തിരുവനന്തപുരം: ഒടുവിൽ കെഎസ്ആർടിസി ബസ്സിനെ പെരുത്തിഷ്ടപ്പെട്ട് 'ചങ്കിൽ പ്രതിഷ്ഠിച്ച' ആ പെൺകുട്ടിയെ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ റോസ്മിയാണ് ആ പെൺകുട്ടി. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് ആർഎസ്സി 140 വേണാട് ബസ്സിനെ 'സ്ഥലംമാറ്റി' കണ്ണൂർ ഡിപ്പോയിലേക്ക് തട്ടിയപ്പോൾ അതിനെതിരെ സങ്കടപ്പെട്ട് യാത്രക്കാർക്ക് വേണ്ടി റോസ്മി കെഎസ്ആർടിസിയിലേക്ക് നടത്തിയ ഫോൺവിളിയാണ് അടുത്തിടെ വൈറലായത്. അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് അതിനെ ആലുവയിലേക്കു കൊണ്ടുപോയതെന്നും ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ എന്നും ചോദിച്ച് ഒരു പെൺകുട്ടി കെഎസ്ആർടിസിയിലേക്ക് വിളിച്ചതാണ് പ്രചരിച്ചത്. ഇതോടെ ആരാണ് ആ പെൺകുട്ടിയെന്ന ചോദ്യവും ഉയർന്നു.

പെൺകുട്ടിയുടെ വിളിയെ തുടർന്ന് ബസ് തിരികെ ഈരാറ്റുപേട്ടയിലേക്ക് തന്നെ നൽകാനും ബസ്സിന് ചങ്ക് എന്ന് പേര് നൽകാനും കെഎസ്ആർടിസി സിഎംഡി ടോമിൻ തച്ചങ്കരി നിർദ്ദേശം നൽകി. ഇതോടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരു കെഎസ്ആർടിസി ബസ്സിന് പേരും വീണു. ഫോൺവിളി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരമായ പെൺകുട്ടിയെ വിളിച്ചുവരുത്തി ഇന്ന തലസ്ഥാനത്ത് വച്ച് അഭിനന്ദന കത്തും തച്ചങ്കരി കൈമാറി. മാതൃകാപരമായ മറുപടി നൽകിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജോണിയേയും എംഡി അഭിനന്ദന കത്ത് അയച്ചിരുന്നു.

ഫോൺവിളി പ്രചരിച്ചപ്പോഴും കാണാമറയത്തായിരുന്നു റോസ്മി. എന്നാൽ പെൺകുട്ടിയെ കണ്ടെത്തി തച്ചങ്കരി തലസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. ഇന്ന് രാവിലെ കെഎസ്ആർടിസി എംഡിയെ സന്ദർശിച്ച റോസ്മിക്ക് അഭിനന്ദനക്കത്ത് കൈമാറി. ഫോൺവിളിയിൽ സഹായിച്ച കൂട്ടുകാരിക്കൊപ്പം ആണ് റോസ്മി എത്തിയത്. കെഎസ്ആർടിസിയുടെ വലിയ ഫാനാണ് താനെന്നും സ്ഥിരം സഞ്ചരിക്കുന്ന ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും ആണ് റോസ്മി പ്രതികരിച്ചത്. നല്ല ഓർമ്മകളുള്ളതിനാൽ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ഇക്കാര്യം കൂട്ടുകാരിയോട് പറഞ്ഞതോടെ ഫോൺചെയ്ത് ചോദിക്കാൻ പറയുകയായിരുന്നു. ഈ ഓഡിയോ വൈറലാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും റോസ്മി പറയുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് കേരളം പിന്നീട് ഏറെത്തവണ കേട്ട ആ ഫോൺവിളി ഉണ്ടായത്. കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നായിരുന്നുആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്‌പെക്ടർ സി.ടി.ജോണിയെ തേടി ആ വിളി എത്തിയത്. ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയം-കട്ടപ്പന റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പായി സർവീസ് നടത്തുന്ന ആർഎസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു റോസ്മി വിളിച്ചത്. ജോണി എല്ലാം ക്ഷമയോടെ കേട്ട്് പെൺകുട്ടിയെ ആശ്വസിപ്പിച്ചു. ബസ് തിരിച്ചുകിട്ടാൻ പരാതി നൽകാനും നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ആ ബസ് ചങ്കാണ് ഞങ്ങളുടെ എന്ന പെൺകുട്ടിയുടെ നൊമ്പരം കേരളം ഏറ്റടുത്തത്.

ഇതിനകം ആ ബസ് ആലുവയിൽ നിന്ന് കണ്ണൂരിലേക്ക് എത്തി. പക്ഷേ ഫോൺവിളി വൈറലായതോടെ എംഡിതന്നെ ഇടപെട്ടു. ഇതോടെ ബസ് ഈരാറ്റുപേട്ടയിൽ തിരിച്ചെത്തി. ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച ബസ് എന്ന നിലയിൽ ബസിനു മുന്നിൽ തന്നെ ചുവന്ന അക്ഷരത്തിൽ 'ചങ്ക്' എന്നു പേരും എഴുതാൻ തച്ചങ്കരി നിർദ്ദേശം നൽകി. കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി തന്നെയാണ് ആർഎസ്സി 140ക്ക് 'ചങ്ക് ബസ്' എന്നു പേരിട്ടത്. മാതൃകാപരമായി ആ ഫോൺവിളിക്കു മറുപടി നൽകിയ ജോണിക്കു കെഎസ്ആർടിസിയുടെ
അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു.

ബസ് മാറ്റിയതിന് ആരോടാണ് പരാതി പറയേണ്ടതെന്ന് ചോദിച്ചായിരുന്നു ഫോൺവിളി. ആരാണു വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെൺകുട്ടി പേരു പറഞ്ഞിരുന്നില്ല. ഡിഗ്രി വിദ്യാർത്ഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധാകരായി തങ്ങൾ കുറേ പേരുണ്ട് എന്നിങ്ങനെയെല്ലാം പെൺകുട്ടി മറുപടി നൽകുകയും ചെയ്തു. എംഡിക്കു പരാതി കൊടുത്താൽ നടപടിയുണ്ടാകുമോ എന്നും ചോദ്യമുണ്ടായി. പരാതി കൊടുക്കാൻ പോകുകയാണെന്നും പെൺകുട്ടി വ്യക്തമാക്കി.

ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നൽകാനുമായിരുന്നു ജോണി മറുപടി നൽകിയത്. ഇതോടെയാണ് വിഷയം ചർച്ചയായതും തച്ചങ്കരി വിഷയത്തിൽ ഇടപെടുന്നതും. ഒരു വർഷത്തിലേറെയായി ഈരാറ്റുപേട്ടയിൽ നിന്ന് കട്ടപ്പനയിലേക്ക് മലയോര റൂട്ടിലൂടെ യാത്ര തുടരുകയായിരുന്നു RSC 140. വിദ്യാർത്ഥികളും സർക്കാർ ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെയായി രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാരാണ്. ഏതായാലും ചങ്ക് ബസ്സിനെ സ്‌നേഹിച്ച പെൺകുട്ടിയെ കണ്ടെത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ് തച്ചങ്കരി ഇപ്പോൾ.

ബസ്സിനോടുള്ള ആത്മബന്ധം അടയാളപ്പെടുത്തിയുള്ള ഇടപെടലാണ് ഉണ്ടായതെന്നും കെഎസ്ആർടിസി ജനഹൃദയങ്ങളിൽ ഇടംപിടിച്ച വാഹനമാണെന്നും വ്യക്തമാക്കിയാണ് അഭിനന്ദന പത്രം നൽകിയിട്ടുള്ളത്. ബസ് മാറ്റിയെങ്കിലും സർവീസിന് മുടക്കം വരുത്തിയിരുന്നില്ല കെഎസ്ആർടിസി. എന്നാൽ സ്ഥിരം ബസ്സുതന്നെ വേണണെന്ന് റോസ്മി ആവശ്യപ്പെട്ടതോടെ ആർഎസ് സി 140നെ ജനങ്ങൾ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയാണ് അതേ ബസ് തന്നെ ഈരാറ്റുപേട്ടയ്ക്ക് തിരിച്ചുനൽകിയത്.