മലപ്പുറം: സുഹൃത്തിനൊപ്പം ചേർന്ന് സ്വന്തം സഹോദരിയുടെ വീട്ടിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. എടവണ്ണ ശാന്തിനഗർ കുറുപറമ്മേൽ റാഷിദ്, സുഹൃത്ത് കളരിക്കൽ രോഹിത് എന്നിവരാണ് പൊലീസ് വലയിലായത്. റാഷിദിന്റെ സഹോദരി കുറുപ്പറമേൽ ഷമീറയുടെ വീട്ടിൽ ശനിയാഴ്ചയാണ് മോഷണം നടന്നത്.

സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 14,000 രൂപയുമാണ് മോഷ്ടിച്ചത്. ഷമീറയും മാതാവും കുട്ടികളും ഈ വീട്ടിൽ താമസിക്കുന്നത്. സംഭവദിവസം ഷമീറ ജോലിക്ക് പോയിരുന്നു. സഹോദരന്റെ കുട്ടിയെ കാണാനെന്ന വ്യാജേന റാഷിദ് അമ്മയെ വീട്ടിൽനിന്ന്മാറ്റി. അതിനു ശേഷമാണ് മോഷണം നടത്തിയത്.

സഹോദരന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ഷമീറയുടെ മാതാവാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചത്. റീഷിദ് തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്വർണവും പണവും വീട്ടിൽ തന്നെയാണോ വയ്ക്കുന്നതെന്ന് റാഷിദ് നേരത്തെ ചോദിച്ചിരുന്നതായി ഷമീറ മൊഴി നൽകിയിരുന്നു. ഇതിൽ സംശയം തോന്നി റാഷിദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം പുറത്തറിയുന്നത്.

റാഷിദിന്റെയും സുഹൃത്തിന്റെയും മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. മോഷണ ശേഷം രോഹിതിന് 250 രൂപ നൽകിയ റാഷിദ് ബാക്കി പിന്നീട് പങ്കിട്ടെടുക്കാമെന്ന് പറഞ്ഞ് രോഹിത്തിൽ നിന്ന് മോഷണ മുതൽ കൈക്കലാക്കുകയായിരുന്നു. ഇത് വണ്ടൂർ പുല്ലുപറമ്പിലെ വാടക വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു.

നേരത്തെയും മോഷണ കേസിൽ റാഷിദ് അറസ്റ്റിലായിട്ടുണ്ട. വണ്ടൂർ എസ്‌ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.