ന്യൂഡൽഹി: ഐഎഎസ് ഓഫീസർമാരെ സംരക്ഷിക്കാൻ പുതിയ ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ. പഴ്‌സോണൽ ആൻഡ് ട്രെയിനിങ് വകുപ്പ് മന്ത്രിയുടെ അംഗീകാരമില്ലാതെ ഇനി മുതൽ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ല.

ഡിസംബർ 21 നാണ് പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ പാടുള്ളുവെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഡിഒപിടി വകുപ്പിന്റെ ചുമതല നിലവിൽ വഹിക്കുന്നത് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ്.

സത്യസന്ധരായ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ സംരക്ഷിക്കുമെന്ന് ഡിഒപിടിയുടെ ഭരണത്തലവനായ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനങ്ങളുമായി ഒരുവർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

അശോക് ഖേംക,ദുർഗ ശക്തി രാംപാൽ എന്നിവരുടെ സസ്‌പെൻഷന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്യുന്നതിന് 48 മണിക്കൂർ മുമ്പ് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ വിവരമറിയിക്കണം.സസ്‌പെൻഷൻ ഉത്തരവിന്റെ പകർപ്പും, അതിനുള്ള കാരണങ്ങളും അറിയിക്കണം.നേരത്തെ ഇക്കാര്യത്തിൽ സമയപരിധി ഉണ്ടായിരുന്നില്ല.അച്ചടക്ക നടപടികൾ തുടങ്ങാതിരിക്കുകയോ, അത് കേന്ദ്ര സർക്കാർ സ്ഥിരീകരിക്കാതിരിക്കുകയോ,ചെയ്യാതിരുന്നാൽ, 30 ദിവസത്തിലധികം ഒരു ഓഫീസറുടെ സസ്‌പെൻഷൻ സംസ്ഥാനത്തിന് തുടരാനാവില്ല.

ഡിഒപിടിയുടെ സെക്രട്ടറിയായിരിക്കും സെൻട്രൽ റിവ്യൂ കമ്മിറ്റിയുടെ ചെയർപേഴ്‌സൺ.നേരത്തെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു തലവൻ.ഒരു ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ ഒരാഴ്ചയിലധികം തുടരാൻ ഈ കമ്മിറ്റിയുടെ ശുപാർശ വേണമെന്ന കരട് രേഖയിലെ ശുപാർശ ചട്ടം രൂപീകരിച്ചപ്പോൾ വേണ്ടെന്നുവച്ചു.1969 ലെ സർവീസ് ചട്ടങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.