- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യവും മുറുക്കാനും വച്ച് പൂജ നടത്തി; പിന്നാലെ പത്താനാപുരത്തെ സ്വകാര്യബാങ്കിൽ നിന്ന് കവർന്നത് 30 ലക്ഷത്തിന്റെ സ്വർണ്ണവും 4 ലക്ഷം രൂപയും; താൻ അപകടകാരിയാണെന്നും തന്നെ പിന്തുടരുതെന്നും ഇംഗ്ലീഷിൽ പൊലീസിന് പോസ്റ്ററും പതിച്ച് കള്ളൻ;ബാങ്കുടമയുടെ പരാതിയിൽ കള്ളനെത്തേടി പൊലീസും
പത്തനാപുരം: പത്തനാപുരത്തു സ്വകാര്യ ബാങ്കിൽ കവർച്ച.ലാക്കർ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വർണവും 4 ലക്ഷം രൂപയും അപഹരിച്ചു. ജനതാ ജംക്ഷനിലെ പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിലാണു സംഭവം. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 100 പവനോളം സ്വർണവും 4 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു ബാങ്ക് ഉടമ രാമചന്ദ്രൻ നായർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മോഷണത്തിന് മുന്നെ കള്ളൻ ചെയ്ത ചില കാര്യങ്ങളാണ് പൊലീസിനെ കേസിൽ കൂടുതൽ ആകർഷിക്കുന്നത്.മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി ശേഷമാണ് ബാങ്കിലെ വൻകവർച്ച.ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം. നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്ക. പൂജ ചെയ്തതിന്റെ ലക്ഷണങ്ങൾ വ്യക്തം. മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു. ഡോഗ് സ്‌ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണു മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നു പൊലീസ് അനുമാനിക്കുന്നു.
മാത്രമല്ല ബാങ്കിൽ പൊലീസിനായി ഇംഗ്ലീഷിലെഴുതിയ കുറിപ്പും പതിച്ചിട്ടുണ്ട്.അതിലെ വാചകം ഇങ്ങനെ.. 'ഞാൻ അപകടകാരി, പിന്തുടരരുത്'എന്നാണ് പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.പൊലീസിനും മുന്നറിയിപ്പ് എന്ന രീതിയിൽ എഴുതിയ ഈ പോസ്റ്റർ പൊലീസ് ഗൗനിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി എഴുതി വച്ചതാണെന്ന നിഗമനത്തിലാണ്.
സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നത്: ശനി ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണു മോഷണവിവരം ആദ്യം അറിയുന്നത്. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കൾ ബാങ്കിന്റെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ പൊളിച്ച്, കതക് കുത്തിത്തുറന്ന് അകത്തു കയറിയതെന്നാണു നിഗമനം.
ലോക്കറിന്റെ പൂട്ട് കട്ടർ ഉപയോഗിച്ചു മുറിച്ചുനീക്കിയ ശേഷം ഉള്ളിലൂടെ കയ്യിട്ട് ലോക്ക് തുറന്നു സ്വർണം മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു. പുനലൂർ ഡിവൈഎസ്‌പി ബി.വിനോദ്, പത്തനാപുരം എസ്‌ഐ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു.
മറുനാടന് മലയാളി ബ്യൂറോ