ലോകപൊലീസും ആയുധങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യവുമായ അമേരിക്കയെ പിന്നിലാക്കി പടക്കോപ്പുകളുടെ കാര്യത്തിൽ ഇപ്പോൾ റഷ്യ കുതികുതിക്കുകയാണ്. ഇപ്രാവശ്യം പ്രൊജക്ട് 885 യാസെൻ ക്ലാസ് ഫോർത്ത്-ജനറേഷൻ കസാൻ ന്യൂക്ലിയർ സബ് മറൈനുമായിട്ടാണ് പുട്ടിന്റെ റഷ്യയുടെ വരവ്. കടലിൽ നിന്നും 1500 മൈൽ ഉള്ളിൽ നിന്നും തൊടുത്താലും അണുബോംബ് വർഷിക്കാൻ കഴിവുള്ള മുങ്ങിക്കപ്പലാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. യുദ്ധഭൂമിയിലെ ഈ അപകടകാരിയോട് മല്ലിടാൻ തൽക്കാലം ലോകത്താരുമില്ലെന്നതാണ് യാഥാർത്ഥ്യം.

2009ൽ തന്നെ നിർമ്മാണം ആരംഭിച്ച ഈ സബ്മറൈൻ നോർത്തേൺ റഷ്യൻ ഫ്ലീറ്റിന് വേണ്ടി 2018ൽ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 139 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള സബ്മറൈനാണിത്. മിസൈലുകളെ അനായാസം ലോഞ്ച് ചെയ്യാൻ സഹായിക്കുന്ന 10 മീറ്റർ നീളമുള്ള ഡ്രാഫ്റ്റാണീ മുങ്ങിക്കപ്പലിനുള്ളത്. അറ്റ്ലാന്റിക്കിന് മധ്യത്തിൽ നിന്നും ഇതിൽ നിന്നും മിസൈൽ അയച്ചാൽ അത് അമേരിക്കയുടെ കിഴക്കൻ തീരത്ത് കടുത്ത നാശം വിതയ്ക്കാനാവും. സെവ്മാഷ് ഷിപ്പ് യാർഡിൽ നിന്നാണിത് ലോഞ്ച് ചെയ്തിരിക്കുന്നതെന്നാണ് റഷ്യൻ ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന ടാസ് ന്യൂസ് ഏജൻസി വെളിപ്പെടുത്തുന്നത്.

പ്രസ്തുത ചടങ്ങിൽ റഷ്യൻ ഉപപ്രധാനമന്ത്രി ഡിമിത്രി റോഗോസിൻ, നേവി കമാൻഡർ വ്ലാദിമെർ കോറോലിയോവ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. യാസെൻ എമ്മിന്റെ മെച്ചപ്പെടുത്തിയ പ്രൊജക്ടിൽ നിന്നുമുള്ള ഒരു അഡ്വാൻസ്ഡ് മൾട്ടി-റോൾ സബ്മറൈനാണിതെന്നാണ് നേവി കമാൻഡർ വിശദീകരിക്കുന്നത്. ലോകമാകമാനമുള്ള ദൗത്യങ്ങൾ നിർവഹിക്കാനും റഷ്യയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും കെൽപുള്ള വിധത്തിലുള്ള ഒരു സബ്മറൈൻ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റഷ്യയെന്നും നേവി കമാൻഡർ വെളിപ്പെടുത്തുന്നു.

ഈ ന്യൂ ജനറേഷൻ കസാൻ സെവ്മാഷ് ഷിപ്പ്യാർഡ്സിൽ വച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2023 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള ഏഴ് സബ് മറൈനുകൾ സജ്ജമാക്കാനാണ് പദ്ധതി. ഇതിന് ഉപരിതല ഭാഗത്ത് 8600 ടണ്ണും സമുദ്രത്തിന്റെ അടിയിലുള്ള ഭാഗത്ത് 13,800 ടണ്ണും വഹിക്കാനുള്ള ശേഷിയുണ്ട്. ഇതിന് പരമാവധി 600 മീറ്റർ ആഴത്തിലൂടെ സബ്മെർജ് ചെയ്യാനാകും. ഉപരിതല പൊസിഷനിൽ ഇതിന്റെ വേഗത 16 നോട്ട്സും ജലത്തിനടയിലെ പൊസിഷനിൽ 31 നോട്സുമാണ്. 90 പേരാണ് ഇതിലെ ക്രൂവിലുള്ളത്. ഇതിൽ സിംഗിൾ ഷാഫ്റ്റ് സ്റ്റീം ടർബൈൻ ന്യൂക്ലിയർ പവർ യൂണിറ്റുണ്ട്.

ഇതിന്റെ കപ്പാസിറ്റി 43,000 എച്ച്പിയാണ്. ഓനിക്സ്, കാലിബർക്രൂയിസ് മിസൈലുകൾക്കുള്ള എട്ട് വെർട്ടിക്കൽ സിലോസ് അടങ്ങിയ സബ്മറൈനാണ് പ്രോജക്ട് 885. പുതുതായി ലോഞ്ച് ചെയ്യുന്ന ഫോർത്ത് ജനറേഷൻ സബ്മറൈനുകൾ ഉപയോഗിച്ച് നിലവിൽ കരിങ്കടലിൽ ഉള്ള റഷ്യയുടെ ഫ്ലീറ്റിന്റെ പകുതി ഉത്തരവാദിത്വം പുനഃസ്ഥാപിക്കും. നിലവിൽ റഷ്യയ്ക്ക് കരിങ്കടലിൽ 10 കപ്പലുകളാണുള്ളത്. സ്ലാവ ക്ലാസ് ഗൈഡഡ് മിസൈൽ ക്രൂയിസറാണിതിന് നേതൃത്വം നൽകുന്നത്. ഈസ്റ്റേൺമെഡിറ്ററേനിയനിൽ ആണിത് നിലകൊള്ളുന്നത്.