- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിച്ചിരിക്കുന്ന സഹോദരനും സഹോദരിയും മൃതദേഹം വേണ്ടെന്ന് സമ്മത പത്രം നൽകിയാൽ 'കൂടപ്പിറപ്പിനെ' പുനർജനിക്ക് കിട്ടും; യഥാർത്ഥ സഹോദരങ്ങൾ അപേക്ഷ നൽകുമെന്ന പ്രതീക്ഷയിൽ കൾച്ചറൽ സൊസൈറ്റി; ട്രാൻസ് വുമൺ റോമ വിവേചനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി; മൃതദേഹം വിട്ടുകിട്ടാൻ ട്രാൻസ്ജെന്റർ സമൂഹം
കോഴിക്കോട്: ശരീരികമായ പ്രത്യേകതകളാൽ സ്വന്തം കുടുംബത്തിന്റെ തണലിൽനിന്നു ഓടിപ്പോരേണ്ടതായി വരുന്ന ട്രാൻസ്ജെന്റർ സമൂഹത്തിന്റെ പ്രതിനിധിയായിരുന്ന റോമ വിവേചനങ്ങളും അവകാശങ്ങൾക്കായി പോരാടേണ്ടതില്ലാത്തതുമായ ലോകത്തേക്കു യാത്രയായി.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യുവിൽ രണ്ടാഴ്ചയിൽ അധികമായി ന്യുമോണിയ ബാധിച്ച് ജീവനും മരണത്തിനുമിടയിൽ കഴിയുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ റോമയെ തേടി മരണമെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. റോയുടെ സഹോദരനും സഹോദരിയും ജീവിച്ചിരിക്കുന്നതിനാൽ അവർ ഏറ്റെടുക്കില്ലെന്നു തിരുവനന്തപുരത്തെ പൊലിസ് സ്റ്റേഷനിൽ എഴുതി നൽകിയാലെ ബോഡി തങ്ങൾക്ക് കിട്ടുകയുള്ളൂവെന്ന് മറുനാടൻ മലയാളിയോട് ട്രാൻസ്ജെന്ററുകളുടെ സംഘടനയായ പുനർജനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സിസിലി വ്യക്തമാക്കി.
മൃതദേഹം വിട്ടുകിട്ടാൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ നേരിൽ വിളിച്ചു കാര്യം പറയുകയും മന്ത്രി കോഴിക്കോട് കലക്ടർക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. റോയുടെ സഹോദരങ്ങൾ അപേക്ഷ നൽകിയാൽ മൃതദേഹം ഏറ്റെടുക്കുമെന്നും കസബ പൊലിസ് സ്റ്റേഷന് കീഴിലുള്ള ശിശു വികസന സ്ഥാപനത്തികത്തെ കൂട് എന്നിടത്താവും രാവിലെ 10ന് പൊതുദർശനത്തിന് വെക്കുകയെന്നും പിന്നീട് സംസ്‌കാരം നടത്തുമെന്നും സിസിലി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലും റോമ ജീവിതത്തിലേക്കു മടങ്ങിവരുമോയെന്ന ആധിയിലായിരുന്നു ട്രാൻസ്ജെന്റർ സമൂഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആഴ്ചകളായി ജീവൻ മിടിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരത്തെ തന്റെ വീടുപേക്ഷിച്ച് കോഴിക്കോട്ട് എത്തിപ്പെട്ട റോമയെന്ന 36 കാരി സെൻട്രൽ മാർക്കറ്റിൽ ലോട്ടറി കച്ചവടം നടത്തിയായിരുന്നു ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുനർജനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സിസിലി ജോർജ് ഈ ദുരവസ്ഥ ഫേസ്‌ബുക്കിൽ വീഡിയോയായി പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടോയാണ് ആരോഗ്യ മന്ത്രി വിണാ ജോർജ് ഇടപെട്ടതും ഉടനടി ചികിത്സക്കായി സഹായം നൽകാൻ ഉത്തരവിട്ടതും. മന്ത്രി ഇടപെട്ടതിനെ സോഷ്യൽ മീഡിയ അന്ന് വാനോളം വാഴ്‌ത്തിരിയരുന്നെങ്കിലും എല്ലാ ദുരിതങ്ങളിൽനിന്നും റോമ മോചിപ്പിക്കപ്പെട്ടിരിക്കയാണ്.
റോമയ്ക്ക് ആശുപത്രിയിൽ ആവശ്യമായ സഹായങ്ങളെല്ലാം ഒരുക്കിയിരുന്നത് ട്രാൻസ്ജെന്റർ കൂട്ടായ്മയായ പുനർജനി കൾച്ചറൽ സൊസൈറ്റിയായിരുന്നു. മരുന്നും ഭക്ഷണവുമെല്ലാം എത്തിക്കാൻ സംഘടന പിരിവുമായി ഓടിനടക്കുന്നതിനിടെയാണ് മന്ത്രിയുടെ സഹായഹസ്തം മൂന്നു നാൾ മുൻപ് ലഭിച്ചത്.
ചികിത്സക്കായി അടിയന്തിരമായി സാമൂഹ്യ നീതി വകുപ്പിന്റെ കരുതൽ പദ്ധതിയിലുള്ള ഏതെങ്കിലും ഒരു തുക ലഭ്യമാക്കാൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഫലവത്താവാത്ത സാഹചര്യത്തിലായിരുന്നു സിസിലിയുടെ പോസ്റ്റ്.
റോയമുടെ ജീവൻ നിലനിർത്താനായി വിഷയം ഒരു വാർത്താ ചാനലിന്റെ ശ്രദ്ധയിൽ സിസിലി എത്തിച്ചതോടെയായിരുന്നു മന്ത്രി ഇടപെട്ടതും യുദ്ധകാലാടിസ്ഥാനത്തിൽ 25,000 രൂപ അടിയന്തരമായി ലഭ്യമാക്കിയതും. ബീച്ച് ആശുപത്രിയുൾപ്പെടെയുള്ളവയിൽ ആഴ്ചകളോളം കിടന്ന ശേഷമാണ് രോഗാവസ്ഥക്ക് ഒരു മാറ്റവുമില്ലാത്തതിനെ തുടർന്ന് റോമയെ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മാസം 31ന് മെഡിക്കൽകോളജിലേക്കു മാറ്റിയത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരോട് മികച്ച ചികിത്സ റോമക്ക് ലഭ്യമാക്കാൻ മന്ത്രി നേരിട്ട് ഉത്തരവിട്ടിരുന്നു.
മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ തങ്ങളെപ്പോലെ പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് മുഖ്യധാര സമൂഹത്തിൽ ഒരു പ്രസക്തിയും ലഭിക്കില്ലെന്നും മരിച്ചാൽ അനാഥശവങ്ങളായി മാറുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും ട്രാൻസ്ജെന്ററുകളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരും പൊതുസമൂഹവും ക്രിയാത്മകമായി ഇടപെടണെന്നും അന്ന് സിസിലി പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നു.