റിയാദ്: ഒടുവിൽ ലോകത്തിന്റെ പ്രതിഷേധം ഫലം കണ്ടു. അഭയാർഥികളായി വിവിധ രാജ്യങ്ങളിൽ കഴിയുന്ന റോഹിങ്യൻ മുസ്ലിങ്ങൾക്ക് അഭയം നൽകുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. 10 ലക്ഷം അഭയാർഥികൾക്ക് താമസാനുമതിരേഖയായ ഇഖാമ നൽകാൻ സന്നദ്ധമാണെന്നും അറിയിച്ചു. ഇത് ഇന്ത്യയ്ക്കും ആശ്വാസമാണ്. സൗദി രാജാവിന്റെ ഇടപെടലാണ് ഈ തീരുമാനത്തിന് കാരണം.

നിലവിൽ 1.7 ലക്ഷം മ്യാന്മാർ പൗരന്മാർക്ക് സൗദി അറേബ്യ റെസിഡന്റ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ, വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, ജോലിചെയ്യുന്നതിന് വർക്ക്പെർമിറ്റ് എന്നിവ ലഭ്യമാണ്. സൗദിയിൽ അഭയാർഥിക്യാമ്പുകളില്ല. ഇവരെ അഭയാർഥികളായല്ല പരിഗണിക്കുന്നതെന്നും ജോലിചെയ്യാനും മാന്യമായി ജീവിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.

മറ്റു രാജ്യങ്ങൾ അഭയാർഥികളായി പരിഗണിക്കുമ്പോൾ സൗദി അറേബ്യ മുഴുവൻ അവകാശങ്ങളും നൽകി അവരെ ആദരിക്കുകയാണ് ചെയ്യുന്നത്. 1.25 ലക്ഷം മ്യാന്മാർ വിദ്യാർത്ഥികൾ സൗദിയിൽ പഠനം നടത്തുന്നുണ്ട്. 1950-ൽ മ്യാന്മാറിൽനിന്ന് സൗദിയിലേക്ക് കുടിയേറിയവരിലേറെയും പൗരത്വംനേടി.

50,000 റോഹിങ്യകൾ പൗരത്വംനേടി സൗദി അറേബ്യയിൽ കഴിയുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്യൻ മുസ്ലിങ്ങൾക്ക് സൗദിഅറേബ്യ അഞ്ചുകോടി ഡോളർ സഹായം എത്തിച്ചിരുന്നു.