കവൻട്രി: രണ്ടു ദിവസമായി ലോകം എങ്ങുമുള്ള മാദ്ധ്യമ പ്രവർത്തകർ ഊണുമുറക്കവും ഉപേക്ഷിച്ചു ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വിശേഷങ്ങൾ വായനക്കാരെയും പ്രേക്ഷകരെയും അറിയിക്കുന്ന തിരക്കിലാണ്. ഏറ്റവും ഒടുവിലായി അറിയാൻ ഉണ്ടായിരുന്ന കൗതുകത്തിനും ഇന്നലെ ഉച്ച തിരിഞ്ഞതോടെ തീരുമാനമായി. രാജകുമാരിയുടെ പേര് എന്തായിരിക്കും എന്ന ആകാംക്ഷയ്ക്ക് അറുതി നല്കി വൈകുന്നേരം നാലു മണിയോടെ വിൻസർ കൊട്ടാരത്തിൽ നിന്നും ട്വീറ്റ് പുറത്തു വന്നു, ഷാർലറ്റ് എലിസബത്ത് ഡയാന. ഈ പേര് സ്വന്തമാക്കുന്ന ലോകത്തെ ഏറ്റവും വാർത്ത പ്രാധാന്യം ഉള്ള കുഞ്ഞ് എന്ന വിശേഷണമാണ് തൊട്ടു പിന്നാലെ ടൈം മാഗസിൻ കണ്ടെത്തിയത്. ഷാർലറ്റ് എന്ന പേരുള്ള രണ്ടാമത്തെ കുഞ്ഞും മോശക്കാരി അല്ല എന്നും ടൈം പറയുന്നു, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മകൾ ചെല്‌സി ജന്മം നല്കിയ കുട്ടിയാണ് ഷാർലറ്റ് എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ഇങ്ങനെ തൊട്ടതും പിടിച്ചതും ഒക്കെയായി വാർത്തയിൽ നിറയുന്ന വില്യമിന്റെയും കേയ്റ്റിന്റെയും പുത്രിയെ കുറിച്ച് കഥകളും വിശേഷങ്ങളും ആവോളം നിറയുകയാണ്, ലോകമെങ്ങും.

അതിനിടെ കുഞ്ഞിന്റെ ജാതക പരിശോധനയും മുറയ്ക്ക് നടക്കുന്നു. ഭാരതീയ വിശ്വാസ പാരമ്പര്യം അനുസരിച്ച് ഇടവം രാശിയിൽ അത്തം നക്ഷത്രത്തിൽ ആണത്രേ കുഞ്ഞിന്റെ ജനനം. ഈ നക്ഷത്രത്തിൽ ജനിച്ച ആൾ ഭാരതീയ വിശ്വാസം അനുസരിച്ച് മരണാനന്തര കർമം അനുഷ്ടിക്കാൻ വിധിവശാൽ നിമിത്ത കാരണം ആയി തീരും എന്ന് പറയപ്പെടുന്നു. അത് അമ്മയുടെയോ അച്ഛന്റെയോ കുടുംബവും ആയി ബന്ധപ്പെട്ട് ആകാം. ജനന സമയത്തെ നക്ഷത്ര കൂറ് അനുസരിച്ചാണ് ജ്യോതിഷികൾ ഇത് കൃത്യമായി ഗണിചെടുക്കുക. എന്നാൽ ഈ നക്ഷത്രക്കാർ പൊതുവെ നേതൃ ശേഷി പ്രകടിപ്പിക്കുന്നവരാണ് എന്ന അനുമാനം കുഞ്ഞു ഷാർലറ്റിനെ ബ്രിട്ടീഷ് ജനതയുടെ പ്രിയങ്കരിയാക്കും. കേയ്റ്റിന്റെയും വില്യമിന്റെയും ആദ്യ സന്താനം രാജകുമാരൻ ജോർജിന്റെ സ്വഭാവത്തിന് ഏറെക്കുറെ നേർ വിപരീതം ആയിട്ടാകും പൊതു സമൂഹത്തിനു ഷാർലറ്റിനെ വീക്ഷിക്കേണ്ടി വരിക. ജോർജിനെ പൊതുവെ നാണം കുണുങ്ങി ആയിട്ടായിരുന്നു ജനന സമയം ജ്യോതിഷ വിശ്വാസികൾ വിശേഷിപ്പിച്ചിരുന്നത്.

അത്തം നക്ഷത്രത്തിൽ ജനിച്ചതിനാലും ഇടവം രാശിയിലും ആയതിനാലും സ്വഭാവത്തിൽ കണിശതയും സ്ഥിരതയും അവകാശപ്പെടാൻ കഴിയുന്ന ജാതകം ആയിരിക്കും കുഞ്ഞു ഷാർലറ്റിന്റേത്. ഇത് മുത്തശ്ശിയും ഇപ്പോഴത്തെ രാജ്ഞിയും ആയ എലിസബത്തിന്റെ സ്വഭാവും ആയി ഏറെ ചേർന്ന് നില്ക്കുന്നത് ആണെന്നും പറയപ്പെടുന്നു. ഈ സന്തോഷം രാജ്ഞി എലിസബത്തും മറച്ചു വയ്ക്കുന്നില്ല. തനിക്കു യഥാർത്ഥ അവകാശി ഉണ്ടായി എന്ന മട്ടിലാണ് കുഞ്ഞിന്റെ ജനന ശേഷം രാജ്ഞി പൊതു വേദിയിൽ പ്രകടിപ്പിച്ച പ്രസന്നതയും വാക് ചാതുര്യവും തെളിയിക്കുന്നത്. കുഞ്ഞു ജനിച്ച ദിവസം പിങ്ക് വർണത്തിൽ ഉള്ള കുപ്പായം അണിഞ്ഞാണ് രാജ്ഞി തന്റെ അതിരറ്റ സന്തോഷം ബ്രിട്ടീഷ് ജനതയുമായി പങ്കിട്ടത്. അത്തം നക്ഷത്രക്കാർ കാളയുടെ സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ ഇവരുടെ മൃഗം ആയി കാള പരിഗണിക്കപ്പെടുന്നു. വീറും വാശിയും ശാഠ്യവും ഒക്കെ തനി മുഖ മുദ്ര ആയിട്ടുള്ള ഇവർ മറ്റുള്ളവരെ അനുസരിക്കുന്നതിലും ഇഷ്ട്‌പ്പെടുക അനുസരിപ്പിക്കുന്നതിൽ ആയിരിക്കും.

കൈ എന്നർത്ഥമുള്ള ഹസ്ത എന്ന വാക്കിൽ നിന്നാണ് അത്തത്തിന്റെ ജനനം. ഏറ്റവും ബുദ്ധിശക്തിയും പ്രസരിപ്പും വാക് ചാതുരിയും ഒക്കെ ഇവർക്ക് സ്വന്തം. കൂടെ നിതാന്ത പരിശ്രമ ശാലികളും. അപ്പോൾ വിജയം ഇവരുടെ കൂടെ ആകാതെ തരമില്ലല്ലോ. തങ്ങളുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിലും മറ്റുള്ളവരുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കാനും ഈ ജാതകക്കാർക്ക് പ്രത്യേക കഴിവ് തന്നെയാണ്. സാക്ഷാൽ സൂര്യ ഭഗവൻ തന്നെ ഈ ജാതകക്കാരുടെ ഇഷ്ട്ടദേവൻ ആയിരിക്കുന്നതിനാൽ സകല അധികാരവും ഇവരിൽ വന്നു ചേരും എന്നാണ് നക്ഷത്ര ശാസ്ത്രം പറയുന്നത്. ഇത്തരം ആളുകളുടെ ജനന ശേഷം കുടുംബത്തിനു കൂടുതൽ ഐശ്വര്യവും ശ്രേഷ്ടതയും വന്നു ചേരും എന്നതും ഭാഗ്യനക്ഷത്രമായി ഇവരെ പരിഗണിക്കാൻ പ്രത്യേക കാരണമാണ്. പ്രത്യേകിച്ചും പെൺ കുഞ്ഞുങ്ങൾക്കാണ് ഈ നക്ഷത്രം അനുയോജ്യം എന്നതിനാൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ നവ അതിഥി രാജകുമാരിയുടെ സകല സവിഷേതകളും സ്വന്തമാക്കിയാകും വളരുക എന്ന് ജ്യോതിഷികൾ അനുമാനിക്കുന്നു.

പെൺകുഞ്ഞു ആയതിനാൽ വായാടി ആയി മാറുമെന്നും എന്നാൽ രാഷ്ട്രീയത്തിൽ എത്തിപ്പെട്ടാൽ ഈ നക്ഷത്രക്കാർ സകല ചാതുരിയോടെയും ശോഭിക്കും എന്നത് ഷാർലറ്റ് രാജകുമാരിക്ക് ഏറെ യോജിക്കും എന്നുറപ്പാണ്. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇന്നും രാജകുടുംബ സ്വാധീനം ചോർച്ചയില്ലാതെ പരിരക്ഷിക്കപ്പെടുന്നതിനാൽ ഭാവിയിൽ ജോർജും ഷാർലറ്റും വളർന്നു വരുമ്പോൾ ജാതക പ്രത്യേകതകൾ അനുസരിച്ച് ജോർജിനെ പിന്തള്ളി അധികാരം സ്ഥാപിക്കാൻ ഷാർലറ്റ് രാജകുമാരിക്ക് നിഷ്പ്രയാസം സാധിക്കും എന്ന് ജ്യോതിഷികൾ ഉറപ്പിക്കുന്നു. ഇവർ മനസ്സിൽ ഉറപ്പിക്കുന്നത് നേടിയിട്ടെ വിശ്രമിക്കൂ എന്നതാണ് മറ്റൊരു പ്രത്യേകത. പറയുന്നതിലോ പ്രവർത്തിക്കുന്നതിലോ ഒരിക്കലും വീണ്ടു വിചാരമോ ചെയ്ത കാര്യത്തെ ഓർത്ത് വിഷമിക്കലൊ ഇവരുടെ ഏഴയലത്ത് പോയിട്ടുള്ള കാര്യം അല്ല.

ഈ നക്ഷത്രത്തിലെ സ്ത്രീകൾ ഒരു ചിരിയിൽ കാര്യം സാധിക്കാൻ വിദഗ്ദ്ധർ ആണത്രേ. അത്ര വശ്യതയുള്ള പെരുമാറ്റവും സൗന്ദര്യവും സ്ത്രീത്വവും ഇവരെ ആദരവിന്റെ നെറുകയിൽ എത്തിക്കും. എല്ലാം സ്വന്തം നിയന്ത്രണത്തിൽ എന്നത് തന്നെ ആണ് ഹസ്തം എന്ന വക്കിൽ നിന്നും ഒരുതിരിഞ്ഞ അത്തം നക്ഷത്രക്കാരുടെ ഏറ്റവും മികച്ച സവിശേഷതയും. ദേവഗുണ മഹിമ ഉള്ളതിനാൽ വിജയം മാത്രമാണ് ഈ നക്ഷത്രത്തിൽ ഗണിക്കുന്ന പ്രധാന കാര്യം. സ്ത്രീ ജാതകം കൂടി ആയതിനാൽ ഷാർലറ്റിന്റെ ഭാവിയിൽ ഇനി ഒരു തർക്കമേ വേണ്ട എന്ന നിലപാടിലേക്ക് യോജിക്കുകയാണ് ഇന്ത്യയിലെയും ബ്രിട്ടനിലെയും ജ്യോതിഷികളിൽ ഏറിയ പങ്കും.

ജനന സമയം അനുസരിച്ച് കുട്ടിയുടെ ബാല്യം വ്യാഴ നിയന്ത്രണത്തിലും ചുറുച്ചുറുക്കുള്ളതും രോഗ പീഡകൾ കുറഞ്ഞതും ആയിരിക്കും. എന്നാൽ പിന്നീടുള്ള ഘട്ടം ശുക്രൻ വരുന്നതോടെ പഠനത്തിൽ ഏറെ ശോഭിക്കാൻ ഉള്ള സാധ്യതയാണ് കല്പിക്കപ്പെടുന്നത്. ഏറ്റവും നന്നായി ഷാർലറ്റ് തന്റെ ജീവിതം പിന്നിടുന്ന ഘട്ടവും ഇത് തന്നെ ആയിരിക്കും. എന്നാൽ യൗവ്വനത്തോടെ കടന്നു വരുന്ന ചൊവ്വ അലപം പ്രശ്‌നങ്ങൾ ജീവിതത്തിൽ സൃഷ്ടിച്ചേക്കും എന്ന മുന്നറിയിപ്പും ലഭ്യമാണ്. ഇത് ഒരു പക്ഷെ വൈവാഹിക ജീവിതവും ആയി ബന്ധപ്പെട്ടാകാം. എന്നാൽ അപാരമായ ബുദ്ധി ശക്തിയോടെ ഈ ഘട്ടം നിസ്സാരമായി കുട്ടിക്ക് തരണം ചെയ്യാൻ കഴിയും എന്നു പ്രവചിക്കാൻ ജ്യോതിഷികൾ മടിക്കുന്നില്ല. നാലാം ഘട്ടത്തിൽ ചന്ദ്രൻ കടന്നു വരുന്നതോടെ അധികാരം കയ്യിൽ എത്താൻ ഉള്ള സാധ്യതയാണ് കല്പിക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ ഷാർലറ്റ് സാമൂഹ്യ സേവനത്തിൽ ആയിരിക്കും എന്ന സൂചന നല്കുന്നതും രാജാ കുടുംബ അധികാര അവകാശം തന്നെയാണ്.

ഒന്നിലേറെ വിവാഹ ബന്ധം ഉണ്ടാകാൻ ഉള്ള സാധ്യത അമ്മൂമ്മ ഡയാനയുടെ ഓർമ്മ ബ്രിട്ടീഷ് ജനതയിൽ സൃഷ്ടിച്ചേക്കും. പേരിനൊപ്പം ഡയാന കടന്നു വന്നത് വെറും നിമിത്തമായി കണക്കാക്കാൻ ജ്യോതിഷ ലോകം തയ്യാറല്ല. എന്നാൽ ജീവ കാരുണ്യ പ്രവർത്തനത്തിലും മറ്റും സജീവം ആകാനുള്ള പ്രവണത ഉള്ളതിനാൽ ജനം ഇഷ്ടപ്പെടുന്ന സ്വഭാവം ആയിരിക്കും കുട്ടിയുടേത് എന്ന് നക്ഷത്ര പ്രവചനം ഉറപ്പു പറയുന്നു. ലോകം എങ്ങും സഞ്ചരിക്കാൻ ഉള്ള സാധ്യതയും അമ്മൂമ്മ ഡയാനയുടെ ഓർമ്മകൾ തന്നെയാകും ലോകത്തിനു സമ്മാനിക്കുക. എന്നാൽ ലൈംഗികത ഈ നക്ഷത്രക്കാർ അത്ര നന്നായി അസ്വദിക്കാത്തതിനാൽ വിവാഹ ബന്ധം തകരാനും പങ്കാളി ദീർഘനാൾ കൂടെ കഴിയാനും ഉള്ള സാധ്യത ചുരുക്കാനും കാരണമാകും. തീരുമാനം എടുക്കാൻ കാലതാമസം ഉണ്ടാകുന്നതു മറ്റൊരു ദോഷമായി ഇവരിൽ ചൂണ്ടിക്കാട്ടപ്പെടുന്നു. രാത്രികളെ ഇവർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് രസകരമായ മറ്റൊരു പ്രത്യേകത.

ഇങ്ങനെ കൗതുകങ്ങളും സവിശേഷതകളും പ്രവചിക്കപ്പെടുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം ... ഭാവി രാജ്ഞി ആരെന്നു ഏറെക്കുറെ ഉറപ്പിക്കപ്പെട്ടിരിക്കുന്നു, മൂന്നു ദിവസം മുൻപ് പിറന്നു വീണ ഷാർലറ്റ് എലിസബത്ത് ഡയാന ഒരു നാൾ ബ്രിട്ടന്റെ കിരീടവും ചെങ്കോലും കൈകളിൽ ഏന്തി ചരിത്രത്തിന്റെ കൂടെ നടക്കാൻ തയ്യാറാകുന്നു... കുഞ്ഞി കാലടികളിൽ പിച്ച വയ്ക്കും മുന്നേ തന്നെ.