കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിൽ വീണ്ടും മോഷണം. യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോകുന്നത് തടയാൻ അധികൃതർ ഒട്ടനവധി ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇതൊന്നും ഫലം കണ്ടില്ലെന്നതിന് തെളിവാണ് വീണ്ടും നടന്ന മോഷണം.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി കോഴിക്കോട്ടെത്തിയ നാലുയാത്രക്കാർക്കാണ് സാധനങ്ങളും പണവും നഷ്ടമായി. ഇതോടെ മോഷണ മാഫിയ സജീവമാണെന്ന് വ്യക്തമാവുകയാണ്. എയർ ഇന്ത്യയെ തിരഞ്ഞുപിടിച്ച് മോഷണം നടത്തിയിരുന്ന മോഷ്ടാക്കൾ മറ്റ് വിമാനകമ്പനികളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇത്തവണ മോഷണത്തിനിരയായവരിൽ രണ്ടുപേർ സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയവരാണ്. മുംബൈയിൽനിന്ന് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രക്കാരനും പണം നഷ്ടമായി.

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ.എക്സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐ.ഫോണാണ് മോഷണം പോയത്. ബാഗേജിന്റെ സിബ്ബ് പൊളിച്ചാണ് ഐ. ഫോൺ മോഷ്ടിച്ചിരിക്കുന്നത്. സ്പൈസ് ജറ്റിന്റെ ദുബായ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകളാണ് കീറിയ നിലയിൽ കണ്ടെത്തിയത്. നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിനിടെയാണ് എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടെത്തിയ മുംബൈ യാത്രക്കാരന്റെ ബാഗേജിൽ സൂക്ഷിച്ച പണം കാണാതായത്. ട്രോളി ബാഗിന്റെ അറയിൽ സൂക്ഷിച്ച 2000 രൂപയാണ് നഷ്ടമായത്.

ദുബായിൽനിന്നാണ് സാധനങ്ങൾ കാണാതാവുന്നതെന്ന് വാദമാണ് ഇതോടെ പൊളിയുന്നത്. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും തെളിവ് ലഭിക്കുന്നുമില്ല. ഇതോടെ കരിപ്പൂരിലെ വമ്പൻ മാഫിയ തന്നെ മോഷണത്തിനായി രംഗത്തുണ്ടെന്നാണ് വ്യക്തമാക്കുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജിലെ മോഷണത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണെന്ന് സൂചനയാണ് പൊലീസ് പങ്കുവയ്ക്കുന്നത്. ബാഗേജുകളിൽ കണ്ട ചില അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിന്റെ അനുയായികളാണെന്ന് സംശയം ബലപ്പെട്ടിരിക്കുന്നത്.

ദുബായ് വിമാനത്താവളത്തിലെ എക്സറെ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരും കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട്സ്റ്റാഫും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ അധികൃതർ അന്വേഷിക്കുന്നത്. എക്സറെ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ഇതിൽ എന്താണുള്ളതെന്ന് അറിയുവാൻ സാധിക്കും. ഇത്തരത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ പെട്ടിയിൽ പ്രത്യേക അടയാളം ഇടുകയും ചെയ്യും നാട്ടിൽ എത്തുമ്പോൾ അടയാളമിട്ട ബാഗേജുകൾ മാറ്റിവയ്ക്കുകയും സംഘാംഗങ്ങൾ ബാഗേജുകൾ തുറന്ന് കൈക്കലാക്കുകയും ചെയ്യും. ഇതിനായി ബാഗുകളിലെ താഴുകൾ പൊട്ടിക്കുവാൻ വരെ തയ്യാറാകുന്നുവെന്നാണ് പരാതി വന്നിട്ടുള്ളത്. ഇത് ശരിവയ്ക്കുന്നതാണ് പുതിയ മോഷണങ്ങളും.

നിരവധി തവണ യാത്രക്കാരിൽനിന്ന് പരാതികൾ ലഭിച്ചിട്ടും ഉണർന്നു പ്രവർത്തിക്കാൻ എയർ ഇന്ത്യ അധികൃതർ തയ്യാറാവാതിരുന്നതാണ് യാത്രക്കാർ വ്യാപകമായി മോഷണത്തിന് ഇരയാവാൻ കാരണമെന്ന വിലയിരുത്തലും സജീവമാണ്. രണ്ടു വർഷത്തിനിടെ 67 പരാതികളാണ് ബാഗേജ് മോഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചത്. എന്നാൽ ഇവയിൽ ശരിയായ അന്വേഷണം നടത്താനോ മറ്റ് ഏജൻസികളുടെ സഹായം തേടാനോ എയർ ഇന്ത്യക്കായില്ല. കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവളത്തിൽ ആറ് യാത്രക്കാരുടെ സാധങ്ങൾ നഷ്ടമായപ്പോൾ അന്വേഷണം നടത്തുമെന്നും ദുബായ് വിമാനത്താവള അധികൃതരുടെയും ദുബായ് പൊലീസിന്റെയും സഹായം തേടുമെന്നും പ്രഖ്യാപിച്ച എയർ ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തിയിട്ടില്ല.

സ്വന്തം ജീവനക്കാർക്കെതിരെ നടപടി വരാനുള്ള സാധ്യതയാണ് എയർ ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. വിമാനത്താവളത്തിലെ വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ദുബായ് അധികൃതർക്ക് ഇനിയും എയർ ഇന്ത്യ പരാതി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്.