിൽ ടോൾ പിരിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾക്ക്വഴിവച്ചിട്ടുണ്ട്. ടോളിൽനിന്ന് സ്വകാര്യവാഹനങ്ങൾ ഒഴിവാക്കുന്നതോടെ ഇത്തരം സംഘർഷങ്ങൾക്കും അയവുവരുമെന്ന് മന്ത്രാലയം കരുതുന്നു. പലേടത്തും ടോൾ പ്ലാസകൾ വലിയ ഗതാഗത കുരുക്കുകൾക്കും കാരണമാകുന്നു. ഡൽഹി-ഗുഡ്ഗാവ് പാതയിലെ ടോൾ പ്ലാസ പ്രതിഷേധങ്ങളെയും ഗതാഗത കുരുക്കിനെയും തുടർന്ന് അടച്ചിട്ടിരുന്നു.