ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രുക്ഷ വിമർശനവുമായി മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട രാജീവ് പ്രതാപ് റൂഡി. ഞാൻ മോശമാണെന്ന് മോദി കരുതുന്നെങ്കിൽ ആ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ടെന്ന് റൂഡി പ്രതികരിച്ചു.

ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പ്രവർത്തന മികവില്ലാത്തവരെന്ന പേരിൽ റൂഡിയെ അടക്കം ചില മന്ത്രിമാരെ മോദി മാറ്റിയിരുന്നു. എന്നാൽ മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് താൻ കാഴ്ചവച്ചതെന്ന് റൂഡി പറഞ്ഞു. തന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും റൂഡി കൂട്ടിച്ചേർത്തു.

പ്രകടനം മോശമായതിന്റെ പേരിൽ റൂഡി ഉൾപ്പടെ ആറ് മന്ത്രിമാരെ പുനഃസംഘടനയിൽ ഒഴിവാക്കിയിരുന്നു. ധർമ്മേന്ദ്ര പ്രധാനാണ് റൂഡിക്ക് പകരക്കാരനായി എത്തിയത്. രാജി തീരുമാനം തന്റേതായിരുന്നില്ലെന്ന് നേരത്തെ ഇദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ വിമർശവുമായി ഇദ്ദേഹം രംഗത്തെത്തുന്നത്.

തന്റെ പ്രകടനം മോശമായിരുന്നു എന്ന് പറയുന്നത് ശരിയല്ല. ഞാൻ പരാജയപ്പെട്ടവനാണെന്ന് മോദി കരുതുന്നുവെങ്കിൽ ആ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടന്നും റൂഡി കൂട്ടിച്ചേർത്തു. ബോസാണ് എല്ലായ്‌പ്പോഴും ശരി കുറഞ്ഞ സമയത്തിനുള്ളിൽ അവരുടെ നിർദ്ദേശപ്രകാരം ചെയ്തു തീർത്ത കാര്യങ്ങളെക്കുറിച്ച് ജനങ്ങളേയും ഭരണാധികാരികളേയും ബേധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. അക്കാര്യം ഞാൻ സമ്മതിക്കുന്നു-റൂഡി പറഞ്ഞു.

ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇനി എന്റെ പിൻഗാമികളും വിമർശകരുമാണ് അക്കാര്യം സാക്ഷ്യപ്പെടുത്തേണ്ടത്. മാറ്റങ്ങൾ ദൃശ്യമാകാൻ സമയമെടുക്കുമെന്നും റൂഡി പറഞ്ഞു. പ്രകടനം മോശമാണെന്ന് ആരോപിച്ച് റൂഡി അടക്കം ആറ് മന്ത്രിമാരെയാണ് പ്രധാനമന്ത്രി പുറത്താക്കിയത്. ധർമ്മേന്ദ്ര പ്രധാനാണ് റൂഡിക്ക് പകരം മന്ത്രിയായത്.