തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനി റോജി റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് അധികൃതരെ പ്രതിക്കൂട്ടിലാക്കി പൊലീസ് അന്വേഷണ റിപ്പോർട്ട്. പക്ഷേ കിംസ് ആശുപത്രി അധികൃതർക്കെതിരെ ഇനിയും കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നതാണ് സൂചന. ഉന്നതതല ഇടപെടലാണ് ഇതിന് കാരണം.

അന്വേഷണത്തിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്. എഫ് ഐ ആർ ഇട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്യാം. പൊലീസിന് ഇവരെ ചോദ്യവും ചെയ്യാം. ഇതെല്ലാമാണ് പിതവ്. എന്നാൽ കിംസ് ആശുപത്രയിലെ ആത്മഹത്യയിൽ ഇതൊന്നും ചെയ്യാൻ പൊലീസിന് കഴിയുന്നില്ല. ആശുപത്രിക്കുള്ള ഉന്നതതല സ്വാധീനം തന്നെയാണ് കാരണം. എന്നാൽ ആശുപത്രിയെ വെട്ടിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ മറ്റൊരു തന്ത്രവും പ്രയോഗിച്ചു. റോജിക്കെതിരെ ഉയർന്ന റാഗിങ് ആരോപണം കോളജ് അധികൃതർ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി നഴ്‌സിങ് കൗൺസിലിന് പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകി.

ജൂണിയർ വിദ്യാർത്ഥികളോട് പേര് ചോദിച്ച് ആക്ഷേപിക്കും വിധം സംസാരിച്ചു, തുറിച്ചു നോക്കുന്നു എന്നീ ആരോപണങ്ങളാണ് റോജിക്കെതിരെ ഉയർന്നത്. ഹോസ്റ്റൽ വാർഡൻ ഇടപെട്ട് ഒത്തുതീർപ്പാക്കിയ ഈ വിഷയം പിന്നീട് കോളജ് വൈസ് പ്രിൻസിപ്പലും ക്ലാസ് കോർഡിനേറ്ററും ഇടപെട്ട് റാഗിങ് പരാതിയായി എഴുതി വാങ്ങുകയായിരുന്നു. ഇതേതുടർന്ന് റോജിയെ പരാതിക്കാരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ പരുഷമായി ചോദ്യം ചെയ്തു. റോജിക്ക് പറയാനുള്ളത് കേൾക്കാൻ പോലും അവസരം നൽകാതെയായിരുന്നു ഇത്.

ഇതിന് പുറമെ അന്ധരും ബധിരരുമായ മാതാപിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്താൻ കോളജ് അധികൃതർ തീരുമാനിച്ചതും റോജിക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി. ഇതിന് പിന്നാലെ റോജി ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി ജീവനൊടുക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ കെ.ഇ ബൈജു സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് റോജിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആശുപത്രിയിലെ ഉന്നതരുടെ വീഴ്ചയെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നു. നേഴ്‌സിങ്ങ് കൗൺസിലന് നൽകിയ റിപ്പോർട്ടിൽ പൊലീസ് എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കുന്നുമില്ല.

റാഗിങ് പരാതിയുടെ പേരിൽ പരീക്ഷ എഴുതാൻ പ്രിൻസിപ്പൽ അനുവദിക്കില്ലെന്നും റോജി ഭയപ്പെട്ടിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന റോജിക്കെതിരെ ഉയർന്ന പരാതി കൈകാര്യം ചെയ്യുന്നതിൽ കോളജ് അധികൃതർ വീഴ്ച വരുത്തിയെന്ന് ഗുരുതരമായ പരാമർശമാണ് റിപ്പോർട്ടിലുള്ളത്. റോജിയുടെ മരണത്തിൽ നഴ്‌സിങ് കൗൺസിൽ ഉന്നയിച്ച സംശയങ്ങൾക്കാണ് പൊലീസ് മറുപടി നൽകിയത്. എന്നാൽ ആശുപത്രി അധികൃതരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനുള്ള ഒന്നും പൊലീസ് ചെയ്യുന്നുമില്ല. നേഴ്‌സിങ് കൗൺസിൽ ഇടപെടണമെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.