തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാനത്തെ പള്ളിച്ചൽ പഞ്ചായത്തിലെ 95, 96 അംഗൻവാടികളിൽ കുറച്ച് ആർഎസ്എസ്- ബിജെപി പ്രവർത്തകർ എത്തി. ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലായിരുന്നു വരവ്.

വിദ്യാർത്ഥികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്യാനെത്തിയതാണെന്ന് വിശദീകരിച്ചപ്പോൾ അദ്ധ്യാപകർ സമ്മതം നൽകി. രണ്ട് അംഗൻ വാടികളിലുമായി 40 ഓളം സമ്മാനപ്പെട്ടികൾ വിതരണം ചെയ്തു.

പെട്ടികൾക്കുള്ളിൽ ഗണപതിയുടേയും, മഹാലക്ഷ്മിയുടേയും ചെറുവിഗ്രഹങ്ങൾ, ഗണപതി, സരസ്വതി, ലക്ഷ്മീദേവി എന്നീ ദൈവങ്ങളുടെ ഫോട്ടോകൾ, ഇവയ്ക്ക് പൂജ നൽകാനുള്ള കലശം, ഗംഗാജലം, ഭസ്മം, മഞ്ഞൾപ്പൊടി, ചന്ദനത്തിരി എന്നിവ ഉൾപ്പെടെ 25 പൂജാസാമഗ്രികളുമുണ്ടായിരുന്നു.

ഇസ്ലാം, ക്രിസ്തീയ മതത്തിലുള്ളവർ കൂടുതലുള്ള പള്ളിച്ചലിൽ സംഭവം വൻ ചർച്ചയായിരിക്കുകയാണ്. പെട്ടികൾക്ക് മുകളിൽ മന്ത്രച്ചരടുകൾ കെട്ടിയിരുന്നു. മറ്റു മതവിശ്വാസികളായ രക്ഷിതാക്കൾ പെട്ടികൾ മടക്കിക്കൊടുത്തുവിട്ടു. ചിലർ അംഗൻവാടികളിലെത്തി പരാതി ഉന്നയിക്കുകയും ചെയ്തു.

കേരളത്തിൽ ആർഎസ്എസ് നിർദ്ദേശിച്ച വർഗീയ അജണ്ട നടപ്പാക്കാനുള്ള ബിജെപി-ആർഎസ്എസ് ശ്രമമാണ് സംഭവത്തിനു പിന്നിലെന്നാരോപിച്ച് ഇടതു-വലതു പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. സമ്മാനപ്പെട്ടി വിതരണം തുടർന്നാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് തടയാനാണ് മറ്റു രാഷ്ട്രീയപാർട്ടികളുടെ നീക്കം. തങ്ങളുടെ മക്കൾക്ക് ഇത്തരം സമ്മാനങ്ങൾ നൽകി മാനസികമായി പീഡിപ്പിക്കുന്നതിനെതിരേ പൊലീസിൽ പരാതി നൽകാനാണ് മറ്റു മതങ്ങളിൽപ്പെട്ട ചില രക്ഷിതാക്കളുടെ തീരുമാനം.

പുറത്തുനിന്നുള്ളവർക്ക് അംഗൻവാടികളിൽ സമ്മാനങ്ങൾ വിതരണം ചെയ്യണമെങ്കിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിയമം. സ്ഥലത്തെ പഞ്ചായത്ത് അംഗം നേരിട്ടുവന്നതുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നൽകുന്ന സമ്മാനമാണെന്നാണ് തങ്ങൾ കരുതിയതെന്ന് അംഗൻവാടി അധികൃതർ വിശദീകരിക്കുന്നു.

പെട്ടിയിൽ എന്താണുള്ളതെന്ന് ജീവനക്കാരോട് വെളിപ്പെടുത്തിയിരുന്നില്ല. കുട്ടികൾക്ക് പഠിക്കാനുള്ള എന്തെങ്കിലുമായിരിക്കുമെന്നായിരുന്നു അദ്ധ്യാപികമാരുടെ നിഗമനം. സമ്മാനപ്പെട്ടി രക്ഷിതാക്കൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് പൂജാസാമഗ്രികൾ കണ്ടത്. പെട്ടിയിൽ മന്ത്രച്ചരടുകൾകൂടി കണ്ടതോടെ മറ്റു മതവിഭാഗങ്ങളിൽപെട്ടവർ സ്വീകരിച്ചില്ല.

വിഷയം എന്തായാലും സംസ്ഥാന ആഭ്യന്തരവകുപ്പിന്റേയും പൊലീസിന്റേയും ശ്രദ്ധയിലെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള നീക്കമാണോ എന്ന നിരീക്ഷണത്തിലാണ് പൊലീസും ഇന്റലിജന്റ്‌സ് വിഭാഗവും.