കൊച്ചി: പോക്‌സോ കേസിൽ മൊഴി മാറ്റിപ്പറയാൻ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി വെളിപ്പെടുത്തുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിരവങ്ങൾ. മുൻ മിസ് കേരള അടക്കം കൊല്ലപ്പെട്ട അപകട മരണത്തോടെയാണ് റോയ് വലയാറ്റ് എന്ന പേര് ചർച്ചയാകുന്നത്. മുൻ മിസ് കേരള അൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജന ഷാജനും ഉൾപ്പെടെ മൂന്ന് പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. പുലർച്ചെ ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽപെടുകയായിരുന്നു. ഈ കേസിൽ പല വഴിയിലൂടെ റോയ് ജയിൽ വാസം ഒഴിവാക്കി. അറസ്റ്റിലായിട്ടും ആശുപത്രിയിൽ കിടന്ന് രക്ഷപ്പെട്ടു. എന്നാൽ മോഡലുകളുടെ മരണത്തിന് ഉത്തരവാദി ഇപ്പോൾ പോക്‌സോ കുരുക്കിലാണ്. രക്ഷപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥ.

അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നൽകിയെന്നും റോയിയുടെ പ്രതിനിധി എന്നു പറഞ്ഞ് എത്തിയ അഭിഭാഷകൻ പറഞ്ഞതായി പോക്‌സോ കേസിലെ പരാതിക്കാരി പറയുന്നു. കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് തനിക്കു നൽകാനുള്ള പണം റോയ് തിരികെ നൽകുമെന്നാണ് അറിയിച്ചത്. ലഭിക്കാനുള്ള 15 ലക്ഷം രൂപ എന്നു പറഞ്ഞത് 50 ലക്ഷം എന്നു കേട്ടപ്പോൾ, ഇത്ര വലിയ തുക റോയ് തരുമെന്ന് അറിയിക്കുകയായിരുന്നത്രെ. അതായത് പോക്‌സോ കേസിൽ പരാതിക്കാരിയെ മോഹന വാഗ്ദാനത്തിൽ വീഴ്‌ത്താൻ ശ്രമിച്ചുവെന്ന് വ്യക്തം. മോഡലുകളുടെ വാഹനാപകടത്തിലും സമാന ഇടപെടൽ നടന്നിരുന്നു.

പരാതി നൽകിയ ശേഷം കോഴിക്കോട് എത്തിയപ്പോഴായിരുന്നു, കോഴിക്കോട് സ്വദേശിയായ ഒരു സാമൂഹിക പ്രവർത്തകനൊപ്പം എത്തി പണം വാഗ്ദാനം ചെയ്തതെന്ന് ഇവർ പറയുന്നു. 'നിനക്ക് എത്രയാണോ തരാനുള്ളത് അത് തരാൻ റോയ് തയാറാണ്. ഇപ്പോൾ നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അറസ്റ്റിലായാൽ ഒരു 35 ദിവസം അകത്തു കിടക്കും. അതു കഴിഞ്ഞു പുറത്തിറങ്ങും. അതു കഴിയുമ്പോൾ വിചാരണ സമയത്ത് നിങ്ങൾക്കു താൽപര്യമില്ലാത്തതു പോലെ ഒന്ന് അയഞ്ഞാൽ മതി. കൂറു മാറുക എന്നു പറയുന്ന കുറെ സംഭവങ്ങളുണ്ട്, അതാക്കിയാൽ റോയ് രക്ഷപ്പെടും. അല്ലെങ്കിൽ റോയിക്ക് 20 വർഷം കിട്ടും. അഞ്ജലിയെ വേണമെങ്കിൽ നമുക്കു കുരുക്കാം, അഞ്ജലിക്കെതിരെ കുറെ സംഭവങ്ങൾ എന്റെ കയ്യിലുണ്ട്. അവർക്കെതിരെ സമീപിച്ചവരുടെ ലിസ്റ്റുണ്ട്. അവരെ കുടുക്കിത്തരാം, അഞ്ജലിയല്ലേ നിങ്ങളുടെ ടാർജറ്റ് എന്ന് ചോദിച്ചു. എന്റെ ഓഫിസിലെത്തിയാണ് സംസാരിച്ചത്.-പരാതിക്കാരി പറയുന്നു.

സാക്ഷികളെ സ്വാധീനിക്കുന്നത് കേസിനെ ബാധിക്കും. ഇതിന് തെളിവാണ് പരാതിക്കാരിയുടെ ഈ വെളിപ്പെടുത്തൽ. അതുകൊണ്ട് തന്നെ റോയ് ജാമ്യത്തിന് ശ്രമിക്കുമ്പോൾ ഈ വിഷയവും ഉന്നയിക്കാൻ പ്രോസിക്യൂഷന് കഴിയും. ഇരയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ കോടതി ഗൗരവത്തോടെ എടുക്കും. അങ്ങനെ വന്നാൽ ഉടൻ ജാമ്യം കിട്ടുകയും അസാധ്യമാകും. ഒരു പക്ഷേ ദീർഘകാലം അഴിക്കുള്ളിൽ ഇതു കാരണം റോയിക്ക് കിടക്കേണ്ടിയും വരും.

അഞ്ജലി എനിക്കു 15 തരാനുണ്ട് എന്നു പറഞ്ഞത് അവർ കേട്ടത് 50 എന്നാണ് തോന്നിയത്. റോയ് എന്തിനാണ് തരുന്നതെന്ന് അപ്പോൾതന്നെ ചോദിക്കുകയും ചെയ്തു. അവരൊക്കെ ഒറ്റക്കെട്ടാണെന്നായിരുന്നു അയാളുടെ മറുപടി. ഇക്കാര്യം പൊലീസിനോടു പറഞ്ഞിട്ടുണ്ട്'- പരാതിക്കാരി വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വലയാറ്റ് പൊലീസിന് മുമ്പിൽ കീഴടങ്ങിയിരുന്നു. പരാതിക്കാരിയുടെ നിലപാടാണ് ഇതിന് കാരണം. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.

വൈറ്റിലയ്ക്ക് അടുത്ത് മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയിൽ തന്നെയും മകളെയും ഉൾപ്പടെ ഏഴു പെൺകുട്ടികളെ കൊച്ചിയിൽ ബിസിനസ് മീറ്റിന് എന്ന പേരിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമുള്ള കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോൾ സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ചായിരുന്നു സംഭവം.

ഫാഷൻ രംഗത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് കോഴിക്കോട്ടുകാരിയായ യുവസംരംഭക അഞ്ജലി റീമാദേവ് ആണ് ഇവരെ കൊച്ചിയിൽ കൊണ്ടുവന്നത് എന്നാണ് ആരോപണം. കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന ഇവർ ബിസിനസ് മീറ്റിന് എന്ന പേരിലാണ് അഞ്ചിലേറെ പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത്. കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം രാത്രി ആഡംബര കാറിൽ രാത്രി നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആരോപണങ്ങൾ അഞ്ജലി നിഷേധിച്ചിട്ടുണ്ട്. ഇവർക്ക് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.

രാത്രി പത്തിന് ഹോട്ടലിലെ പാർട്ടി ഹാളിൽ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റിമാ ദേവും മൊബൈലിൽ പകർത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.

മുൻ മിസ് കേരള അടക്കം കൊല്ലപ്പെട്ട അപകട മരണത്തോടെയാണ് റോയ് വലയാറ്റ് എന്ന പേര് ചർച്ചയാകുന്നത്. അപകട മരണത്തെ കുറിച്ചുള്ള അന്വേഷണം എത്തിയതുകൊച്ചിയിലെ ലഹരി മാഫിയ-പെൺവാണിഭ സംഘത്തിലാണ്. ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന് മോഡലുകൾ മരിച്ച റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇത് മറച്ചുവയ്ക്കാനാണോ ഡിസ്‌ക് ഒളിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അപകട മരണത്തിലെ അന്വേഷണം റോയിയിലേക്ക് നീളാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ ഇടപെടേണ്ട സാഹചര്യവുമുണ്ടായിരുന്നു.