കൊൽക്കത്ത: ലൈംഗികാതിക്രമം ഏൽക്കാതെ 15 ദിവസത്തിൽ കൂടുതൽ സ്ത്രീകൾക്ക് ബംഗാളിൽ ജീവിക്കാനാകില്ലെന്ന ബിജെപി വനിതാ എം പിയുടെ പ്രസ്താവന വിവാദമാകുന്നു.ബിജെപിയുടെ രാജ്യസഭാ എം പിയും സിനിമാതാരവുമായിരുന്ന രൂപ ഗാംഗുലിയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

ബന്ധുക്കളായ സ്ത്രീകളെ ബംഗാളിലേക്ക് പറഞ്ഞ് വിടാമോ എന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ബിജെപി  എം പി വിവാദ നായികയായത്.ബംഗാളിൽ ബലാത്സംഗത്തിനിരയാകാതെ സ്ത്രീകൾക്ക് 15 ദിവസത്തിലധികം  ജീവിക്കാൻ സാധിക്കില്ലെന്നായിരുന്നു  ബിജെപി  രാജ്യസഭ എംപിയും മുൻ സിനിമാ നടിയുമായ രൂപ ഗാംഗുലിയുടെ ആരോപണം. മമതാ ബാനർജിയുടെ സംരക്ഷണമില്ലാതെ 15ൽ അധികം ദിവസം ബംഗാളിൽ ഒരു സ്ത്രീക്കും സുരക്ഷിതയായി കഴിയാൻ സാധിക്കില്ലെന്ന് രൂപ ഗംഗുലി വിമർശിച്ചു.

പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനം ഉയർന്നെങ്കിലും പിൻവലിക്കാനും രൂപ ഗാംഗുലി തയാറായിട്ടില്ല. മമതാ ബാനർജിയെ പുകഴ്‌ത്തുന്നവർ ഭാര്യയെയും മകളെ ബംഗാളിലേക്ക് അയച്ച് 15 ദിവസം അതിക്രമം ഒന്നും കൂടാതെ അവർക്ക് കഴിയാൻ സാധിച്ചാൽ താൻ പ്രസ്താവന പിൻവലിക്കാമെന്ന് രൂപ ഗംഗുലി മാധ്യമങ്ങളോട് പിന്നീട് പ്രതികരിച്ചു.

ശനിയാഴ്‌ച്ചയായിരുന്നു രൂപ ഗംഗുലിയുടെ വിവാദ പ്രസ്താവന . ബംഗാളിലെ ഡാർജിലിങിലും ബാസിർഹത്തിലും ബാദുരിയയിലുമായി തുടരുന്ന സംഘർഷങ്ങളുടെ പശ്ചാതലത്തിലായിരുന്നു ഇത്. നേരത്തെ സംഘർഷങ്ങളെ കുറിച്ചുള്ള വ്യാജവാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രകോപനകരമായ പ്രസ്താവന വന്നത്.