കോഴിക്കോട്: വയനാട്ടിലെ മുട്ടിൽ ഈട്ടിമരം കൊള്ളകേസിൽ ഭൂമി ഉടമകളെ തെറ്റിദ്ധരിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്തതിനു വയനാട് ജില്ലാ ഭരണകൂടം കേസ് എടുത്തു. ആദിവാസികളെ കബളിപ്പിച്ചതിന് എസ്സിഎസ്ടി സംരക്ഷണ നിയമപ്രകാരം പ്രത്യേക കേസും രജിസ്റ്റർ ചെയ്യും. വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണെങ്കിലും ജില്ലയിൽ നിന്ന് ഒരു മരം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും വെട്ടിക്കടത്തിയ മരങ്ങൾ മുഴുവൻ തിരിച്ചുപിടിക്കാൻ വനംറവന്യു വകുപ്പുകൾക്ക് സാധിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി കെ.രാജനു നൽകിയ റിപ്പോർട്ടിൽ കലക്ടർ വ്യക്തമാക്കി. 

കഴിഞ്ഞ ഒക്ടോബർ 24ന് റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവിനു ശേഷം ജില്ലയിലുണ്ടായ സംഭവങ്ങൾ മുഴുവൻ കലക്ടറുടെ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാൻ അനുമതി നൽകിയതിന്റെ ചുവടുപിടിച്ച് വ്യാപകമായി ഈട്ടിത്തടി വെട്ടിയിട്ടെന്നും ഇതിൽ 13.3 ക്യുബിക് മീറ്റർ മരം അനുമതിയില്ലാതെ എറണാകുളത്തേക്കു കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പിന്നീട് പിടിച്ചെടുത്തു. റവന്യു ഉത്തരവ് വ്യാപക മരംവെട്ടിന് ഇടയാക്കുമെന്ന് ഉന്നതരെ ധരിപ്പിച്ച കാര്യവും കലക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണു സൂചന.

തഹസിൽദാരുടെ റിപ്പോർട്ട് അനുസരിച്ച് ഭൂമി സംരക്ഷണ നിയമപ്രകാരം മീനങ്ങാടി പൊലീസ് മോഷണക്കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ, ജീവനു ഭീഷണിയുണ്ടെന്ന് മരം വെട്ടിയ കരാറുകാരൻ നൽകിയ പരാതിയിൽ ഇയാൾക്ക് പൊലീസ് സംരക്ഷണം ഒരുക്കാൻ കലക്ടർ നിർദ്ദേശം നൽകി. മരം വെട്ടാൻ സർക്കാർ ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് കരാർ ഏറ്റെടുത്തതെന്നും 11 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും കരാറുകാരൻ വനം വകുപ്പിനു മൊഴി നൽകിയെന്നാണ് സൂചന.

42 കേസുകളാണ് ഇതേവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തടി വാങ്ങിയവർക്കു പുറമേ, ആദിവാസികൾ ഉൾപ്പെടെ പട്ടയ ഉടമകളും പ്രതികളാണ്. മരം വെട്ടാൻ സർക്കാർ ലൈസൻസ് അനുവദിച്ചിട്ടുണ്ട് എന്ന് ഭൂമിയുടമകളെ തെറ്റിദ്ധരിപ്പിച്ചാണ് സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ സംഘം വാങ്ങിയത്. 12,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പട്ടയ ഉടമകൾക്ക് വാഗ്ദാനം ഉണ്ടായിരുന്നു. പലർക്കും അയ്യായിരം രൂപ മാത്രമാണ് നൽകിയിട്ടുള്ളത്.

മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽ കുടുങ്ങിയ വ്യവസായികളാണ് ഈട്ടിമരം കൊള്ളക്കേസിലും വിവാദത്തിൽ കുരുങ്ങിയിരിക്കുന്നത്. ഉന്നത സ്വാധീനമുള്ളവാണ് ഇവർ. ഇടതുപക്ഷത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഒരു ചാനലിന്റെ എംഡിയാണ് ഈ വലിയ കൊള്ളയുടെ പിന്നിലെന്ന് കേൾക്കുന്നതായി പിടി തോമസ് എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. ആ ചാനലിന്റെ എഡിറ്റർ വിളിച്ചു പറഞ്ഞിട്ടാണ് വനം കൊള്ള നടത്തിയവർ വനം മന്ത്രിയെ നേരത്തെ സന്ദർശിച്ചതെന്നും പിടി തോമസ് ആരോപിച്ചിരുന്നു.

അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ 2016ൽ രംഗത്തുവന്നത്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ അതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. ഇത് പിന്നീട് വിവാദങ്ങളും ചർച്ചകളുമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയിൽ മത്സരിക്കാനും ആന്റോ അഗസ്റ്റിൻ ശ്രമിച്ചിരുന്നു. ഈ വിവാദത്തിൽ പെട്ട റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് വനം വകുപ്പിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്.

ഈട്ടിമരം കൊള്ളകേസിൽ അന്വേഷണം നേരിടുന്ന ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനെ തലപ്പത്ത് ഇരുത്താനുള്ള നീക്കം തടഞ്ഞെങ്കിലും സമ്മർദ്ദം ശക്തമായതോടെ വനംമന്ത്രി എ കെ ശശീന്ദ്രൻ ആശയക്കുഴപ്പത്തിലെന്ന് സൂചനയും പുറത്തു വരുന്നു. മുട്ടിൽ വില്ലേജിലെ മരംമുറികേസിൽ പ്രധാനപ്രതികളുമായി അടുത്തബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ ടി സാജന് വേണ്ടിയുള്ള അണിയറ നീക്കമാണ് വനംമന്ത്രി ഇടപെട്ട് തടഞ്ഞത്. മുട്ടിൽ മരംകൊള്ള അന്വേഷിക്കുന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജനെയാണ് ഫോറസ്റ്റ് വിജിലൻസ് ഉത്തരമേഖലാ കൺസർവേറ്ററാക്കാൻ അണിയറ നീക്കമുണ്ടായത്. മുട്ടിൽമരംകൊള്ള കണ്ടെത്തിയ ഉദ്യോഗസ്ഥൻ തലപ്പത്ത് വന്നാൽ അന്വേഷണം നേരായ രീതിയിൽ നടക്കുമെന്ന വാദമുയർത്തിയും സാജനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് മറച്ചുവെച്ചുമാണ് മന്ത്രിയെ ചില ഉന്നതവനംവകുപ്പ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചത്.

മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറി നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യുന്നതിനോ, കേസിൽ ആരോപണവിധേയരായവരുടെപേരിൽ നടപടികളെടുക്കാനോ വനംവകുപ്പ് തയ്യാറാകാത്തത് വിവാദത്തിന് ഇടയാക്കിയിരുന്നു. അറസ്റ്റ് വാറണ്ടിനായി വനംവകുപ്പും മുൻകൂർ ജാമ്യത്തിനായി പ്രതികളും കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ ഒളിവിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുട്ടിൽ സൗത്ത് വില്ലേജിന്റെ വിവിധ ഭാഗങ്ങളിലായി മുറിച്ചിട്ട 202 ക്യുബിക് മീറ്റർ മരം കുപ്പാടിയിലെ സർക്കാർ ഡിപ്പോയിലെത്തിക്കുന്നതുമാത്രമാണ് ഇപ്പോൾ പൂർത്തിയായത്. 15 കോടി രൂപ വിലമതിക്കുന്ന ഈട്ടിമരങ്ങളാണ് സർക്കാർ ഡിപ്പോയിലേക്ക് മാറ്റിയത്. എന്നാൽ കേസുകളിലെ പ്രധാന പ്രതികളുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ സൂക്ഷിച്ചിട്ടുള്ള ഈട്ടിമരങ്ങൾ ഡിപ്പോയിലേക്ക് മാറ്റിയിരുന്നില്ല. ഇതും വിവാദത്തിന് ഇടയാക്കിയിരുന്നു.

വസ്തുവിൽ അതിക്രമിച്ചുകയറിയെന്ന് കേസുവരാൻ സാധ്യതയുള്ളതിനാൽ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. കയറ്റുമതിയോഗ്യമായ മൂന്നു വലിയ തടികൾ ഉൾപ്പെടെയുള്ളവയാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇവ കൂടി കുപ്പാടി ഡിപ്പോയിലേക്ക് മാറ്റേണ്ടതുണ്ട്. പ്രതികൾക്ക് കടത്തുപാസ് അനുവദിക്കാൻ ശുപാർശ നൽകിയ സെക്ഷൻ ഓഫീസർ മുതൽ കേസന്വേഷണം വഴിതെറ്റിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കാനും നടപടിയെടുത്ത ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻവരെ ആരോപണവിധേയരാണ്. വ്യക്തമായ തെളിവുകൾ ഇവർക്കുനേരെയുണ്ടാകുമ്പോഴും വകുപ്പുതല നടപടികൾ വൈകുകയാണ്.

റവന്യു ഉത്തരവിന്റെ മറവിൽ തൃശൂർ, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി മരം മുറിച്ചിട്ടുണ്ടെന്നാണു സൂചന. റവന്യുവനം വകുപ്പുകൾ ഇടപെട്ടതു വഴി വയനാട്ടിലെ സംഭവം മാത്രം പുറത്തറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ കുടുക്കാൻ വനം വകുപ്പിന്റെ തലപ്പത്തു നിന്നു തന്നെ ശ്രമമുണ്ടായപ്പോൾ സംഭവം വിവാദമാവുകയും ചെയ്തു. എന്നാൽ മറ്റു ജില്ലകളിൽ നിന്ന് ലോഡ് കണക്കിന് മരം നഷ്ടപ്പെട്ടിട്ടും അവിടങ്ങളിൽ ജില്ലാ അധികൃതർ അനങ്ങിയിട്ടില്ലെന്നു സൂചനയുണ്ട്. ഈ വനം സർക്കിളുകളിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി, മാസം പിന്നിട്ടിട്ടും മറുപടി പോലുമില്ല.