- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ കുഴിയടക്കൽ വെറും കണ്ണിൽ പൊടിയിടൽ നാടകം; പലയിടത്തും അടച്ച കുഴികൾ വീണ്ടും തകർന്നു; നെടുമ്പാശേരിയിൽ മാഞ്ഞാലി സ്വദേശി ഹാഷിം അപകടത്തിൽ മരിച്ച കുഴി രണ്ട് വട്ടം അടച്ചു; റോഡ് റോളർ ഉപയോഗിക്കാതെ ഇടിമുട്ടി ഉപയോഗിച്ച് ടാർ മിശ്രിതം ഇടിച്ച് ഉറപ്പിച്ചതിനാൽ കുഴി വീണ്ടും പഴയപടിയിൽ
കൊച്ചി: സംസ്ഥാനത്തെ വലിയ ചർച്ചയായിരിക്കയാണ് റോഡിലെ കുഴികൾ. ഹൈക്കോടതി നിർദ്ദേശിച്ചതോടെ റോഡിലെ കുഴിയടക്കൽ പുരോഗമിക്കുമ്പോഴും അതുകൊണ്ടും യാതൊരു ഗുണവും ഇല്ലാത്ത അവസ്ഥയിലാണ്. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ നടന്നതു കുഴിയടയ്ക്കൽ വെറും നാടകമാണെന്ന പരാതിയും ഉയരുന്നുണ്ട്. പലയിടത്തും അടച്ച കുഴികൾ വീണ്ടും തകർന്നു. മീഡിയനോടു ചേർന്ന് ദേശീയപാതയിൽ ചെറിയ ധാരാളം കുഴികൾ അടയ്ക്കാൻ ബാക്കിയാണ്.
നെടുമ്പാശേരിയിൽ മാഞ്ഞാലി സ്വദേശി ഹാഷിം അപകടത്തിൽ മരിച്ച കുഴി ഇതിനകം രണ്ടുവട്ടമാണ് അടച്ചത്. റോഡ് റോളർ ഉപയോഗിച്ചല്ല പലയിടത്തെയും ടാറിങ്. ഇടിമുട്ടി ഉപയോഗിച്ച് ടാർ മിശ്രിതം ഇടിച്ച് ഉറപ്പിക്കുകയാണ്. കുഴിയടയ്ക്കുമ്പോൾ ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥരോ കരാർ കമ്പനി ഉദ്യോഗസ്ഥരോ പലയിടത്തും ഉണ്ടായില്ല. കറുകുറ്റി ജംക്ഷൻ കഴിഞ്ഞുള്ള ഭാഗത്തെ ടാറിങ് വെറും ചടങ്ങായി നടത്തിയതിനാൽ വീണ്ടും ടാറിങ് നടത്തേണ്ടി വരും.
കരയാംപറമ്പ് സിഗ്നൽ ജംക്ഷനിൽ ആഴമുള്ള കുഴികൾ കഴിഞ്ഞ മാസം അടച്ചിരുന്നുവെങ്കിലും വീണ്ടും കുഴിയായി. എളവൂർ കവലയിലെയും കറുകുറ്റി ജംക്ഷനും പഴയ ചെക്‌പോസ്റ്റിനും ഇടയിലുള്ള ഭാഗത്തെയും നികത്തിയ കുഴികളും പഴയ പോലെയായി. ദേശീയപാതയിൽ വരാപ്പുഴ പാലത്തിലെ കുഴികൾ ഇന്നലെ അടച്ചെങ്കിലും റോളർ ഉപയോഗിച്ച് ഉറപ്പിച്ചില്ല. ടാറും മെറ്റലും ചേർന്ന മിശ്രിതം വെറുതേയിട്ട് ഇടിക്കുകയായിരുന്നു. പാലം കഴിഞ്ഞു പറവൂർ ഭാഗത്തേക്കുള്ള റോഡിലെ ചെറുകുഴികളൊന്നും മൂടിയിട്ടില്ല. വൈറ്റിലയിൽ കോർപറേഷൻ ഓഫിസിനു മുന്നിലുള്ള 2 വലിയ കുഴികൾ അതേപടി കിടക്കുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡുകളിൽ പലയിടത്തും നടന്ന കുഴിയടയ്ക്കലും പ്രഹസനമായി.
കളമശേരി എച്ച്എംടി ജംക്ഷനിൽ കുഴിയടയ്ക്കാൻ ചാക്കിൽ നിറച്ച മിശ്രിതവുമായെത്തിയ തൊഴിലാളികൾക്ക് ചൂലും മൺവെട്ടിയും മാത്രമായിരുന്നു ആയുധം. കുഴികളിലെ പൊടി ചൂലുകൊണ്ടു നീക്കി. ചാക്കുകൾ പൊട്ടിച്ചു ടാർ മിശ്രിതമിട്ടു. കുറ്റിച്ചൂലുകൊണ്ട് നിരത്തി. മൺവെട്ടികൊണ്ട് ഇടിച്ചൊതുക്കി. മുകളിൽ ചരലും വിതറി. കണ്ടെയ്‌നർ റോഡിന്റെ തുടക്കത്തിലെ കുഴി ഇപ്രകാരം മൂടി മുകളിൽ കടലാസ് വിരിച്ചാണു പണിക്കാർ സ്ഥലംവിട്ടത്.
കഴിഞ്ഞ ഞായറാഴ്ച 2 പെൺകുട്ടികൾ വീണു ഗുരുതരമായി പരുക്കേറ്റ കരിയാട് മറ്റൂർ റോഡിലെ കുഴികളടയ്ക്കാനും ഉപയോഗിച്ചത് തൂമ്പയും മിനി ലോറിയുമാണ്. മിനി ലോറിയിൽ കൊണ്ടുവന്ന ടാർ മിശ്രിതം തൂമ്പ കൊണ്ട് കുഴിയിലേക്കു വാരിയിട്ട ശേഷം മിനി ലോറി നാലഞ്ചു പ്രാവശ്യം കയറ്റിയിറക്കി.
തൃശൂർ ജില്ലയിൽ നാലുവരി ദേശീയപാതയിൽ ചാലക്കുടി മേഖലയിലെ ഒരു വശത്തെ കുഴികളും കൊരട്ടി ജംക്ഷനിലെ കുഴികളും പുതുക്കാട് മുതൽ നെല്ലായി വരെയുള്ള ഇരുഭാഗത്തെയും കുഴികളുമാണു ചൊവ്വാഴ്ച അടച്ചത്. ഇവ തകർന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ