- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാന യോഗവും പണിമുടക്കും കഴിഞ്ഞതോടെ വീണ്ടും ആയുധവും ബോംബുമെടുത്ത് നേർക്കുനേർ; ഡയമണ്ട് മുക്കിൽ പട്ടിയെ കൊന്നുകെട്ടിത്തൂക്കിയത് മറക്കാതെ ആർഎസ്എസ്; ആശങ്ക ഒഴിയാതെ കണ്ണൂർ
കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ട ഡയമണ്ട് മുക്കിൽ പട്ടികളെ കൊലചെയ്ത് കെട്ടിത്തൂക്കിയത് സിപിഐ(എം) ആണെന്ന് ആർ.എസ്.എസ്. നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു. പൊലീസിലെ കള്ളക്കളി മൂലമാണ് സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്തുവരാത്തതെന്ന് ആർ.എസ്.എസ്.ആരോപിച്ചു. സിപിഐ(എം). ആർ.എസ്.എസ്- ബിജെപി. രക്തസാക്ഷി ദിനാചരണങ്ങളിൽ ഇനി മുതൽ പട്ട
കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ട ഡയമണ്ട് മുക്കിൽ പട്ടികളെ കൊലചെയ്ത് കെട്ടിത്തൂക്കിയത് സിപിഐ(എം) ആണെന്ന് ആർ.എസ്.എസ്. നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു. പൊലീസിലെ കള്ളക്കളി മൂലമാണ് സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്തുവരാത്തതെന്ന് ആർ.എസ്.എസ്.ആരോപിച്ചു. സിപിഐ(എം). ആർ.എസ്.എസ്- ബിജെപി. രക്തസാക്ഷി ദിനാചരണങ്ങളിൽ ഇനി മുതൽ പട്ടികളും രക്തസാക്ഷികളാകേണ്ടി വരുമെന്ന അവസ്ഥ സംജാതമാകുമെന്ന ഭയത്തിലാണ് കണ്ണൂർ ജില്ലയിലെ ജനങ്ങൾ. രാഷ്ട്രീയ അക്രമങ്ങളിൽ ആടുകളും കോഴികളും കൊലചെയ്യപ്പെട്ട സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം സംഘർഷത്തിനിടയിലാണ്. ബോധപൂർവ്വം പട്ടികളെക്കൊന്ന് രക്തസാക്ഷിയെ അപമാനിച്ചതിന് ഏതു നിലയിലുള്ള തിരിച്ചടിയാണ് ഉണ്ടാവുകയെന്ന് ആർക്കും പ്രവചിക്കാനാവില്ല.
പട്ടികളെ കൊലപ്പെടുത്തി പ്രദർശിപ്പിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മിണ്ടാപ്രാണികളെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസ് പതിവുപോലെ എവിടേയും എത്തില്ലെന്നാണ് ആർ.എസ്.എസ്. ആരോപിക്കുന്നത്. അത്തരമൊരു പൊലീസ് സംവിധാനമാണ് ഈ മേഖലയിലെന്ന് ആർ.എസ.എസ്. പറയുന്നു. എന്നാൽ പട്ടിക്കൊലയിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ(എം).മറ്റേതോ ശക്തികളായിരിക്കാം ഇതിന്റെ പിറകിലെന്ന പ്രചാരണവും നടക്കുന്നുണ്ട്. ഊഹാപോഹങ്ങൾക്ക് വിരാമമിടേണ്ടത് പൊലീസാണ്. അതുണ്ടായില്ലെങ്കിൽ അല്പദിവസത്തെ ഇടവേളക്കു ശേഷം ജില്ലയിൽ വീണ്ടും സംഘർഷസാധ്യതക്ക് ഇതും കാരണമായേക്കാം.
ജില്ലാ കലക്ടർ വിളിച്ചു ചേർത്ത സമാധാനയോഗത്തിനു ശേഷവും ജില്ലയിൽ അക്രമസംഭവങ്ങൾ അരങ്ങേറി. പതിവു പോലെ യോഗം ചേർന്ന് ഒപ്പിട്ടു പിരിഞ്ഞു പോയതിന്റെ ഫലമാണ് ഈ അവസ്ഥക്ക് കാരണമായത്. ദേശീയ പണിമുടക്ക് സമാധാനമായി കടന്നു പോയെങ്കിലും വൈകീട്ടോടെ മാറ്റിവച്ച അക്രമ സംഭവങ്ങൾ പതിവു പോലെ അരങ്ങേറി. പിണറായി വെട്ടുട്ടായിലാണ് തുടക്കം. ആർ.എസ്.എസ്, സി.പി..ഐ.(എം). പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. എ.കെ.ജി. വായനശാലക്കു നേരെ അക്രമം നടത്തിയെന്ന് സിപിഐ.(എം). തങ്ങളുടെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചെന്ന് ആർ.എസ്.എസും. വായനശാലക്കകത്തെ ടി.വി.യും ഫർണ്ണിച്ചറുകളും തകർക്കപ്പെട്ടു. ഇതിനിടയിൽ ബോംബും പൊട്ടി. വാളുമായും ചിലർ രംഗത്തു വന്നു.
കൂത്തുപറമ്പ് വേങ്ങാട്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. പരിക്കുകളോടെ മൂന്ന് ആർ. എസ്.എസ്.പ്രവർത്തകർ ആശുപത്രിയിലാണ്. സിപിഐ(എം) പ്രവർത്തകർ ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം അക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ആർ എസ്.എസ്. നേതാവായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് ആർ.എസ് എസിനെ അപകീർത്തിപ്പെടുത്തും വിധം പോസ്റ്റർ പതിച്ചതും ജനങ്ങളിൽ ഭീതി പരത്തി. സംഭവത്തോടനുബന്ധിച്ച് ഉക്കാസ് മൊട്ടയിലെ അഞ്ച് ഡിവൈഎഫ്ഐ. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ കലക്ടറുടെ ചേംബറിൽ സിപിഐ(.എം) നേതാക്കളും ആർ.എസ്.എസ്.-ബിജെപി. നേതാക്കളും മണിക്കുറുകൾ നീണ്ട ചർച്ചകൾ നടത്തിയെങ്കിലും ജില്ലയിൽ സമാധാന ശ്രമം എങ്ങുമെത്തിയില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ രാത്രി നടന്ന അക്രമങ്ങൾ. പ്രാദേശിക തലത്തിൽ നേതാക്കളെ ഒരുമിച്ചിരുത്തി സമാധാനം കൈവരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ജില്ലാതല സമാധാന കമ്മിറ്റി ഒറ്റ വരിയിൽ അംഗീകരിച്ചെന്നു പറയുന്ന സമാധാന ആഹ്വാനം കൊണ്ട് മാത്രം ജില്ലയിൽ സമാധാനം കൈവരിക്കാനാകില്ലെന്ന് തൊട്ടടുത്ത ദിവസം തന്നെതെളിയിച്ചിരിക്കയാണ്. പ്രാദേശികമായി രാഷ്ട്രീയകക്ഷികൾ ബോംബും മറ്റ് ആയുധങ്ങളും നിർലോഭമായി ഉപയോഗിച്ചു വരുന്നതിന് അറുതിയായിട്ടില്ല. ഇന്നലെ അക്രമം നടന്നിടത്തെല്ലാം ബോംബും മറ്റ് ആയുധങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ആയുധങ്ങൾ ആര് സൂക്ഷിച്ചാലും പിടിച്ചെടുക്കാനും ഇവ നിർമ്മിക്കാതിരിക്കാനുമുള്ള സംവിധാനം പൊലീസ് ഏർപ്പെടുത്തണം.