കൊല്ലം : സിപിഎം കരുനാഗപ്പള്ളി ഏരിയ സമ്മേളനത്തിലും തുടർന്ന് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിലുമുണ്ടായ വിവാദത്തിനും തർക്കങ്ങൾക്കും പിന്നാലെ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ ആർഎസ്എസ് ജില്ലാ നേതാവും യുവമോർച്ച ജില്ലാ കമ്മിറ്റിയംഗവുമായ പെൺകുട്ടിക്ക് നിയമനം നൽകിയത് പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടു.

ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ അജയപ്രസാദിന്റെ നാട്ടിൽ തന്നെ ആർഎസ്എസ് പ്രവർത്തകയ്ക്ക് സിപിഎം ഭരണം കൈയാളുന്ന പഞ്ചായത്തിൽ നിയമനം നൽകിയത് പാർട്ടിക്കുള്ളിൽ വൻ എതിർപ്പിനിടയാക്കിയിരിക്കുകയാണ്. സിപിഎം ഏരിയ കമ്മിറ്റിയേയോ ക്ലാപ്പനയിലെ പാർലമെന്ററി പാർട്ടി നേതാക്കളെയോ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു നിയമനമെന്നാണ് ഇതിനെ എതിർക്കുന്ന വിഭാഗം പറയുന്നത്.

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഭാര്യയാണ് നിയമനം നേടിയ ആർഎസ്എസ് പ്രവർത്തക. ഇവരെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറിയെ എതിർക്കുന്ന വിഭാഗം ശക്തമായ വിമർശനമുയർത്തിയിരിരുന്നു.

ശബരിമല പ്രശ്നകാലത്തും മറ്റും സിപിഎമ്മിനെയും നേതാക്കളെയും നവ മാധ്യമങ്ങളിലൂടെ ശക്തമായി എതിർത്തയാളാണ് പെൺകുട്ടി. നിലവിലുള്ള സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയെ എതിർക്കുന്ന വിഭാഗമാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളവർ.

ക്ലാപ്പനയിലെ രണ്ട് ലോക്കൽ കമ്മിറ്റികളിൽ പടിഞ്ഞാറേ ലോക്കൽ കമ്മിറ്റി ഈ പക്ഷത്തിന് ഒപ്പം നിൽക്കുന്നവരാണ്. ഇവർക്ക് ജില്ലാ സംസ്ഥാന നേതൃത്വത്തിൽ ചിലരുടെ ശക്തമായ പിന്തുണയും ഉണ്ട്. ഇതുപയോഗപ്പെടുത്തി പഞ്ചായത്തിൽ ബ്ലോക്ക് സെക്രട്ടറിയുടെ ഭാര്യക്ക് ജോലി തരപ്പെടുത്തുകയായിരുന്നുവെന്നും ഇവർ അജയപ്രസാദിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചിരിക്കുകയാണെന്നും എതിർവിഭാഗം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ഡേറ്റ എൻട്രി ഓപറേറ്ററായിട്ടാണ് പെൺകുട്ടി ജോലിയിൽ പ്രവേശിച്ചത്. ഇതിനുശേഷമാണ് പാർട്ടി നേതൃത്വം ഉൾപ്പെടെയുള്ളവർ ഇക്കാര്യം അറിയുന്നത്. പാർട്ടിയുടെ ഘടകങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും ഉൾപ്പെടെ മറച്ചുവെച്ചുകൊണ്ട് അതീവ രഹസ്യമായി നടത്തിയ നിയമനത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ഡിവൈഎഫ്.ഐയിലെ വലിയൊരു വിഭാഗം നിലിവിലുള്ള ബ്ലോക്ക് നേതൃത്വത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും അജയപ്രസാദിനെ അരുംകൊല ചെയ്ത പാർട്ടിയുടെ നേതാവായി പ്രവർത്തിച്ചിരുന്ന പെൺകുട്ടിക്ക് അതേ പഞ്ചായത്തിൽ നിയമനം നൽകിയത് ഭൂരിപക്ഷം യുവജന പ്രവർത്തകരുടെ ഇടയിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം.