കോട്ടയം: റബറിന്റെ വിലയിടിവ് കൊണ്ട് വെട്ടാൻ നിൽക്കാതെ അവഗണിച്ചിരുന്ന അവസ്ഥയായിരുന്നു കേരളത്തിൽ പലയിടത്തും. വെട്ടുകൂലി കൊടുക്കാൻ പോലും സാധിക്കില്ല എന്നതു തന്നെയായിരുന്നു ഈ അവഗണനയ്ക്ക് കാരണവും. എന്തായാലും ഏറെ കാലത്തിന് ശേഷം മറ്റൊരു രാജ്യത്ത് സംഭവിച്ച ദുരന്തം മലയാളി റബർ കർഷകരുടെ മുഖത്ത് ചിരി വിടർത്തിയിട്ടുണ്ട്. റബർ വില ഒറ്റടയിക്ക് അഞ്ച് രൂപ ഉയർന്നതാണ് കർഷകരെ ആഹ്ലാദിപ്പിക്കുന്ന കാര്യം. ഏതാനും ദിവസങ്ങൾക്കുള്ളിൽ വില 150 രൂപയ്ക്കു മുകളിൽ പോകുമെന്നാണ് സൂചന. വ്യാഴാഴ്ച വില 145 രൂപ വരെ എത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ റബ്ബറുത്പാദകകയറ്റുമതി രാജ്യമായ തായ്‌ലൻഡിലുണ്ടായ വെള്ളപ്പൊക്കവും മഴക്കെടുതികളുമാണ് വില ഉയരാൻ കാരണമായത്. അവിടെ ഉത്പാദനം കുറഞ്ഞതോടെ ആഗോള വിപണിയിൽ റബ്ബർലഭ്യത കുറഞ്ഞു. ഇതോടെ ഇന്ത്യയിൽ റബറിന് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ബാങ്കോക്ക് മാർക്കറ്റിലെ വില ഒറ്റയടിക്ക് അഞ്ചു രൂപ കൂടി 175 കടന്നിട്ടുണ്ട്. ഇത് നാട്ടിലെ വിലയിൽ രണ്ടു രൂപയുടെ വർധനയുണ്ടാക്കി. ഈ നില തുടർന്നാൽ ഈ മാസംതന്നെ നാട്ടിലെ വില 10-15 രൂപ കൂടി വർധിച്ചേക്കാമെന്നാണ് വ്യാപാര രംഗത്തുള്ളവർ പറയുന്നത്.

ഫെബ്രുവരി, മാർച്ച് മാസത്തോടെ അതിനും മുകളിൽ പോയേക്കാം. ദിവസവും രണ്ടു രൂപ വീതം കൂടുകയാണിപ്പോൾ. ചൈനയിലും ജപ്പാനിലും ഇപ്പോൾ റബറിന്റെ ആവശ്യം കൂടിയിട്ടുണ്ട്. ഉത്പാദനം കുറച്ച് ഡിമാൻഡ് കൂട്ടുന്നതിന്റെ ഭാഗമായി തായ്‌ലൻഡ് നേരത്തെ 1.60 ലക്ഷം ഹെക്ടർ റീപ്ലാന്റിങ്ങിനായി മാറ്റിയിരുന്നു. ഇതിൽ ഏഴു വർഷം കഴിഞ്ഞേ ടാപ്പിങ് നടത്താനാവൂ. ഇതും ലഭ്യത കുറയാൻ കാരണമായി.

വില കൂടിത്തുടങ്ങിയതോടെ കർഷകരും വ്യാപാരികളും റബ്ബർ വിപണിയിൽ എത്തിക്കാതായിട്ടുണ്ട്. ഇത് നാട്ടിലും ലഭ്യത കുറച്ചു. ടയർ കമ്പനികൾ കാര്യമായി വാങ്ങാൻ രംഗത്തിറങ്ങിയിട്ടുമില്ല. ഈ മാസത്തേക്കുള്ള സ്റ്റോക്ക് അവരുടെ കൈയിലുണ്ടാകുമെന്നാണ് പറയുന്നത്. അതുകഴിഞ്ഞാൽ നാട്ടിൽനിന്നു വാങ്ങേണ്ടിവരും.

ഇപ്പോഴത്തെ വിലയനുസരിച്ച് ഇറക്കുമതി ചെയ്യുന്നതിന് 200 രൂപയിലധികം ചെലവു വരും. നാട്ടിൽനിന്നു വാങ്ങുന്നതാണ് ലാഭം. ജനുവരി അവസാനത്തോടെ നാട്ടിലെ റബ്ബർസീസൺ അവസാനിക്കും. അപ്പോൾ വിപണിയിൽ റബ്ബർലഭ്യത പിന്നെയും കുറയാം. അപ്പോഴും അന്താരാഷ്ട്ര വില കൂടിനിൽക്കുകയാണെങ്കിൽ സ്റ്റോക്കുള്ള കർഷകന് ഗുണം ചെയ്യും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലുള്ള റബർ കർഷകരെ സംബന്ധിച്ചിടത്തോളം ഏറെക്കാലത്തിന് ശേഷമാണ് ഒരു സന്തോഷ വാർത്ത കേൾക്കുന്നതും.