മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ കരുത്തു തെളിയിച്ചു പഴയ പടക്കുതിരകളായ റോജർ ഫെഡററുടെയും സെറീന വില്യംസിന്റെയും മുന്നേറ്റം. ഇരുവരും സെമി ഫൈനലിൽ പ്രവേശിച്ചു.

ഒന്നാം റാങ്കുകാരൻ ആൻഡി മുറെയെ പരാജയപ്പെടുത്തി എത്തിയ മിഷ സ്വരേവിനെ തകർത്താണു ഫെഡറർ അവസാന നാലിൽ ഇടംനേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്‌കോർ: 6-1, 7-5, 6-2.

സെമിയിൽ വാവ്‌റിങ്കയാണു ഫെഡററുടെ എതിരാളി. ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോംഗയെ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വാവ്‌റിങ്കയുടേയും വിജയം. സ്‌കോർ: 7-6 (7-2), 6-4, 6-2. 

ക്വാർട്ടറിൽ ലോക 27 ാം റാങ്കുകാരി അനസ്താസിയ പാവ്‌ലചെങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് 36കാരിയായ വീനസ് അവസാന നാലിൽ സ്ഥാനം പിടിച്ചത്. സ്‌കോർ 6-4, 7-6.

2003 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തിയതായിരുന്നു വീനസിന്റെ ഇതിന് മുൻപുള്ള മികച്ച പ്രകടനം. അന്ന് സഹോദരി സെറീന വില്യംസിനോട് കലാശപ്പോരാട്ടത്തിൽ വീനസ് തോൽവി സമ്മതിച്ചു. സ്‌പെയിന്റെ യുവതാരം ഗാർബിൻ മുഗുറുസയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് എത്തിയ കോകോ വെൻഡെവെഗെയാണ് സെമിയിൽ വീനസിന്റെ എതിരാളി. മുഗുറുസയെ 6-4, 6-0 എന്ന സ്‌കോറിനാണ് വെൻഡെവെഗെ തകർത്തത്.