ർട്ടിക്ക് മേഖലയിലെ എണ്ണയുടെയും ഗ്യാസിന്റെയും ശേഖരത്തിനായി റഷ്യയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള തർക്കം മുറുകി. തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിച്ച് ഇന്ധനങ്ങളിലുള്ള അവകാശവാദം ശക്തമായി ഉന്നയിച്ചിരിക്കുകയാണ് റഷ്യ. ആർട്ടിക്കിലെ മഞ്ഞുപാളികൾക്കടിയിൽ ബില്യൺകണക്കിന് ടൺ എണ്ണയും പ്രകൃതിവാതകവുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആർട്ടിക്കിലെ ഇന്ധനശേഖരം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തിലാണ് വഌദിമിർ പുട്ടിൻ. വിമാനവേധ മിസൈലുകളുൾപ്പെടെ സൈന്യത്തെ ആർട്ടിക്കിലേക്ക് നിയോഗിച്ച റഷ്യൻ പ്രസിഡന്റ്, ആറ് പുതിയ സൈനിക കേന്ദ്രങ്ങളും ആർട്ടിക്കിൽ തുറന്നു.

ആർട്ടിക്കിന്റെ അതിർത്തിയിൽ റഷ്യക്ക് പുറമെ നോർവേയും ഡെന്മാർക്കും കാനഡയുമാണ് അവകാശവാദമുന്നയിക്കുന്നത്. ഈ രാജ്യങ്ങളെല്ലാം തന്നെ ആർട്ടിക്കിലെ ഇന്ധനശേഖരത്തിന് അവകാശവാദമുന്നയിച്ച് ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. എന്നാൽ സൈനിക സാന്നിധ്യം ശക്തമാക്കിയ റഷ്യ, ഇവിടെ 13 വ്യോമകേന്ദ്രങ്ങളും പത്ത് റഡാർ പോസ്റ്റുകളും സ്ഥാപിക്കാനാണ് ഇനി ഉദ്ദേശിക്കുന്നത്.

ആർട്ടിക്കിലെ ഇന്ധനശേഖരം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് റഷ്യ. ഇവിടുത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് വർഷം മുഴുവൻ സൈന്യത്തെ നിയോഗിച്ച് കാവലേർപ്പെടുത്തിയിരിക്കുകയാണ് പുട്ടിൻ. ആർട്ടിക് സർക്കിളിന്റെ കേന്ദ്രമായ അലക്‌സാൻഡ്ര ലാൻഡ് റഷ്യയുടെ അധീനതയിലാണ് ഉള്ളത്. ഇവിടെ 150-ഓളം സൈനികരെയാണ് ഇപ്പോൾ നിയോഗിച്ചിട്ടുള്ളത്.

പാശ്ചാത്യ രാജ്യങ്ങളുമായുള്ള തർക്കം മുറുകുന്നതിനിടെയാണ് മിസൈലുകളുമായി റഷ്യ ആർട്ടിക്കിലെ ആയുധശേഖരം വർധിപ്പിച്ചത്. നോവായ സെംല്യ, തുറമുഖമായ ടിക്‌സി എന്നിവിടങ്ങളിലാണ് എസ്-400 മിസൈലുകൾ വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ സ്ഥാപിച്ച അഞ്ച് സൈനിക കേന്ദ്രങ്ങളും ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. യുദ്ധക്കപ്പലുകളും ആണവ ശേഷിയുള്ള അന്തർവാഹിനികളും റഷ്യ ഇവിടെ വിന്യസിച്ചിട്ടുണ്ട്.