സിറിയയിൽ തങ്ങൾ നടത്തുന്ന ആക്രമണത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിനായി റഷ്യ അവിടേക്കയച്ച പടക്കപ്പലുകൾ ബ്രിട്ടീഷ് തീരത്ത് കൂടി കൂസലില്ലാതെ കടന്ന് പോയി. ഇതിനെ തടയാനാവാതെ സൂക്ഷ്മ നിരീക്ഷണം ചെയ്ത് ബ്രിട്ടന് നിൽക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. അനേകം യുദ്ധവിമാനങ്ങളും സർവനാശിനികളായ ബോംബുകളും അടങ്ങിയ റഷ്യൻ പടക്കപ്പലുകളാണ് ബ്രിട്ടീഷ് തീരത്ത് കൂടി കടന്ന് പോയിരിക്കുന്നത്.

റഷ്യൻ പടക്കപ്പലുകളെ നിരീക്ഷിക്കുന്നതിനും അടിയന്തിര സന്ദർഭമുണ്ടായാൽ തടയുന്നതിനുമായി ബ്രിട്ടന്റെ റോയൽ നേവി എച്ച്എംഎസ് റിച്ച്മണ്ട് എന്ന കപ്പലിനെ ഇവിടെ വിന്യസിച്ചിരുന്നു. പിന്നീട് റോയൽ നേവിക്കൊപ്പം സ്റ്റേറ്റ്-ഓഫ്- ദി ആർട്ട് ഡിസ്ട്രോയറും നിരീക്ഷണത്തിനായി ചേർന്നിരുന്നു. ഇംഗ്ലീഷ് ചാനലിലേക്ക് നീങ്ങിയ റഷ്യൻ പടക്കപ്പലുകളെ നിരീക്ഷിക്കുന്നതിനായി ടൈപ്പ് 45 എച്ച്എംഎസ് ഡ്രാഗൻ എന്ന ബ്രിട്ടീഷ് കപ്പൽ അവയെ പിന്തുടർന്നിരുന്നു. തങ്ങളെ ആരെങ്കിലും സമീപിച്ചാലോ തടയാനോ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുന്നതിനായി റഷ്യൻ പടക്കപ്പലുകളിൽ സായുധരായ ഗാർഡുമാരെ നിയോഗിച്ചിരുന്നു.

ഒരു എയർക്രാഫ്റ്റ് കാരിയറുമടക്കമുള്ള ഏഴ് പടക്കപ്പലുകളെയാണ് റഷ്യ ബ്രിട്ടന്റ സമുദ്ര ഭാഗത്തേക്ക് അയച്ചിരിക്കുന്നത്. ഈ ഏഴ് പടക്കപ്പലുകളിൽ ബാറ്റിൽ ക്രൂയിസറും രണ്ട് ഡിസ്ട്രോയറുകളും ഉൾപ്പെടുന്നു.റഷ്യൻ പടക്കപ്പലുകളെ സൂക്ഷ്മമായി നീരീക്ഷിക്കാൻ നാറ്റോയും സജീവമായി രംഗത്തുണ്ടായിരുന്നു. റോയൽ നേവിയുടെ എച്ച്എംഎസ് ഡ്രാഗന്റെ ക്യാപ്റ്റൻ ക്രെയിഗ് വുഡാണ്. ഇതിൽ 4.5 എംകെ 8 മെയിൻ ഗൺ, സാംപ്സൺ മൾട്ട്-ഫംക്ഷൻ റഡാർ, ഫാലൻക്സ് തുടങ്ങിയ ആധുനിക യുദ്ധ സംവിധാനങ്ങളെല്ലാമുണ്ട്. സീ വൈപ്പർ ആന്റി എയർമിസൈലും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 300 മീറ്റർ നീളവും 43,000 ടൺ ഭാരവുമുള്ള അഡ്‌മിറൽ കുസ്നെറ്റ്സോവ് എന്ന റഷ്യൻ പടക്കപ്പൽ ഡോവറിലെ വൈറ്റ് ക്ലിഫിലൂടെ കടന്ന് പോകുമ്പോൾ അതിൽ എ.കെ.47 തോക്കുകളേന്തി എന്തിനും തയ്യാറായി സൈനികർ നിൽക്കുന്നത് കാണാമായിരുന്നു.

തുടർന്ന് ഈ ശക്തിയേറിയ റഷ്യൻ കപ്പൽപ്പട ഇംഗ്ലീഷ് ചാനലിലേക്കായിരുന്നു പ്രവേശിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതയാണിത്. തങ്ങളുടെ സേനയുടെ ശക്തി പ്രകടിപ്പിക്കാനായിരുന്നു സിറിയയിലേക്കുള്ള പടക്കപ്പലുകളുടെ യാത്ര ഇംഗ്ലീഷ് തീരത്ത് കൂടെയാക്കാൻ പുട്ടിൻ ഉത്തരവിട്ടിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ചാനലിലൂടെ സഞ്ചരിച്ച ഫെറികളിലെ യാത്രക്കാർ പടക്കപ്പലിലെ സന്നാഹങ്ങൾ കണ്ട് പരിഭ്രമിച്ചിരുന്നു. ബ്രിട്ടന്റെ റോയൽ നേവിയും സഖ്യകക്ഷികളും ദുർബലരാണെന്ന് പരിഹസിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു ബ്രിട്ടനെ ലക്ഷ്യം വച്ചെന്ന വണ്ണം സിറിയയിലേക്കുള്ള യാത്രക്കിടെ റഷ്യൻ കപ്പൽപ്പട ഇത്തരത്തിൽ കുതിച്ചെത്തിയത് ബ്രിട്ടനെ തികഞ്ഞ ആശങ്കയിലാഴ്‌ത്തിയിരുന്നു. ബ്രിട്ടീഷ്തീരത്തിന് തൊട്ടടുത്ത് കൂടിയാണ് ഇവ കടന്ന് പോയിരിക്കുന്നതെന്നത് കടുത്ത അനിശ്ചിതത്വമായിരുന്നു സൃഷ്ടിച്ചിരുന്നത്. കറുത്ത പുക തുപ്പിക്കൊണ്ട് അഡ്‌മിറൽ കുസ്നെറ്റ്സോവ് രാംസ്ഗേറ്റിലൂടെ രാവിലെ 9 മണിക്കും ഫോക്സ്സ്റ്റോണിലൂടെ രാത്രി 11.30നുമായിരുന്നു കടന്ന് പോയത്.

ബ്രിട്ടന്റെ റോയൽ നേവിയുടെയും നാറ്റോ സഖ്യകക്ഷികളുടെയും കരുത്ത് പരീക്ഷിക്കുകയെന്നതായിരുന്നു ഇന്നലത്തെ എക്സർസൈസിന്റെ ലക്ഷ്യമെന്നാണ് ഡിഫെൻസ് സെക്രട്ടറി മൈക്കൽ ഫാലൻ പ്രതികരിച്ചിരിക്കുന്നത്.ഇത്തരത്തിൽ പ്രകോപനമുയർത്തിക്കൊണ്ട് നീങ്ങുന്ന റഷ്യൻ പടക്കപ്പലുകളുടെ ചിത്രങ്ങൾ സുരക്ഷാവിമാനത്തിൽ നിന്നും പകർത്തിയിരുന്നു. റഷ്യൻ സബ്മറൈനായ ഡിസ്ട്രോയറും ജെറ്റുകളും ഹെലികോപ്റ്ററുകളും കയറ്റിയ എയർ ക്രാഫ്റ്റ് കാരിയർ ഷിപ്പും നോർവേയുടെ തീരം കടന്ന് യുകെ തീരത്തിനടുത്തേക്ക് വരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരുന്നത്. അന്താരാഷ്ട്ര ജലപ്രദേശത്ത് കൂടിയാണ് ഈ കപ്പലുകൾ നീങ്ങുന്നതെങ്കിലും ഇത് യുകെയ്ക്ക് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. സിറിയയിൽ തങ്ങൾ ഐസിസിനെതിരെ നടത്തുന്ന യുദ്ധം ശക്തിപ്പെടുത്താനാണീ കപ്പലുകൾ മെഡിറ്ററേനിയൻ ലക്ഷ്യം വച്ച് നീങ്ങുന്നതെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.റഷ്യയുടെ നോർത്തേൺ ഫ്ലീറ്റ് ആർട്ടിക്കിൽ നിന്നും നോർത്തേൺ യൂറോപ്പിന്റെ തീരത്തിനടുത്ത് കൂടി പോവുകയാണെങ്കിൽ ഇതിനെ തടയുന്നതിന് ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ച് ഇപ്പോൾ നെതർലാൻഡ്സും ബെൽജിയവും കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.ബെർലിൻ മതിൽ വീണതിന് ശേഷം റഷ്യ നടത്തുന്ന ഏറ്റവും വലിയ പടക്കപ്പൽ വിന്യാസമായിട്ടാണ് ഈ നീക്കത്തെ കണക്കാക്കുന്നത്.