- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്താൻ പിണറായി വിജയൻ എന്തുകൊണ്ടാണ് ഭയക്കുന്നത്? ഉമ്മൻ ചാണ്ടിക്ക് സുതാര്യത പോരെന്ന് ആരോപിച്ച ഇടതുപക്ഷത്തിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനം അതീവരഹസ്യമെന്ന് വിവരാവകാശ പ്രവർത്തകനോട് സർക്കാർ; മന്ത്രിസഭാ തീരുമാനങ്ങൾ വെളിയിൽ പറയാത്തത് രഹസ്യമായതിനാലെന്ന് മറുപടി
തിരുവനന്തപുരം: സുതാര്യ ഭരണം എന്നതായിരുന്നു യുഡിഎഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കാബിനിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയതും. ഇങ്ങനെയൊക്കെ നടപടി കൈക്കൊണ്ടിട്ടും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി ഉയർന്നുവന്നുകൊണ്ടിരുന്നു. സുതാര്യ ഭരണം എന്നത് തട്ടിപ്പാണെന്നും ഭരണത്തിന് യാതൊരു സുതാര്യത ഇല്ലെന്നും പറഞ്ഞു കൊണ്ടാണ് അന്ന് പ്രതിപക്ഷമായ സിപിഐ(എം) രംഗത്തെത്തിയത്. അന്ന് ഉമ്മൻ ചാണ്ടിയെ വിമർശിക്കാൻ മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും അദ്ദേഹം പിന്നോട്ടു പോകുകയാണോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. മുല്ലപ്പെരിയാർ വിഷയവും അതിരപ്പള്ളി പദ്ധതിയിലെ നിലപാടുകളും പലരും ചൂണ്ടിക്കാട്ടുന്നു. ഇക്കൂട്ടത്തിലേക്ക് വിമർശകർക്ക് വടി നൽകുന്ന വിധത്തിൽ ഏറ്റവും ഒടുവിൽ വന്ന തീരുമാനം മന്ത്രി
തിരുവനന്തപുരം: സുതാര്യ ഭരണം എന്നതായിരുന്നു യുഡിഎഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കാബിനിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയതും. ഇങ്ങനെയൊക്കെ നടപടി കൈക്കൊണ്ടിട്ടും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി ഉയർന്നുവന്നുകൊണ്ടിരുന്നു. സുതാര്യ ഭരണം എന്നത് തട്ടിപ്പാണെന്നും ഭരണത്തിന് യാതൊരു സുതാര്യത ഇല്ലെന്നും പറഞ്ഞു കൊണ്ടാണ് അന്ന് പ്രതിപക്ഷമായ സിപിഐ(എം) രംഗത്തെത്തിയത്. അന്ന് ഉമ്മൻ ചാണ്ടിയെ വിമർശിക്കാൻ മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും അദ്ദേഹം പിന്നോട്ടു പോകുകയാണോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. മുല്ലപ്പെരിയാർ വിഷയവും അതിരപ്പള്ളി പദ്ധതിയിലെ നിലപാടുകളും പലരും ചൂണ്ടിക്കാട്ടുന്നു. ഇക്കൂട്ടത്തിലേക്ക് വിമർശകർക്ക് വടി നൽകുന്ന വിധത്തിൽ ഏറ്റവും ഒടുവിൽ വന്ന തീരുമാനം മന്ത്രിസഭാ തീരുമാനങ്ങൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന വിവരാവകാശ മറുപടിയാണ്.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലെ വിവരങ്ങൾ പുറത്തു വിടാനാവില്ലെന്ന് സംസ്ഥാന സർക്കാർ അഭിപ്രായപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. കാബിനറ്റ് യോഗ വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയായാണ് പൊതുഭരണ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. കാബിനറ്റ് വിവരങ്ങൾ പുറത്തുവിടാൻ വിവരാവകാശ നിയമപ്രകാരം തടസ്സമില്ലെന്നിരിക്കെ സർക്കാരിന്റെ ഈ നടപടി പുത്തരിയിലെ കല്ലുകടിയായി മാറിയിട്ടുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭ യോഗത്തിന്റെ മിനുട്സിന്റെ പകർപ്പ്, അതുമായി ബന്ധപ്പെട്ട മറ്റു രേഖകളുടെ പകർപ്പുകൾ, എടുത്ത തീരുമാനങ്ങളുടെ വിശദ വിവരങ്ങൾ എന്നിവയാണ് കൊച്ചിയിലെ പ്രമുഖ വിവരാവകാശ പ്രവർത്തകനായ എസ്.ധനരാജ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ് സംസ്ഥാന പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ ബിവി എസ് മണി നൽകിയത്.
വിവരാവകാശ നിയമം വകുപ്പ് 8 (1),(i) പ്രകാരം മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ചർച്ചകളുടെ രേഖകൾ ഉൾപ്പെടെയുള്ള ക്യാബിനറ്റ് രേഖകളും വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളവയാണ് എന്നാണ് ലഭിച്ച മറുപടി. മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്ക്കുള്ള കാരണങ്ങളും കാര്യം പൂർത്തിയാക്കിയതിനോ കഴിഞ്ഞതിനോ ശേഷമാണ് പ്രസിദ്ധപ്പെടുത്തേണ്ടതെന്നും അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. പ്രമുഖ വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി ബിനു ഇതേ വിഷയത്തിൽ കഴിഞ്ഞ സർക്കാരിന് നൽകിയ അപേക്ഷക്ക് മറുപടി നൽകാനാവില്ലെന്നറിയിച്ചപ്പോൾ വിവരാവകാശ കമ്മീഷന് പരാതി നൽകുകയും തുടർന്ന് വിവരങ്ങൾ നൽകണമെന്ന് സർക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാർ മാറിയപ്പോഴും നിഷേദ മനോഭാവം തന്നെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ സർക്കാരിന്റ അവസാന കാലത്തെടുത്ത തീരുമാനങ്ങൾ ഇപ്രകാരം ചോദിച്ചപ്പോഴും സമാനമായിരുന്നു മറുപടി. ഇതിനെതിരെ നൽകിയ അപ്പീലിൽ ഇരുകക്ഷികളെയും ഹിയറിങിന് വിളിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷണറായിരുന്ന എം.എൻ ഗുണവർധന്റെ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഡി.ബി ബിനു പറഞ്ഞു. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ നടപടിക്കെതിരെ വരും ദിവസങ്ങളിൽ തന്നെ അപ്പീൽ നൽകുമെന്ന് ധനരാജ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കാര്യമായ തീരുമാനങ്ങൾ ഒന്നും കൈക്കൊള്ളാതിരുന്ന മന്ത്രിസഭാ യോഗത്തിന്റെ വിവരങ്ങൾ നൽകാനാവില്ലെന്ന നിലപാട് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇപ്പോൾ വിവരാവകാശ പ്രകാരം മന്ത്രിസഭാ രേഖകൾ നൽകിയാൽ വരും കാലങ്ങളിലും ഇതു തിരിച്ചടിയാകുമെന്ന ഭയന്ന് ഉന്നത നിർദ്ദേശങ്ങളെ തുടർന്നാണ് വിവരങ്ങൾ നൽകാത്തതെന്നാണ് അറിയുന്നത്.
മന്ത്രിസഭാ തീരുമാനങ്ങൾ സ്വമേധയ പ്രസിദ്ധപെടുത്തേണ്ട വിവരങ്ങൾ ആണെന്ന് വാദിക്കുന്നവർ ഏറെയാണ്. ജനം ആട്ടി പുറത്താക്കും എന്ന ഭയം കൊണ്ടാണ് മുമ്പ് ഉമ്മൻ ചാണ്ടി വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കുന്നത് എന്ന് ഫെയിസ്ബുക്കിലൂടെ പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയുള്ള നിലപാട് സ്വീകരിച്ച പിണറായി വിജയനിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാബിനെറ്റ് യോഗങ്ങൾക്ക് ശേഷം മുഖ്യമന്ത്രി നടത്തുന്ന പതിവ് വാർത്താസമ്മേളനം ഉപേക്ഷിച്ചേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
പിണറായി മുഖ്യമന്ത്രിയായ സമയത്ത് തന്നെ അദ്ദേഹത്തിന്റെ ഓഫീസിലെ വെബ്കാസ്റ്റിങ് സംവിധാനം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാബിനെറ്റ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിലൂടെ അറിയിക്കുന്ന പതിവുണ്ടാവില്ലെന്ന് വ്യക്തമാക്കിയതും. മുഖ്യമന്ത്രിക്ക് പകരം മറ്റാരെങ്കിലുമാകും വിവരങ്ങൾ വിശദീകരിക്കുക എന്നാണ് അറിയുന്നത്. എന്തായാലും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ സുതാര്യമാക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് അറിയുന്നത്.