കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പൊലീസ് അന്വേഷിച്ചുവരികയായിരുന്ന മൊബൈൽ കവർച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. തലശ്ശേരി ചക്കും കുനിയിൽ റെനീഷ് (34വയസ്സ്), പയ്യന്നൂർ കാമ്പുറത്ത് സുമേഷ് (38 വയസ്സ്) കാസർഗോഡ് പുത്തൻപുരയിൽ രാജേഷ് (35 വയസ്സ്) വെള്ളയിൽ തൊടിയിൽ അമൃതേഷ് (29 വയസ്സ്) കൽപ്പറ്റ ജാൻ വർഗ്ഗീസ് കോളനിയിൽ ബാബു (37 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.

കസബ ഇൻസ്പെക്ടർ ഷാജഹാനും കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി കോട്ടയത്തുനിന്നും വന്ന് വീട്ടിലേക്കുള്ള ബസ്സിനായി കെ.എസ്.ആർ.ടിസി ബസ്സ് സ്റ്റാന്റിൽ കാത്തു നിൽക്കുകയായിരുന്ന വ്യക്തിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലാണ് സംഘം ഇപ്പോൾ അറസ്റ്റിലായത്.

ബസ്റ്റാന്റിൽ വെച്ച് പരിചയം നടിച്ച് ഈ വ്യക്തിയുടെ അടുത്തെത്തി തടഞ്ഞു നിർത്തി പേഴ്സും മൊബൈൽ ഫോണും പിടിച്ചുപറിച്ചു കൊണ്ടു ഓടി പോവുകയായിരുന്നു. സംഭവം അറിഞ്ഞ് കസബ പൊലീസ് പട്രോളിങ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം പിടിച്ചുപറിച്ച മൊബൈൽ ഫോൺ ആളൊഴിഞ്ഞ സമയം നോക്കി ഗൾഫ് ബസാറിൽ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ കടയുടമ സമീപത്ത് ഉണ്ടായിരുന്ന ആളുകളെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിനെ അറിയിക്കുകയും കവർച്ച നടത്തിയ മൊബൈൽ ഫോൺ സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,എം. ഷാലു, ശ്രീജിത്ത് എന്നിവരെ കൂടാതെ കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ശ്രീജേഷ്,സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.