- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ കണ്ടെന്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നു; അത് റഷ്യൻ പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്നത്; ഫേസ്‌ബുക്കിന് നിയന്ത്രണമേർപ്പെടുത്തി റഷ്യ; ഷെയർ തകർച്ചയിൽ പ്രതിസന്ധിയിലായ സുക്കർബർഗ്ഗിന് തിരിച്ചടിയായി യുക്രൈൻ - റഷ്യൻ യുദ്ധവും
മോസ്‌ക്കോ: റഷ്യയുടെ യുക്രൈൻ അധിനിവേശവും ഫേസ്‌ബുക്കിന് തിരിച്ചടിയാകുന്നു. ഫേസ്‌ബുക്കിന് റഷ്യയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള റഷ്യൻ നീക്കമാണ് അവർക്ക് തിരിച്ചടിയാകുന്നത്. അമേരിക്കൻ സമൂഹമാധ്യമ ഭീമനായ ഫേസ്‌ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റഷ്യ അറിയിക്കുകയായിരുന്നു. ഫേസ്‌ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നതായും റഷ്യൻ ഉള്ളടക്കങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതായും ആരോപിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്താനാണ് റഷ്യയുടെ തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല.
റഷ്യക്ക് അനുകൂലമായ പ്രൊഫൈലുകൾക്കും സർക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ അക്കൗണ്ടുകൾക്കും ഫേസ്‌ബുക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നു എന്നാണ് ആരോപണം. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മാതൃ കമ്പനിയായ മെറ്റയ്ക്ക് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യം മെറ്റ നിരസിച്ചതായി റഷ്യ അറിയിച്ചു. ഫേസ്‌ബുക്ക് റഷ്യൻ ഉള്ളടക്കങ്ങൾക്ക് 2020 മുതൽ തന്നെ നിയന്ത്രണമേർപ്പെടുത്തുന്നുണ്ടെന്ന് റഷ്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ മാധ്യമങ്ങൾ പങ്കുവെക്കുന്ന വാർത്താ ഉള്ളടക്കങ്ങളുടെ വസ്തുത പരിശോധിക്കുന്നതും ലേബൽ ചെയ്യുന്നതും നിർത്തിവെക്കാൻ തങ്ങളോട് ആവശ്യപ്പെട്ടെന്നും അതാണ് നിരസിച്ചതെന്നും മെറ്റയുടെ ഗ്ലോബൽ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സർ നിക്ക് ക്ലെഗ് പറഞ്ഞു. റഷ്യയിലെ സാധാരണക്കാർ അവരുടെ നിലപാടുകൾ പ്രകടിപ്പിക്കാനും സംഘടിക്കാനും തങ്ങളുടെ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും അവർ അത് തുടരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും നിക്ക് ക്ലെഗ് വ്യക്തമാക്കി.
രണ്ട് ദിവസമായി യുക്രൈനിനുമേൽ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ സാമൂഹിക മാധ്യമമായ ഫേസ്‌ബുക്കിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണം തേടിയ വാർത്ത് ഏജൻസി എഎഫ്‌പിയോട് ഫേസ്‌ബുക്ക് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മറുനാടന് ഡെസ്ക്