പാലക്കാട്: കേരളത്തിലെ ബിജെപി മുന്നേറ്റം ഏറ്റവും ക്ഷീണം ചെയ്യുന്നത് സിപിഐ(എം) എന്ന പാർട്ടിക്കാണ്. സിപിഐ(എം) ശക്തികേന്ദ്രങ്ങളിൽ കാവിക്കൊടി പാറിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് പലയിടങ്ങളിലായി നടപ്പാക്കി വരികയാണ് സംഘപരിവാർ സംഘടകൾ. ഹൈന്ദവ ആചാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെട്ടാണ് ബിജെപി പാർട്ടി വളർത്തുന്നത്. ഇങ്ങനെ ബിജെപി പാർട്ടിവളർത്താനായി സ്വകാര്യ വ്യക്തിയുടെ ഭൂമി വിഷയവും എടുത്തിട്ട വാർത്തയാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തു നിന്നും കേൾക്കുന്നത്. വർഷങ്ങളായി സ്വകാര്യ വ്യക്തി കൈവശം വെക്കുന്ന ഭൂമിയുടെ സ്ഥലത്ത് നിൽക്കുന്ന കാവിൽ വിളക്കുവെക്കണെന്ന് അഷ്ടമംഗലം പ്രശ്‌നം മറയാക്കി പ്രതിഷേധവുമായി രംഗത്തെത്തിയത് ആർഎസ്എസ് ആണ്.

ഒറ്റപ്പാലം നെല്ലികുറുശ്ശിയിലാണ് സംഭവം. ഇവിടെ സ്വകാര്യ വ്യക്തി വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ക്ഷേത്രഭൂമി കൈയേറിയതാണെന്നാണ് ആരോപണം. മൂന്ന് പതിറ്റാണ്ടായി കൈവശം വച്ചിരിക്കുന്ന ഭൂമിക്കെതിരെ ഇതുവരെ ആരോപണം ഉന്നയിക്കാത്ത സംഘപരിവാർ സംഘടകൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയതിന്റെ ഉദ്ദേശ്യശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

33 വർഷം മുൻപ് മന്ത്രേടത്ത് മനക്കാരുടെ കൈവശമുണ്ടായിരുന്ന 47 സെന്റ് സ്ഥലതത് ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ആർ.എസ്.എസിന്റെ അവകാശവാദം. ഇത് പിന്നീട് പൊളിച്ച് നീക്കപ്പെട്ടതാണെന്നും ഇവർ പറയുന്നു. ഭൂമി കൈവശമാറി ഇപ്പോൾ ചങ്ങനാശ്ശേരി സ്വദേശി തങ്കച്ചനാണ് ഇതിന്റെ ഇപ്പോഴത്തെ ഉടമ. 33 വർഷം മുൻപ് കയറാട്ട് തറവാട്ടുകാരിൽ നിന്നാണ് 4 1/2 ഏക്കർ സ്ഥലത്ത് ഉൾപ്പെടുത്തി ഈ ഭൂമിയും തങ്കച്ചൻ വാങ്ങിക്കുന്നത്. അന്നൊന്നും പ്രദേശവാസികളോ, സംഘടനകളോ എതിർപ്പുമായി വന്നില്ല. ആധാരത്തിൽ കാവ് പറമ്പ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ 47സെന്റിന്റെ നികുതിയടക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കോടതിയിൽ നിലനിൽക്കുന്നുണ്ട്.

ഏതാണ് രണ്ട് മാസങ്ങൾക്ക് മുൻപ് അഷ്ടമംഗല പ്രശ്‌നം വച്ച് നോക്കിയതിന്റെ അടിസ്ഥാനത്തിൽ അതി പുരാതനമായ ക്ഷേത്രം സംരക്ഷിക്കണമെന്ന് കണ്ടതിനാലാണ് തങ്ങൾ ഇപ്പോൾ രംഗത്തെത്തിയതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ പറയുന്നു. അഷ്ടമംഗല പ്രശ്‌ന പ്രകാരം കാവുണ്ടായിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് വിളക്കുവെക്കണമെന്നും ഇല്ലെങ്കിൽ അനർഥമുണ്ടാകുമെന്നാണേ്രത കണ്ടെത്തൽ! തൊട്ടടുത്ത് ഈ അമ്പലത്തിന്റേതാണെന്ന് പറയപ്പെടുന്ന ഒരു കുളവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രശ്‌നത്തിൽ തെളിഞ്ഞെന്നും സംഘപരിവാറുകാർ പറയുന്നു. എന്നാൽ കുളത്തിന്റേതെന്ന് പറയപ്പെടുന്ന സ്ഥലം നിയമപരമായി മറ്റൊരാൾ കൈവശം വയ്ക്കുകയാണിപ്പോൾ.

എന്തായാലും കഴിഞ്ഞ ദിവസം തേവർ ക്ഷേത്രത്തിൽ ബലമായി കയറി വിളക്കുവയ്ക്കാനുള്ള സംഘപരിവാർ നീക്കം പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. 47സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്താതെ തങ്ങൾ പിരിഞ്ഞ് പോകില്ലെന്നായിരുന്നു സംഘപ്രവർത്തകരുടെ നിലപാട്. പിന്നീട് താലൂക്ക് തഹസിൽദാർ എത്തി സമരക്കാരുമായി ചർച്ച നടത്തിയതോടെയാണ് താൽക്കാലിക പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതായി തഹസിൽദാർ രാധാകൃഷ്ണൻ അിറയിച്ചു. ഭൂമിയുടെ അളക്കൽ പൂർത്തിയായ സാഹചര്യത്തിൽ ഇരു വിഭാഗക്കാരുമായും ചർച്ച നടത്താനാണ് റവന്യൂവകുപ്പിന്റ തീരുമാനം. എന്തായാലും ഭൂമി തന്റേതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഉടമ തങ്കച്ചൻ.

ഈ സ്ഥലത്ത് റബ്ബർ കൃഷിയാണ് ഇപ്പോൾ നടക്കുന്നത്. തങ്കച്ചന്റെ ബന്ധുക്കളാണ് സ്ഥലത്തിന്റെ നോക്കിനടത്തിപ്പുമായി ബന്ധപ്പെട്ട് തൊട്ടടുത്ത് താമസിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഒറ്റപ്പാലം, പട്ടാമ്പി സിഐമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഡി.വൈ.എസ്‌പി ആർ.സുനീഷ് കുമാർ ചർച്ചകൾക്ക് നേതൃത്വം നൽകി. ബിജെപി ജില്ലാസെക്രട്ടറി പി.വേണുഗോപാൽ, ആർ.എസ്.എസ് വിഭാഗ സഹകാരുവാഹ്ക് എം.ബി മുകുന്ദൻ, ജില്ലാ ഭൗതിക് പ്രമുഖ് കെ.വിജയൻ, പി. ഹരീന്ദ്രകുമാർ, ശ്രീരാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

അതേസമയം സിപിഎമ്മിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന സ്ഥലമായിരുന്നിട്ടും സിപിഐ(എം) ഈ വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല. ഈ അവസരം നോക്കി ക്ഷേത്രവിഷയാണെന്ന് വരുത്തി പാർട്ടിക്ക് വേരുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഈ നീക്കത്തെ സിപിഐ(എം) പ്രതിരോധിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഇതുവരെ പാർട്ടി നിലപാട് കൈക്കൊണ്ടിട്ടില്ല. ഇത്തരം സംഭവങ്ങളെ കണ്ടില്ലെന്ന് നടിച്ചാൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ അറിയപ്പെടുന്നു.