പയ്യന്നൂർ: സഹകരണ റിട്ട. രജിസ്റ്റ്രാർ പി.ബാലകൃഷ്ണന്റെ ദുരൂഹ മരണവും വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുത്തതും സംബന്ധിച്ച കേസിൽ നിർണ്ണായക വഴിത്തിരിവുകൾ. ഭാര്യയെന്ന് അവകാശപ്പെട്ട കോറോത്തെ കെ.വി.ജാനകി(72)യെ പൊലീസ് അറസ്റ്റ് ചെയ്തതാണ് നിർണ്ണായകമായത്.. ജാനകിക്ക് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചു. ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയെടുത്തുവെന്നതാണു കേസ്. ഇക്കാര്യം ജാനകി പൊലീസിനോട് തുറന്നു സമ്മതിച്ചു.

നേരത്തേ രണ്ട് വിവാഹം കഴിച്ചിരുന്ന ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു രേഖകളുടെയും ബന്ധപ്പെട്ടവരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നു പൊലീസ് വ്യക്തമാക്കി. ജാനകിയുടെ സഹോദരിയും അഭിഭാഷകയുമായ കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ, അന്നത്തെ പയ്യന്നൂർ വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരും കേസിൽ പ്രതികളാണ്. ഇവരെല്ലാം കുടുങ്ങുന്ന മൊഴിയാണ് ജാനകി നൽകിയിരിക്കുന്നത്.

ജാനകിയുടെ പേരിൽ വില്ലേജ് ഓഫിസിലും നഗരസഭയിലും നൽകിയ അപേക്ഷകളും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ നൽകിയ പരാതിയും കള്ളമാണെന്നു കണ്ടെത്തി. ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു ജാനകി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ ജീവനു ഭീഷണിയുണ്ടെന്നും റിമാൻഡ് ചെയ്യണമെന്നുമുള്ള പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അനുവദിച്ചില്ല.

കേസിലെ ശൈലജയും കൃഷ്ണകുമാറും ഒളിവിലാണ്. അവരെ കണ്ടെത്താൻ പൊലീസ് എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ തിരച്ചിൽ തുടരുകയാണ്. അതേസമയം, ഈ കേസിൽ നേരത്തേ പൊലീസ് ചേർത്തിരുന്ന കൊലപാതക കുറ്റാരോപണം കോടതി നീക്കം ചെയ്തു. ബാലകൃഷ്ണന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് കൊടുങ്ങല്ലൂരിൽ നിലനിൽക്കുന്നതിനാൽ കൊലപാതക കുറ്റാരോപണം ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണിത്.

ഭർത്താവായ ബാലകൃഷ്ണന്റെ സഹോദരൻ രമേശൻ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി ജാനകി സഹോദരിയും അഭിഭാഷകയുമായ ശൈലജയ്‌ക്കൊപ്പം ഒരുമാസം മുൻപു ഡിവൈഎസ്‌പിക്കു മുന്നിൽ എത്തിയിരുന്നു. അന്നു ബാലകൃഷ്ണൻ തന്നെ വിവാഹം ചെയ്തു കൊണ്ടുപോയത് തൃച്ചംബരത്തെ ബാലകൃഷ്ണന്റെ വീട്ടിലായിരുന്നുവെന്നും ബാലകൃഷ്ണന്റെ അച്ഛൻ ഡോ.കുഞ്ഞമ്പു അന്നു വീട്ടിൽ ഉണ്ടായിരുന്നുവെന്നൊക്കെ പറഞ്ഞിരുന്നു. അതെല്ലാം കൃത്യതയോടെ വിഡിയോയിൽ പകർത്തിയത് കാണിച്ചുകൊടുത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡിവൈഎസ്‌പി ജാനകിയെ ചോദ്യം ചെയ്തത്.

കല്യാണക്കത്തിൽ ബാലകൃഷ്ണന്റെ അച്ഛൻ മരിച്ചുവെന്ന് രേഖപ്പെടുത്തിയത് കാണിച്ചുകൊടുത്തപ്പോൾ ജാനകി നടന്ന സംഭവങ്ങളെല്ലാം കൃത്യതയോടെ ഡിവൈഎസ്‌പിയോട് പറഞ്ഞിരുന്നു. അതുതന്നെയാണ് ഇന്നലെയും സിഐക്ക് മുന്നിൽ ജാനകി വിശദീകരിച്ചത്. അഭിഭാഷക ഒഴിച്ചുള്ള സഹോദരങ്ങളെല്ലാം ബാലകൃഷ്ണനുമായി വിവാഹം നടന്നിട്ടില്ലെന്നു മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതും കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും.

എന്നാൽ ശൈലജയും ഭർത്താവും ഈ വാദങ്ങളെ അംഗീകരിക്കുന്നില്ല. ഹൈക്കോടതിയിൽ കൊടുത്ത ജാമ്യ ഹർജിയിലാണ് ഇതു സംഭന്ധിച്ച സൂചനകളുള്ളത്. ചില സിവിൽ കേസുകൾക്കു തടയിടാൻ സഹോദരങ്ങൾ കെട്ടിച്ചമച്ച കേസാണെന്നും ജാനകിയും ബാലകൃഷ്ണനും തമ്മിൽ വിവാഹം നടന്നതാണെന്നും ഹർജിക്കാർ പറയുന്നു.

തിരുവനന്തപുരം മുൻസിഫ് കോടതിയിൽ വ്യാജ അപേക്ഷ നൽകിയതിലും ബാലകൃഷ്ണന്റെ കുടുംബ പെൻഷൻ വാങ്ങിയതിനും കേസുകൾ ഇവർക്കെതിരെ ഉണ്ട്. ഇതുകൂടാതെ കൊടുങ്ങല്ലൂർ പൊലീസ് 302 വകുപ്പനുസരിച്ച് രണ്ടുപേർക്കുമെതിരെ കേസെടുക്കും.