മോസ്‌കോ: ലോകത്ത് പ്രമുഖ രാജ്യങ്ങൾ തമ്മിൽ അടുത്ത കാലത്ത് സംഘർഷ സാധ്യതകളും ഉരസലുകളും ശക്തമായപ്പോഴൊക്കെ അത് മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള കാൽവയ്പാണെന്ന ആശങ്കകളും പ്രവചനങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ റഷ്യ മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന പുതിയ സൂചനകൾ വെളിച്ചത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റഷ്യ 40 ലക്ഷം പേരെ അടിയന്തിരമായി ഒഴിപ്പിക്കുന്നത് പഠിക്കാൻ മോക് ഡ്രിൽ നടത്തുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇതിന് ലക്ഷങ്ങളെ പാർപ്പിക്കാൻ പറ്റിയ അണ്ടർഗ്രൗണ്ട് ടണലുകൾ മോസ്‌കോയിൽ നിർമ്മിക്കുന്നുവെന്നും സൂചനയുണ്ട്. കൂടാതെ യൂറോപ്യൻ ആകാശത്ത് അണുവാഹിനി വിമാനം മനഃപൂർവം അയച്ച് പരീക്ഷണം നടത്താനും റഷ്യ തയ്യാറായിരിക്കുകയാണ്. ഇവയെല്ലാം കൂട്ടി വായിക്കുമ്പോൾ റഷ്യ മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന സംശയം ആഗോളതലത്തിൽ വർധിച്ചിരിക്കുകയാണ്.

40 ലക്ഷം പേരെ അടിയന്തിരമായി ഒഴിപ്പിക്കുന്നത് പഠിക്കാനായി റഷ്യ നാല് ദിവസത്തെ ' സിവിൽ ഡിഫെൻസ് ' ഡ്രില്ലാണ് നടത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് യുഎസിലും യുകെയിലും കനത്ത ആശങ്കയാണുയർന്നിരിക്കുന്നത്. സിറിയയിലെ നീക്കങ്ങളുടെ പേരിൽ റഷ്യയുമായി കടുത്ത അഭിപ്രായവ്യത്യാസമുള്ള ഇരു രാജ്യങ്ങളും മോസ്‌കോയുടെ പുതിയ നീക്കങ്ങളെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. യുകെയുമായും യുഎസുമായും ആശയവിനിമയം പോലും ഇല്ലാതായതിനെ തുടർന്നാണ് റഷ്യ പ്രസ്തുത ഡ്രിൽ നടത്തിയിരിക്കുന്നത്.

പ്രകൃതിപരവും മനുഷ്യൻകാരണവുമായുണ്ടാകുന്ന ദുരന്തങ്ങളെ തുടർന്ന് എത്തരത്തിൽ രക്ഷപ്പെടാമെന്ന് റഷ്യയിലെ ജനങ്ങൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പ്രസ്തുത ഡ്രിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഈ വാർ ഗെയിമിൽ 40 മില്യൺ സിവിലിയന്മാരും രണ്ട് ലക്ഷത്തോളം എമർജൻസി റെസ്‌ക്യൂവർമാരും 50,000 യൂണിറ്റ് ഉപകരണങ്ങളും പങ്കെടുത്തുവെന്നും ഇത് ഒക്ടോബർ നാലിനും ഏഴിനുമിടയിലാണ് നടക്കുന്നതെന്നുമാണ് റഷ്യയിലെ മിനിസ്ട്രി ഫോർ സിവിൽ ഡിഫെൻസ് , എമർജൻസീസ് ആൻഡ് എലിമിനേഷൻ ഓഫ് കോൺസിക്യൂൻസസ് ഓഫ് നാച്വറൽ ഡിസാസ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്.

പടിഞ്ഞാറൻ രാജ്യങ്ങളുമായി ആണവയുദ്ധമുണ്ടാവുകയാണെങ്കിൽ ഇതിൽ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിനുള്ള ബൃഹത്തായ ഒരുക്കങ്ങളും റഷ്യ ആരംഭിച്ചിരിക്കുന്നുവെന്നാണ് സൂചന. ഇതിനായാണ് ലക്ഷങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ കെൽപ്പുള്ള അണ്ടർഗ്രൗണ്ട് ടണലുകൾ മോസ്‌കോയിൽ നിർമ്മിക്കുന്നത്. ആണവാക്രമണമുണ്ടാകുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ മോസ്‌കോയിലെ 12 മില്യൺ പേർക്ക് അഭയമേകുന്ന ന്യൂക്ലിയർ ബങ്കറുകളാണിവ. ഈ ഭീമൻ ബങ്കറുകളെക്കുറിച്ച് റഷ്യൻ ഒഫീഷ്യലുകൾ വെള്ളിയാഴ്ചയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയൻ അഭ്യന്തര യുദ്ധത്തിൽ റഷ്യയുടെ ഇടപെടലുകളെ ചൊല്ലി ക്രെംലിനും വാഷിങ്ടണും തമ്മിലുള്ള ഉരസൽ വർധിച്ചതിനുള്ള പ്രതികരണമെന്നോണമാണ് റഷ്യൻ ഒഫീഷ്യലുകൾ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിന് പിന്തുണയേകുന്നതിനായി റഷ്യ സിറിയൻ നഗരമായ ആലെപ്പോയിൽ വ്യോമാക്രമണങ്ങൾ നടത്തുന്നതിനെ യുഎസ് കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ആയിരക്കണക്കിന് സിവിലിയന്മാർ മരിക്കുകയും നഗരത്തിന് കനത്ത നാശമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിൻ തയ്യാറായിട്ടില്ല.ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നാണ് യുഎസ് ആരോപിക്കുന്നത്. സിറിയൻ സൈന്യത്തിൽ യുഎസ് ഇടപെടുന്നതുകൊണ്ടാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നാണ് റഷ്യ ഇതിന് മറുപടി പറഞ്ഞിരിക്കുന്നത്. റഷ്യയുടെ ആക്രമണത്തെ തുടർന്ന് സിറിയയിലുണ്ടായ മനുഷ്യാവകാശ പ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ആലോചിക്കുന്നതെന്നാണ് യുഎസ് പറയുന്നത്. അമേരിക്ക റഷ്യയുടെ നേരെ ആണവായുധങ്ങൾ പ്രയോഗിക്കാൻ തക്കം പാർത്തിരിക്കുന്നുവെന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ ജനത്തിന് മുന്നറിയിപ്പേകുന്നത്.

ഇത്തരത്തിൽ ഇരുപക്ഷവും തമ്മിൽ വെറും വാചകയുദ്ധമല്ല നടക്കുന്നതെന്നും മറിച്ച് കാര്യങ്ങൾ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയെന്നുമാണ് മറ്റ് ചില റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. റഷ്യൻ പ്രസിഡന്റ് പുട്ടിൻ യൂറോപ്യൻ ആകാശത്ത് അണുവാഹിനി വിമാനം മനഃപൂർവം അയച്ച് പരീക്ഷണം നടത്തിയത് ഇതിന് തുടക്കമിട്ടിരിക്കുകയാണ്. ഇതിനെ തടസപ്പെടുത്താനും നിരീക്ഷിക്കാനുമായി നാല് രാജ്യങ്ങളിൽ നിന്നുമുള്ള നാറ്റോ ജെറ്റുകൾ രംഗത്തെത്തിയിട്ടുമുണ്ട്. യൂറോപ്യൻ ആകാശപരിധിയിലെത്തിയ റഷ്യൻ ബോംബറുകളെ പ്രതിരോധിക്കാനായി നോർവേ, ഫ്രാൻസ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങൾക്കൊപ്പം ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സും എന്തിനും തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള രണ്ട് റഷ്യൻ യുദ്ധ വിമാനങ്ങൾ സ്‌കോട്ട്‌ലൻഡിനടുത്ത യൂറോപ്യൻ എയർസ്‌പേസിൽ കഴിഞ്ഞ മാസമായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

ബ്ലാക്ക്ജാക്ക് ബോംബേർസ് എന്ന് നാറ്റോ വിളിക്കുന്ന ഈ വിമാനങ്ങൾ സെപ്റ്റംബർ 22ന് ഇവിടെ വെറുതെ മിന്നിമറയുക മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും കനത്ത ആശങ്കയാണിത് സൃഷ്ടിച്ചിരിക്കുന്നത്.നോർവീജിയൻ എഫ്16 ഫൈറ്റർ വിമാനങ്ങളായിരുന്നു ആദ്യം റഷ്യൻ യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാനായി ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് ബ്രിട്ടീഷ് ടൈഫൂണുകളും രംഗത്തെത്തി. ആർഎഎഫ് ലോസിമൗത്തിൽ നിന്നായിരുന്നു ഇവ പറന്നുയർന്നിരുന്നത്. തുടർന്ന് ഫ്രാൻസിൽ നിന്നുള്ള റാഫേൽ ജെറ്റുകളും ഇവയ്‌ക്കൊപ്പം രംഗത്തെത്തിയിരുന്നു. അവസാനം നാറ്റോ സേനയ്ക്ക് കരുത്ത് പകരാനായി സ്‌പെയിനിൽ നിന്നുള്ള ടിയു 60 എസ് വിമാനങ്ങളും യൂറോപ്യൻ ആകാശത്തേക്ക് കുതിച്ചെത്തിയിരുന്നു. ഇവയ്ക്ക് 88,185 എൽബി (40,000 കിലോഗ്രാം) ബോംബ് വഹിക്കാൻ ശേഷിയുണ്ട്.