തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് നടന്നുവരുന്ന സി.പി.എം ബിജെപി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി നടന്ന ശ്രീകാര്യം ബസ്തി കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ നടുങ്ങി ശ്രീകാര്യം ഇടവക്കോട് പ്രദേശം. ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസമായുള്ള അരക്ഷിത അവസ്ഥ തങ്ങളുടെ മേഖലയിലേക്കും വ്യാപിച്ചതിന്റെ ഭയം ഒരോ പ്രദേശവാസികളിലും നിഴലിച്ച് കാണാം.ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും സി.പി.എം തന്നെയാണ് ഇതിന് പിന്നിലെന്നും ബിജെപി ജില്ലാ സംസ്ഥാന നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നു.

രാജേഷിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയായ മണികുട്ടൻ കാപ്പ ചുമത്തിയും ഗുണ്ടാ ആക്റ്റിലും ജയിലിൽ കഴിഞ്ഞിട്ടുള്ളയാളാണ്.ഇയാൾ മുൻപ് ആർഎസ്എസ് പ്രവർത്തകനും പിന്നീട് കോൺഗ്രസിലേക്കും ഇപ്പോൾ ചില പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകരുമായും അടുപ്പം പുലർത്തുന്നയാളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അധികാരം എവിടെയാണോ അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ് മണിക്കുട്ടന്റെ രീതി. മണ്ണ് മാഫിയയുടെയും ബ്ലേഡ് പലിശക്ക് പണം നൽകുന്നതും ഗുണ്ടാ പ്രവർത്തനവും നടത്തുന്നതിന് പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ള വ്യക്തിയാണ് മണികുട്ടൻ.

ആർഎസ്എസ് പ്രവർത്തകനായിരുന്ന ഇയാൾ ചില കേസുകളുണ്ടായ പശ്ചാത്തലത്തിൽ സംഘത്തിൽ നിന്ന് പുറത്ത് പോവുകയും പിന്നീട് കോൺഗ്രസ്സുമായി സഹകരിച്ച് പ്രവർത്തിക്കുകയുമായിരുന്നു. കഴക്കൂട്ടം നിയോചക മണ്ഡലത്തിൽ കോൺഗ്രസ് എംഎൽഎ ആയി എംഎ വാഹിദ് ഇരിക്കുന്ന സമയത്ത് ഇയാൾ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം പ്രവർത്തകർക്ക് നേരെയും ഇയാൾ അക്രമം നത്തിയിരുന്നു.രാജേഷിന്റെ ചില ബന്ധുക്കളുമായുള്ള വിഷയങ്ങളും തുടർന്നുള്ള പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മണിക്കുട്ടനും രാജേഷിന്റെ മാമൻ പ്രഭാകരനും താമസിക്കുന്നത് ഇടവക്കോടിന് സമീപമുള്ള കരുമ്പക്കോണം കോളനിയിലാണ്. പ്രഭാകരന്റെ രണ്ട് ആൺ മക്കളും മണിക്കുട്ടനും തമ്മിൽ വലിയ സൗഹൃദത്തിലുമായിരുന്നു. മണിക്കുട്ടന്റെ ചില കേസുകളിൽ ഇവർ ജാമ്യം നിൽക്കുകയും ചെയ്തിരുന്നു. രാജേഷ് ഇടപെട്ട് ഇത് തടയുകയും മണിക്കുട്ടനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ നടത്തിയ ചില സാമ്പത്തിക ഇടപാടുകളുടെ പേര് പറഞ്ഞ് അയൽവാസികളായ രാജേഷിന്റെ ബന്ധുക്കളെ മണിക്കുട്ടനും സംഘവും മർദ്ദിക്കുകയും വീടിന് കേട്പാട് വരുകയും ചെയ്തിരുന്നു. അക്രമത്തിൽ രാജേഷിന്റെ ബന്ധുക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രാജേഷിന്റെ ബന്ധുക്കളെ അക്രമിച്ച സംഘവും പിന്നീട് തങ്ങൾക്ക് നേരെയാണ് അക്രമം നടന്നതെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇരു വിഭാഗവും വീണ്ടും പ്രശ്നങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് മെഡിക്കൽകോളേജ് സിഐ സംഭവത്തിൽ കേസെടുത്തിരുന്നു. ആശുപത്രിയിൽ വെച്ച് നടന്ന പ്രശ്നങ്ങളിൽ മണിക്കുട്ടൻ പങ്കെടുത്തിരുന്നില്ല.രണ്ടാഴ്ചയ്ക്ക് മുൻപാണ് ഈ സംഭവം നടന്നത്. അന്ന് കേസെടുത്തെങ്കിലും മണിക്കുട്ടൻ ഒളിവിലായിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇന്നലെയാണ് ഇയാൾ സ്ഥലതെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത് ഇയാൾ നടത്തിയ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നാണ്.

ഏർ ക്യാമ്പിൽ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. കൊലപാതകം വ്യക്തി വൈരാഗ്യം കാരണമാണോ എന്ന് ചോദ്യം ചെയ്യലിന് ശേഷം മാത്രമെ പുറത്ത് വരികയുള്ളു. കൊലക്കേസിലെ പ്രധാനിയായ മണിക്കുട്ടൻ അടുത്ത കാലത്തായി സിപിഎമ്മുമായി ബന്ധം സ്ഥാപിച്ചയാളാണെന്നാണ് വിവരം.

കാപ്പ ചുമത്തിയും ഗുണ്ടാ ആക്റ്റിൽ ജയിലിൽ കഴിഞ്ഞിട്ടുള്ളതുമായ ഇയാൾ തനിക്ക് ജാമ്യം കിട്ടുന്നതിനും കേസുകളിൽ നിന്ന് ഒഴിവാക്കികിട്ടുന്തിനുമായി രാഷ്ടരീയ ബന്ധങ്ങൾ ഉപയോഗിച്ചിരുന്നയാളാണെന്നും പൊലീസ് തന്നെ പറയുന്നു.ആർഎസ്എസ് പ്രവർത്തകനായിരുന്ന ശേഷം പിന്നീട് കോൺഗ്രസിലേക്കും ഈ അടുത്തായി ഡിവൈഎഫ്ഐ പ്രവർത്തകരുമായി സഹകരിച്ച് വരികയായിരുന്നു. ഇയാളെ കാട്ടാക്കടയിൽ ഒളിവിൽ താമസിക്കാൻ സഹായിച്ചത് പ്രാദേസിക ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

മുൻപ് കോൺഗ്രസുമായി സഹകരിച്ചിരുന്ന സമയത്ത് സി.പി.എം ചെറുവയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വഞ്ചിയൂർ ഏര്യാ കമ്മിറ്റി അംഗവുമായ സാജു എൽഎസിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിനും അക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അതേസമയം സി.പി.എം പ്രദേശിക നേതാക്കളുമായും മണിക്കുട്ടന് ബന്ധമുണ്ട്. സ്ഥിരം ക്രിമനിൽ ആയതിനാൽ പലപ്പോഴും കേസുകളിൽ നിന്നും ഊരാൻ വേണ്ടിയാണ് പ്രദേശത്തെ പ്രദേശിക നേതാക്കളുമായി മണിക്കുട്ടൻ ബന്ധം സ്ഥാപിച്ചത്. എന്നാൽ, പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന വിധത്തിലുള്ള ബന്ധം ഇല്ലതാനും.

നേരത്തെ കോൺഗ്രസ് ഭരണത്തിൽ ഇരുന്ന വേളയിൽ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധവും സമാനമായ വിധത്തിലായിരുന്നു. സ്വന്തം കേസുകളിൽ നിന്നും ഊരാൻ വേണ്ടി ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ നേതാക്കളുമായി മണിക്കുട്ടൽ അടുത്തത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ താമസിച്ചത് പുലിപ്പാറയിലായിരുന്നു. ഇവിടെ സാജു എന്നയാളുടെ കുടുംബ വീട്ടലാണ് മണിക്കുട്ടനും സംഘവും കഴിഞ്ഞത്. പ്രതികളെ ഒളിവിൽ പാർപ്പിച്ച അരുൺ, രാജേഷ്, ഗിരീഷ് എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർക്ക് ഡിവൈഎഫ് ബന്ധമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.