മെൽബൺ: ടെന്നീസ് കോർട്ടിൽ പോരാട്ടത്തിന്റെ പ്രതീകം താൻ തന്നെയാണെന്ന് തെളിയിച്ച് റോജർ ഫെഡറർ. ഇതിഹാസ താരങ്ങൾ നേർക്കുനേർ പോരാടിയ ഓസ്‌ട്രോലിയൻ ഓപ്പണിൽ അന്തിമ വിജയം ഫെഡറർക്കൊപ്പം. ശക്തമായ മത്സരത്തിന് ഒടുവിൽ ഫെഡറർ സ്പാനിഷ് താരം റാഫേൽ നദാലിനെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫെഡറർ സ്പാനിഷ് താരം നഡാലിനെ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഫെഡറർ നദാലിനെ തോൽപിച്ചത്. സ്‌കോർ: 6-4, 3-6, 6-1, 3-6, 6-3.

മുപ്പത്തഞ്ചാം വയസ്സിൽ പതിനെട്ടാം ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ ഫെഡറർ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോഡ് അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. കരിയറിലെ 89ാം കിരീട നേട്ടവും.

6-4ന് ആദ്യ സെറ്റ് സ്വന്തമാക്കി ഫൈനലിൽ ആദ്യം ലീഡ് സ്വന്തമാക്കിയത് ഫെഡറർ തന്നെയാണ്. എന്നാൽ 6-3ന് രണ്ടാം സെറ്റ് നേടി റാഫ തിരിച്ചെത്തി. തൊട്ടടുത്ത സെറ്റിൽ 6-1ന് ഫെഡറർ നഡാലിനെ നിഷ്പ്രഭനാക്കിയെങ്കിലും നാലാം സെറ്റിൽ ഫെഡറർ മൂന്ന് പോയിന്റ് നേടുമ്പോഴേക്കും ആറു പോയിന്റിലെത്തി നഡാൽ വീണ്ടും സമനില പിടിച്ചു.

നിർണായകമായ അവസാന സെറ്റിൽ ആദ്യ രണ്ടു പോയിന്റുകൾ നഡാൽ സ്വന്തമാക്കിയതോടെ മത്സരം സ്പാനിഷ് താരത്തിന്റെ വഴിക്കെന്ന് തോന്നിച്ചു. എന്നാൽ സമ്മർദ്ദത്തിൽ കൂടുതൽ കരുത്താർജിച്ച റോജർ 6-4ന് സെറ്റും മത്സരവും കൈപ്പിടിയിലൊതുക്കി.

ഫെഡററുടെ അവസാന ഗ്രാൻസ്ലാം നേട്ടം 2012 ൽ ആയിരുന്നു. അന്ന് വിംബിൾഡൺ വിജയി ആയിരുന്നു ഫെഡ്. ഇതോടെ രണ്ട് വർഷത്തിനിപ്പുറം ഗ്ലാൻസ്ലാം കിരീടം സ്വന്തമാക്കാമെന്ന റാഫേലിന്റെ പ്രതീക്ഷയാണ് തകർന്നടിഞ്ഞത്.