കൊച്ചി: വിധവയാണ്. മക്കളില്ല. ബന്ധുക്കളോ വേണ്ടപ്പെട്ടവരായി മറ്റാരുമോ ഇല്ല. സ്വന്തം പേരിൽ വീടോ സ്ഥലമോ ഇല്ല. അങ്കമാലി കിടങ്ങൂർ തുറവൂർ സ്വദേശിയായ റോസക്കുട്ടി ഇട്ടൂപ്പ്(85) മുപ്പത് വർഷക്കാലം തുറവൂർ പാറേക്കാട്ടിൽ പാപ്പച്ചന്റെ വീട്ടിൽ ജോലിക്കാരിയായിരുന്നു. വയസ്സാം കാലത്ത് നോക്കിക്കൊള്ളാം എന്ന് പറഞ്ഞതിനാൽ അഞ്ച് പൈസ ശമ്പളം വാങ്ങാതെയാണ് കഴിഞ്ഞ മുപ്പത് വർഷക്കാലം പാപ്പച്ചന്റെ വീട്ടിൽ ജോലി ചെയ്തത്. ഒടുവിൽ വാർദ്ധക്യത്തിന്റെ ക്ഷീണത്തിൽ ആരോഗ്യമെല്ലാം ക്ഷയിച്ചതോടെ പാപ്പച്ചനും കുടുംബവും റോസക്കുട്ടിയെ തെരുവിലേക്ക് ഇറക്കി വിട്ടു.

നോക്കിക്കോളം എന്ന ഒറ്റവാക്കിന്റെ പുറത്ത് ആയകാലം മുഴുവൻ ഒരു ദിവസം പോലും വിശ്രമിക്കാതെയാണ് റോസാക്കുട്ടി ശമ്പളമില്ലാത്ത വേലക്കാരിയായത്. വീട്ടുജോലികളും പറമ്പിലെ പണിയും മാത്രമല്ല കുട്ടികളുടെ സ്‌കൂൾ യാത്രകളിലും റോസാക്കുട്ടി അകമ്പടിക്കാരിയായി. കുട്ടികൾ ഹെസ്‌കൂളിലെത്തിയിട്ടും കനമുള്ള സ്‌കൂൾ ബാഗുകൾ യാതൊരു പരിഭവവും ഇല്ലാതെ റോസാക്കുട്ടി ചുമലിലേറ്റി. പകലും രാത്രിയുമെന്നില്ലാതെ ആ കുടുംബത്തെ തൃപ്തിപ്പെടുത്താൻ പാടുപെടുകയായിരുന്നു റോസാക്കുട്ടി.

എന്നാൽ ജോലി ചെയ്യാൻ റോസക്കുട്ടിക്ക് ആവതില്ലെന്ന് മനസ്സിലായതോടെ നിഷ്‌ക്കരുണം ഇവരെ പുറന്തള്ളുകയായിരുന്നു പാപ്പച്ചനും കുടുംബവും. ആ കുടുംബത്തിന് വേണ്ടി പണിയെടുത്ത തനിക്ക് ശമ്പളക്കണക്കിൽ എന്തെങ്കിലും നൽകണമെന്ന അപേക്ഷയുമായി വീണ്ടും ചെന്നെങ്കിലും അവർ ആട്ടിയോടിച്ചു. ഭർത്താവിന്റെ മരണശേഷമാണ് റോസക്കുട്ടി പാറേക്കാട്ടിൽ വീട്ടിലേക്ക് താമസം മാറ്റിയത്. 365 ദിവസവും വിശ്രമമില്ലാതെ പണിയെടുത്തിട്ടും ശമ്പളത്തെ കുറിച്ച് ആരും മിണ്ടിയില്ല. വീട്ടുകാരി വല്ലപ്പോഴും നൽകുന്ന പത്തോ ഇരുപതോ രൂപയിൽ ശമ്പളം ഒതുങ്ങി.

ഒടുവിൽ കാൽകാശ് നൽകാതെ റോസാക്കുട്ടിയെ ഇറക്കിവിട്ടെന്ന് അറിഞ്ഞ നാട്ടുകാർ കട്ടസപ്പോർട്ടുമായി ഒപ്പം ചേർന്നു. തെക്കിനേടത്ത് കുഞ്ഞൗസേപ്പ് സ്വന്തം വീട്ടിൽ അവർക്ക് അഭയം നൽകി. വാർഡ് മെമ്പർ മദ്ധ്യസ്ഥത്തിന് ശ്രമിച്ചെങ്കിലും പാറേക്കാട്ടിൽ കുടുംബക്കാർ സംസാരിക്കാൻ തയ്യാറായില്ല. ഏലിക്കുട്ടിക്ക് മാന്യമായ പ്രതിഫലം നൽകണമെന്ന തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസിന്റെ അഭ്യർത്ഥനയും നിഷ്‌കകരുണം തള്ളിയതോടെ നാട്ടുകാർ വനിതാകമ്മിഷനിൽ പരാതി നൽകി.

ഇന്നലെ എറണാകുളം വൈ.എം.സി.എയിൽ നടന്ന അദാലത്തിലേക്ക് വനിതാ കമ്മിഷൻ ഇവരെ വിളിച്ചുവരുത്തി. കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പ്രമേഹരോഗിയാണ്. കാഴ്ചക്കുറവുണ്ട്. വേറെ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. ശിഷ്ടകാലം ഏതെങ്കിലും മഠത്തിൽ കഴിയണമെന്നും അവർ ആഗ്രഹം പറഞ്ഞു.