ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കുകയാണ് ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. അതിന് വേണ്ടി അവർ നിരപരാധികളുടെ ചോരകുടിക്കാൻ ഒരു മടിയും കാണിക്കുന്നില്ല. തെരുവിൽ വച്ച് ജനക്കൂട്ടം നോക്കി നിൽക്കെ തല അറക്കാൻ ഒരു മടിയുമില്ല. സിറിയയിൽ ആണെങ്കിലും ഇറാഖിൽ ആണെങ്കിലും നൈജീരിയയിൽ ആണെങ്കിലും അവരുടെ പെരുമാറ്റത്തിന്

സമാനതയാണ്. എന്നാൽ നിരപരാധികളും നിരാലംബരുമായ മുസ്ലീമുകൾ ഒരു സ്വന്തം വിശ്വാസത്തിന്റെ പേരിൽ ഒരു നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെടുകയും കൊല്ലാക്കൊല ചെയ്യപ്പെടുകയും ചെയ്യുമ്പോൾ അവർ തിരിഞ്ഞ് നോക്കുന്നുപോലുമില്ല. ജീവൻ കാക്കാൻ വേണ്ടി മാതൃ രാജ്യം വിട്ട് കടലിൽ അഭയം പ്രഖ്യാപിക്കുമ്പോൾ ഇസ്ലാമിക രാജ്യങ്ങൾ പോലും അവരെ കൈയോഴിയുകയാണ്.

ഒരു പക്ഷേ ബർമയിൽ മുസ്ലീമുകൾ അനുഭവിക്കുന്ന യാതനയ്ക്ക് സമാനമായി ഇപ്പോൾ മനുഷ്യ വംശത്തിൽ ഒരിടത്തും ഉണ്ടാവില്ല. ജീവൻ കൈപ്പിടിയിൽ ഒതുക്കി കപ്പൽ കയറുന്ന അവർ യാതനകൾ താണ്ടി ഒരു രാജ്യത്ത് ചെല്ലുമ്പോൾ അവിടെ നിന്നും ആട്ടിയോടിക്കപ്പെടുന്നു. പുറം കടലിൽ അകറ്റി നിർത്തപ്പെട്ട സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം അടുത്ത രാജ്യം തേടി പോകുന്നതിനിടയിൽ ഭക്ഷണവും വെള്ളവും വരെ തീർന്നു പോകുന്നു.

ഇക്കൂട്ടത്തിൽ പെട്ട 800 അഭയാർത്ഥികൾ വെള്ളിയാഴ്ച ഇന്തോനേഷ്യയിൽ എത്തിയിരുന്നു. കള്ളക്കടത്തുകാരുടെ ബോട്ടുകളിൽ ഭക്ഷണത്തിനായി കൈ നീട്ടിയതും രാജ്യങ്ങളോരോന്നായി തങ്ങളെ തിരസ്‌കരിച്ചതുമായ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണവർ പങ്ക് വച്ചത്. മറ്റൊരു സംഘം അഭയാർത്ഥികളുമായി ഒരു ബോട്ട് ഇന്നലെ ഇവിടെയെത്തിയിരുന്നു. ആദ്യം സംഘം എത്തിയത് തായ്‌ലാൻഡ് നേവിയുടെ ബോട്ടിലും രണ്ടാമത്തെ സംഘം എത്തിയത് മലേഷ്യൻ കപ്പലിലുമാണ്.

25,000 റോഹിൻഗ്യ, ബംഗ്ലാദേശി കുടിയേററക്കാരാണ് 2015ന്റെ ആദ്യമാസങ്ങളിൽ ബർമയിൽ നിന്നും ബോട്ടുകളിൽ കയറ്റിവിടപ്പെട്ടത്. ബുദ്ധമതരാഷ്ട്രമായ ബർമയിൽ നിന്നും റോഹിൻഗ്യക്കാർക്ക് കടുത്ത ശിക്ഷാനടപടികളാണ് അനുഭവിക്കേണ്ടി വന്നത്. അതിൽ നിന്ന് രക്ഷപ്പെട്ടാണ് അവർ പലായനം ചെയ്തത്. ഇതിൽ ചിലർ കടൽക്കള്ളക്കടത്തുകാരുടെ സഹായം തേടാൻ ശ്രമിച്ചുവെങ്കിലും അവർ ഉപേക്ഷിക്കുകയാണുണ്ടായത്. ഇക്കാരണത്താൽ രോഗികളും വിശന്ന് വലഞ്ഞവരുമായ ആയിരക്കണക്കിന് അഭയാർത്ഥികൾ ആൻഡമാൻ കടലിൽ അലയാൻ വിധിക്കപ്പെടുകയായിരുന്നു.

ഇതിൽപ്പെട്ട 800 പേരാണ് വെള്ളിയാഴ്ച അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്തോനേഷ്യയിലെത്തിയത്. ഇതിൽ ഒരു 21 വയസ്സുകാരൻ ഏതാണ്ട് ഒരുമാസത്തോളം കടലിൽ ലക്ഷ്യമില്ലാതെ അലയുകായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇന്തോനേഷ്യൽ നേവിയുടെ കപ്പൽ തങ്ങൾക്ക് മരുന്നും ഭക്ഷണവും നൽകിയെന്നും ഇയാൾ വെളിപ്പെടുത്തുന്നുണ്ട്. ഒരിക്കൽ തങ്ങൾ മലേഷ്യൻ കപ്പൽ തടഞ്ഞ് നിർത്തിയിരുന്നുവെന്നും അഥിൽ നിന്ന് ഭക്ഷണവും മരുന്നും ലഭിച്ചിരുന്നുവെന്നും എന്നാൽ കപ്പൽ വീണ്ടും പുറപ്പെടാൻ തുടങ്ങിയപ്പോൾ വിശന്ന് വലഞ്ഞ അഭയാർത്ഥികൾ ആക്രമണോത്സുകരായിരുന്നുവെന്നും മഹമുദ് റാഫിക് എന്ന ഈ 21 കാരൻ പറയുന്നു. തങ്ങൾക്ക് കടലിൽ കുറച്ച് ഭക്ഷണം മാത്രമെ ലഭിച്ചിരുന്നുള്ളുവെന്നും തങ്ങൾ അത് കുട്ടികൾക്കും സ്ത്രീകൾക്കുമായി വിട്ട് നൽകുകായിരുന്നു ചെയ്യാറുള്ളതെന്നും മഹമൂദ് പറയുന്നു.

കടുത്ത സൂര്യപ്രകാശത്തിൽ നിന്നും രക്ഷപ്പെടാൻ ബോട്ടിലുള്ളവർക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നാണ് ഒരു റോയിട്ടർ ജേർണലിസ്റ്റ് പറയുന്നത്. ഇക്കൂട്ടത്തിൽ പെട്ട ചില സ്ത്രീകൾ കരയുന്നത് കാണാമായിരുന്നുവെന്നും ചിലർ കൈകൾ ഉയർത്തി ശബ്ദം ഉയർത്താറുണ്ടെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ അഭയാർത്ഥികളെ വേണ്ടവിധം പുനരധിവസിപ്പിക്കാത്തതിന്റെ പേരിൽ ദി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, സൗത്ത് ഈസ്റ്റ് ഏഷ്യൻ സർക്കാരുകളെ വിമർശിച്ചിരുന്നു. റോഹിൻഗ്യ അഭയാർത്ഥികൾക്ക് അഭയം നൽകണമെന്നും കടലിലേക്ക് തിരിച്ചയക്കരുതെന്നും ഇന്നലെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് തായ്‌ലാൻഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തന്റെ രാജ്യത്ത് ഇപ്പോൾ തന്നെ അനധികൃതമായി കുടിയേറിയ 120,000 മ്യാന്മാർ അഭയാർത്ഥികളുണ്ടെന്നും ഇത്തരം അഭയാർത്ഥി പ്രശ്‌നം ആഗോള പ്രശ്‌നമാണെന്നും അത് പരിഹരിക്കേണ്ടത് അന്താരാഷ്ട്രസമൂഹമാണെന്നും മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് അഭിപ്രായപ്പെട്ടിരുന്നു. മ്യാന്മാർ വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ബംഗാൾ ഉൾക്കടലിൽ അഭയാർത്ഥികൾ അലഞ്ഞ് നടക്കുന്നത് തുടരുമെന്നാണ് യുഎൻ ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നത്. ബർമയിലെ 1.1 ദശലക്ഷം റോഹിൻഗ്യ മുസ്ലീങ്ങളും ആശ്രയമറ്റ് വിവേചനത്തിന് വിധേയരായാണ് ജീവിക്കുന്നത്. 2012ൽ രാഖിൻ ബുദ്ധിസ്റ്റുകളുമായുണ്ടായ സംഘട്ടനത്തിൽ ഇവരിൽ 140,000 പേർക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.

തായ്‌ലാൻഡ് ഈ പ്രശ്‌നം പരിഹരിക്കാൻ വേണ്ടി 15 രാജ്യങ്ങളുമായി മെയ്‌ 29ന് ചർച്ച നടത്തുന്നുണ്ട്. എന്നാൽ ഈ മീററിംഗിൽ പങ്കെടുക്കാൻ മ്യാന്മാറിന് ക്ഷണം ലഭിച്ചിട്ടില്ല. തങ്ങൾക്ക് തായ്‌ലാൻഡിൽ നിന്നും ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് മ്യാന്മാറിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. അഭയാർത്ഥി പ്രശ്‌നത്തെക്കുറിച്ച് അമേരിക്ക മ്യാന്മാറിനെ നിരന്തരം ബോധ്യപ്പെടുത്തുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവ് എറിക് സ്‌കൂൽട്‌സ് പറയുന്നത്.