കോഴിക്കോട്: രാഷ്ട്രീയ സംഘർഷ ഭൂമികയായ നാദാപുരത്ത് വീണ്ടും കോലീബി വിവാദം. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ പട്ടികജാതി സംവരണ സീറ്റിൽ ആർഎസ്എസ് പ്രവർത്തകനെയാണ് ലീഗ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്ാനണ് സിപിഎം ആരോപിക്കുന്നത്. രഹസ്യ ധാരണയുടെ ഭാഗമായി ഈ ഡിവിഷനിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുമില്ലെന്നും ഇടതുനേതാക്കൾ ആരോപിക്കുന്നു.

കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെക്യാട് പഞ്ചായത്തിലെ ആർഎസ്എസ് സ്വാധീന കേന്ദ്രമായ ഉമ്മത്തൂരിലെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു ഉമേഷ്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ബിജെപി സ്ഥാനാർത്ഥികൾ ഉമ്മത്തൂർ നിവാസികളാണ്. ഉമേഷിന്റെ പിതൃസഹോദരൻ അനീഷ് നാലാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്.

സ്ഥാനാർത്ഥിയാക്കുന്നതിന്റെ ഒരു ദിവസം മുമ്പ് ലീഗ് മെമ്പർഷിപ്പ് നൽകി മത്സരത്തിനിറക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ എൻ മനോജനാണ്. കോലീബി സഖ്യത്തിനെതിരെ ലീഗ് അണികൾത്തന്നെ സോഷ്യൽ മീഡിയയിൽ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. 2015ൽ മുസ്ലിംലീഗ് നേതാവിന്റെ വീടാക്രമിച്ച് കൊള്ളനടത്തിയ കേസിൽ ഉമേഷ് പ്രതിചേർക്കപ്പെട്ടിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.