തിരുവനന്തപുരം: തിരുവനന്തപുരത്തിന് മാലിക്കല്യാണവും മലബാറിന് അറബിക്കല്യാണവും പുതുമയുള്ള വിഷയങ്ങളല്ല. കടുത്ത ദാരിദ്ര്യത്തിൽനിന്നു രക്ഷപെടുമെന്ന ചിന്തയിൽ സ്വന്തം പെൺമക്കളെ മാലിക്കാരെയും അറബികളെയും കൊണ്ടു വിവാഹം കഴിപ്പിക്കുന്നു. അവരെ വിശ്വസിച്ച് അന്യരാജ്യങ്ങളിലേക്ക് ജിവിത സ്വപന്ങ്ങളുമായി വിമാനം കയറിയ നൂറുകണക്കിന് സ്ത്രീകളാണ് ഇന്നു വിവിധജയിലുകളിൽ കഴിയുന്നത്. ആശങ്കയോടെ അവരുടെ കുടുംബങ്ങളും.

ജയിലിൽ കഴിയുന്ന റുബീനയെ കാണാൻ മാതാവ് ഷഫീഖാ ബീവി മാലി ദ്വീപിലെത്തിയപ്പോൾ, അമ്മയും മകളും പരസ്പരം കണ്ടിട്ട് ഏഴു വർഷങ്ങൾ പിന്നിട്ടിരുന്നു. പിതാവ് ബർഹാനുദ്ദീനും മകളെ കാണാൻ ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാൽ യാത്ര ചെയ്തില്ല. ഇന്നലെ മാലിയിലെത്തിയ ഷഫീഖാ ബീവി മാലിയിലെ ഇന്ത്യാ ക്ലബ് പ്രവർത്തകരുേടയും മറ്റ് സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടെയാണ് റുബീനയെ കണ്ടത്.

തിരുവനന്തപുരം വർക്കല സ്വദേശിയായ റുബീനയാണ് കഴിഞ്ഞ നാലു വർഷമായി വിചാരണ പോലുമില്ലാതെ മാലിദ്വീപിലെ തടവിൽ കഴിയുന്നത്. മാലിക്കല്യാണത്തിന്റെ നൂറുകണക്ക് ഇരകളിലൊരാളായ റൂബീന പ്രത്യാശയുടെ വെളിച്ചം തേടിയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മകളെ ഒരു നോക്കു കാണാൻ ഈ മാതാപിതാക്കൾ മുട്ടാത്ത വാതിലുകിളില്ല.

കടുത്ത ദാരിദ്യത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാമെന്ന മാലി പൗരനായ ഹസൻ ജാബിറിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഷഫീഖാ ബിവിയും ബർഹാനുദ്ദീനും മകൾ റൂബിനെയെ ഹസൻ ജാബിറിനു വിവാഹം കഴിച്ചു നൽകാൻ തയ്യാറായത്. 2008 ജൂലൈ 28നായിരുന്നു ഇരുവരുടേയും വിവാഹം. മാലിദ്വീപിലെത്തിയതോടെ റൂബീനയുടെ ജീവിതം നരകതുല്യമായി.

സാമ്പത്തികമായി മികച്ച നിലയിലുള്ള ഹസൻ ജാബിർ കോടതിയിൽ ക്ലാർക്കായി ജോലി ചെയ്തുവരികയായിരുന്നു. 2009 ൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ റൂബീന ആദ്യമായി നാട്ടിലെത്തി തിരിച്ചുപോയതിനു ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. മറ്റൊരു മലയാളി സ്ത്രീയുമായുള്ള ബന്ധവും ഹസൻ ജാബിറിന്റെ മയക്കുമരുന്നു ഇടപാടുകളും റുബീന എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നാട്ടിലേക്കു പോകാനുള്ള രേഖകളെന്ന വ്യാജേന റുബീനയെക്കൊണ്ട് വിവാഹമോചനകരാറിലായിരുന്നു. റുബീന ഇക്കാര്യം അറിയുന്നത് പിന്നീടാണ്.

മകനെ കൊന്നതിനും ആത്മഹത്യാശ്രമത്തിനുമാണ് റൂബീനക്കെതിരെ മാലി പൊലീസ് കേസ് രജിസ്‌ററർ ചെയ്തിരിക്കുന്നത്. ഇതിനെ പറ്റി റൂബീന പറയുന്നതിങ്ങനെ- ' എനിക്കും മകനും ഭർത്താവ് ജ്യൂസ് നൽകി. ബോധം വന്നപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ വച്ചാണ് മകൻ മരിച്ച വിവരം അറിയുന്നത്. ഞാൻ മകനെ വിഷം കൊടുത്തു കൊന്നതാണെന്ന് ഹസൻ ജാബിർ പൊലിസിന് മൊഴി കൊടുത്തു. ഇങ്ങനെ വിചാരണ പോലുമില്ലാതെ കഴിയുന്നതിനെക്കാൾ ഭേദം വധശിക്ഷ നൽകുന്നതാണ് '

മാനസികമായി തളർന്ന റുബീനയുടെ പേരിൽ കുറ്റം കെട്ടിവയ്ക്കുകയായിരുന്നുവെന്ന് ആരോപണം ഉണ്ട്. കേസ് വീണ്ടും അന്വേഷിക്കണമെന്നും കുട്ടിയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറെയും ഭർത്താവ് ഹസൻ ജാബിറിനെയും വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് .

സോഷ്യൽ മീഡിയകളുടെ കൂട്ടായ്മയിലൂടെ മാലി ജയിലിൽനിന്ന് മോചിതനായ ജയചന്ദ്രൻ മൊകേരി, ഇന്ത്യാക്ലബ് മാലിദ്വീപ്, ഹിസാൻ എന്നീ സന്നദ്ധസംഘടനകൾ പ്രശ്‌നത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്.