ബ്രിട്ടനിൽ താമസിക്കുന്ന റഷ്യൻ ചാരനും മകൾക്കും വിഷം കൊടുത്തത് സംബന്ധിച്ച വിഷയം അന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷത്തിന് വഴിതെളിക്കുന്നു. ബ്രിട്ടീഷ് മണ്ണിൽക്കടന്ന് ഇത്തരമൊരു പ്രവർത്തി ചെയ്തതിന് പിന്നിൽ റഷ്യയാണെന്ന കാര്യം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസ മെയ്‌ പാർലമെന്റിൽ പറഞ്ഞു. റഷ്യ കാട്ടിയത് തികച്ചും അന്യായമാമെന്നും അത്യന്തം പ്രകോപനപരമാണെന്നും പറഞ്ഞ പ്രധാനമന്ത്രി, ഇത് വിശദീകരിക്കണമെന്നും റഷ്യയോട് ആവശ്യപ്പെട്ടു.

മുൻ റഷ്യൻ ചാരനായ സെർജി സ്‌ക്രിപാൽ (66) മകൾ യൂലിയ (33) എന്നിവരാണ് വിഷം ഉള്ളിൽച്ചെന്ന് അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്. സാലിസ്‌ബറി ടൗൺസെന്ററിൽവെച്ച് മാർച്ച് നാലിനാണ് ഇരുവർക്കും വിഷബാധയേറ്റത്. ഇവരെ സഹായിക്കാനെത്തിയ ഡഡിക്റ്ററ്റീവ് നിക്ക് ബെയ്‌ലിക്കും വിഷബാധയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട് മെച്ചപ്പെട്ടു. നാഡീവ്യൂഹത്തെ തളർത്തുന്ന തരം വിഷമാണ് ഇവർക്കുനേരെ പ്രയോഗിച്ചതെന്നാണ് കരുതുന്നത്. എന്നാൽ, ഇവർക്കുനേരെ എന്തുതരം വിഷമാണ് പ്രയോഗിച്ചതെന്നും അതെങ്ങനെ പ്രയോഗിച്ചുവെന്നുമുള്ള കാര്യം ബ്രിട്ടീഷ് പൊലീസിന് ഇതേവരെ കണ്ടെത്താനായിട്ടില്ല.

ഡബിൾ ഏജന്റായി പ്രവർത്തിച്ചിരുന്ന സ്‌ക്രിപാൽ 2010-ലാണ് ബ്രിട്ടനിലെത്തിയത്. ബ്രിട്ടീഷ് മണ്ണിൽ ഇത്തരമൊരു ആക്രമണം നടത്തിയ റഷ്യക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കോമൺസിൽ നടന്ന ചർച്ചയ്ക്കിടെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ലോകത്തെവിടെയും ഏതുഹീനകൃത്യവും നടത്താൻ മടിക്കാത്ത രാജ്യമാണ് റഷ്യയെന്ന് കോമൺസിൽ സംസാരിക്കവെ മുൻ കാബിനറ്റ് മന്ത്രി ഡുങ്കൻ സ്മിത്ത് പറഞ്ഞു. ക്രിമിയ പിടിച്ചെടുക്കുകയും കിഴക്കൻ ഉക്രൈൻ പിടിച്ചെടുക്കാൻ സഹായിക്കുകയും സിറിയയെ നരകമാക്കി മാറ്റുകയും ചെയ്തത് റഷ്യയാണെന്നും അദ്ദേഹം ആരോപിച്ചു.

ബ്രിട്ടനെതിരായ ആക്രമണമായാണ് സ്‌ക്രിപാലിനും മകൾക്കും നേരെ നടന്ന ആക്രമണത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി തെരേസ മെയ്‌ പറഞ്ഞു. ബ്രിട്ടനിൽ താമസിക്കുന്ന നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണിത്. ഇത്തരത്തിൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഏതുശക്തിക്കും തക്കതായ മറുപടി നൽകാൻ ബാധ്യസ്ഥമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് മണ്ണിൽ നിരപരാധികളെ കൊന്നൊടുക്കാൻ ആരെയും അനുവദിക്കില്ലെന്നും തെരേസ മെയ്‌ വ്യക്തമാക്കി.

ബ്രിട്ടന്റെ പങ്കാളിയായ അമേരിക്കയും സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. വിഷബാധയേറ്റ സ്‌ക്രിപാലിന്റെയും കുടുംബത്തിന്റെയും ദുരന്തത്തിൽ പങ്കുചേരുന്നതിനൊപ്പം അതിനെതിരേയുള്ള ഏതു പ്രതിരോധ ശ്രമങ്ങൾക്കും ബ്രിട്ടന് പൂർണ പിന്തുണ നൽകുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹുക്കബി സാൻഡേഴ്‌സ് പറഞ്ഞു. അമേരിക്കയുടെ ഏറ്റവുമടതുത്ത സഖ്യകക്ഷിയാണ് ബ്രിട്ടനെന്നും എന്നും ബ്രിട്ടനൊപ്പം നിൽക്കുമെന്നും സാറ വ്യക്തമാക്കി.

കഴിഞ്ഞവർഷം ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ കൊല്ലാൻ ഉപയോഗിച്ച വിഎക്‌സ് എന്ന വിഷത്തേക്കാൽ പതിന്മടങ്ങ് ശക്തിയേറിയ നോവിച്ചോക്കാണ് സ്‌ക്രിപാലിനും മകൾക്കും നേരെ പ്രയോഗിച്ചതെന്നാണ് കരുതുന്നത്. ശീതയു്ദ്ധകാലത്ത് സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്തതാണ് ഈ വിഷം എന്നും കരുതുന്നു. പേശികൽ ദുർബലമാക്കുകയും ശരീരത്തിൽ അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തന രഹിതമാക്കുകയുമാണ് ഇതിന്റെ രീതി.

അതിനിടെ, റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി സംഭവത്തിലുള്ള പ്രതിഷേധവും ബ്രിട്ടൻ അറിയിച്ചു. ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസണാണ് ബ്രിട്ടനിലെ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തിയത്. ഓഫീസിലെത്തിയ അംബാസഡർക്ക് ഹസ്തദാനം ചെയ്യാൻ പോലും ബോറിസ് ജോൺസൺ തയ്യാറായില്ലെന്ന് റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് ജനതയ്ക്കുനേരെ നടന്ന ആക്രമണത്തിലുള്ള ശക്തമായ പ്രതിഷേധം ജോൺസൺ, ഇന്നുവൈകുന്നേരത്തിനുള്ളിൽ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.

പ്രശ്‌നം അവിടെത്തീർത്തോളാൻ പുട്ടിൻ

ഷ്യൻ ചാരന് വിഷബാധയേറ്റ സംഭവത്തെക്കുറിച്ച് ഒരുദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന ബ്രിട്ടീഷ് മുന്നറയിപ്പ് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ തീർത്തും അവഗണിച്ചു. നിങ്ങളുടെ അന്വേഷണം നിങ്ങൾ തന്നെ തീർത്തോളാനാമ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. അതിൽ തീർന്നില്ലെങ്കിൽ കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാമെന്നും പുട്ടിൻ പറഞ്ഞു. ലോകത്ത് അപൂർവം ലബോറട്ടറികളിൽ മാത്രം ഉദ്പാദിപ്പിക്കുന്ന നോവച്ചോക്ക് എന്ന വിഷമാണ് സ്‌ക്രിപാലിനും മകൾക്കുമെതിരെ പ്രയോഗിച്ചതെന്നും അതുദ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്ന് റഷ്യയിലെ യാസിനെവോ ലാബാണെന്നും വ്യക്തമായതോടെയാണ് റഷ്യയോട് ബ്രിട്ടൻ വിശദീകരണം തേടിയത്.

റഷ്യയോടുള്ള അന്ധമായ വിരോധം തീർക്കാനും റഷ്യയിൽ നടക്കാൻ പോകുന്ന ഫുട്‌ബോൾ ലോകകപ്പ് ബഹിഷ്‌കരിക്കാൻ ഒരു കാരണം കണ്ടെത്താനുമായി ബ്രിട്ടൻ തന്നെയാണ് സ്‌ക്രിപാലിന് വിഷം കൊടുത്തതെന്ന് റഷ്യ ആരോപിച്ചു. പുട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ദിമിത്രി കിസെൽയോവാണ് ഇത്തരമൊരാരോപണം ഉന്നയിച്ചത്. സ്‌ക്രിപാലിനും മകൾക്കും വിഷംകൊടുത്തതുകൊണ്ട് നേട്ടം ബ്രിട്ടനുമാത്രമാണെന്നും റഷ്യക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കറുത്ത മുടിക്കാരിയാര്?

സാലിസ്‌ബറി ടൗൺ സെന്ററിലെ ഷോപ്പിങ് സെന്ററിനുമുന്നിലുള്ള ബെഞ്ചിൽ സ്‌ക്രിപാലും മകളും കുഴഞ്ഞുവീണ സംഭവത്തിൽ പൊലീസ് തിരയുന്നത് മുഖംമൂടി ധരിച്ച കറുത്ത മുടിയുള്ള യുവതിയെ. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുവരെ യുവതിയെ മേഖലയിൽ കണ്ടവരുണ്ട്. യുവതിക്കും സംഭവവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ഇതിനായി പൊലീസ് പരിശോധിച്ചുവരികയാണ്.

സ്‌ക്രിപാലിന്റെ കാർ കഴിഞ്ഞദിവസം രാസായുധ പ്രതിരോധ വിഭാഗം സീൽ ചെയ്തു. കാറിനുള്ളിൽ വിഷാംശം ഉണ്ടായേക്കുമെന്ന ആശങ്കയെത്തുടർന്നാണിത്. വെസ്റ്റ് വിന്റർ്‌സ്ലോയിലെത്തിയ സൈന്യവും പൊലീസും സ്‌ക്രിപാലിന്റെ വാഹനത്തെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വാഹനം ഓടിച്ച ഡ്രൈവറോട് ഉപയോഗിച്ച വസ്ത്രങ്ങൾ കൈമാറണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവദിവസം സാലിസ്‌ബറിയിൽ കണ്ട മുഖംമൂടി ധരിച്ച യുവതിയുടെ കൈയിൽ വലിയൊരു ബാഗ് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ ചിത്രം ഇതേവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലൂടെ പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനാണ് പൊലീസ് ഇപ്പോൾ മുൻതൂക്കം നൽകുന്നത്.