കൊച്ചി: യുക്രൈൻ പ്രതിസന്ധിയിൽ ഓഹരി വിപണികൾ ആടിയുലഞ്ഞതോടെ സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.ഇതേ രീതി തുടർന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പവൻ വീണ്ടും 40000 ൽ എത്തും.റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണവില ഇനിയും കുതിക്കാനാണു സാധ്യത. വലിയ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യാന്തര തലത്തിൽ സ്വർണവിലയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 100 ഡോളറിന്റെ വർധനയുണ്ടായി. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തുമുണ്ടാകുന്നത്.വൻകിട നിക്ഷേപകർ വീണ്ടും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കേരളത്തിൽ സ്വർണവില ഇതുവരെയുള്ള റെക്കോർഡുകൾ തകർത്തു മുന്നേറും. കഴിഞ്ഞ 2 ആഴ്ചകൊണ്ട് സ്വർണവില 2000 രൂപയാണ് കൂടിയത്. യുദ്ധസാഹചര്യങ്ങൾക്ക് അയവു വരാതിരിക്കുകയും ആഗോള വിപണികളിലെ പ്രതിസന്ധി തുടരുകയും ചെയ്താൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ സ്വർണവില പവന് 40,000 രൂപ മറികടക്കും.

ഒരു ഗ്രാം സ്വർണത്തിന്റെ വില 100 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ ഉയർന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതിൽ ഇന്നും മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി 75 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

രാജ്യാന്തര തലത്തിൽ യുദ്ധമോ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്കു കൂടുമാറുന്നത് പതിവാണ്. എന്നാൽ യുക്രെയ്ന്റഷ്യ യുദ്ധം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും സ്വർണവിലയിൽ വലിയ വർധനവുണ്ടായിരുന്നില്ല. സ്വർണവില ഉയർന്നെങ്കിലും ഇടയ്ക്ക് നിക്ഷേപകർ ഓഹരിയിലേക്കു തിരിച്ചുവരവു നടത്തിയതിനെ തുടർന്നു വില കുറഞ്ഞിരുന്നു.അസംസ്‌കൃത എണ്ണവില പിടിവിട്ടു കുതിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ വീണ്ടും സ്വർണത്തെ കൈവിടില്ലെന്ന സൂചനയാണ് ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്നത്. യുദ്ധസാഹചര്യങ്ങൾ രൂക്ഷമാകുന്നതാണ് കാരണം. ഓഹരി വിപണികളിലെയും മറ്റും നിക്ഷേപം യുദ്ധകാലത്തു സുരക്ഷിതമല്ലെന്നാണ് വൻകിട നിക്ഷേപകരുടെ വിശ്വാസം. സ്വർണത്തോടൊപ്പം മറ്റു വിലയേറിയ ലോഹങ്ങളുടെയും വില ഉയരുകയാണ്.

കഴിഞ്ഞ 9 മാസമായി സ്വർണവിലയിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1780-1880 ഡോളർ വില നിലവാരത്തിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു സ്വർണം. എന്നാൽ യുദ്ധം മുറുകുകയും യുദ്ധം അവശേഷിപ്പിക്കുന്ന പ്രത്യാഘാതങ്ങൾ ആഗോള വിപണിയിൽ തുടരുകയും ചെയ്യുമെന്നുറപ്പായതോടെയാണ് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നത്. ട്രോയ് ഔൺസിന് 1970 ഡോളറിലേക്കു വില ഉയർന്നു.

രാജ്യാന്തര വിപണിയിൽ സ്വർണവില 2000 ഡോളർ എന്ന നിർണായക നിലവാരം മറികടക്കാനുള്ള സാധ്യതകളാണു വിപണിയിൽ നിലനിൽക്കുന്നത്. 2000 ഡോളർ വീണ്ടും മറികടന്നാൽ വില പിടിവിട്ടു കുതിക്കും. 'സ്വിഫ്റ്റി'ൽനിന്ന് റഷ്യയെ പുറത്താക്കിയതോടെ രാജ്യാന്തര വ്യാപാരത്തിന് ഡോളറിനു പകരം റഷ്യ സ്വർണം ഉപയോഗിച്ചേക്കാമെന്ന നിഗമനങ്ങളും നിലനിൽക്കുന്നുണ്ട്. ഇത് ആഗോള തലത്തിൽ സ്വർണവില കൂട്ടുന്ന തീരുമാനമാകും.

രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യാന്തര വിപണിൽ സ്വർണവില 2150 ഡോളർ നിലവാരത്തിൽ വരെ എത്തിയേക്കുമെന്ന പ്രവചനങ്ങളുമുണ്ട്. 2150 ഡോളറിലേക്ക് സ്വർണവില എത്തിയാൽ ദേശീയ ബുള്യൻ വിപണിയിൽ സ്വർണവില (10 ഗ്രാമിന്) 49,500 മുതൽ 57,000 രൂപ വരെ എത്തിയേക്കും. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണവില പവന് 40000 കടന്നു മുന്നേറും. യുദ്ധഭീഷണി വരും ആഴ്ചകളിലും തുടരുകയാണെങ്കിൽ പവൻ വില 42000 എന്ന റെക്കോർഡും തകർക്കും.

മാർച്ച് ആദ്യ വാരത്തിൽ കേരളത്തിൽ സ്വർണവിലയിലുണ്ടായ വർധന 1360 രൂപയുടേതാണ്. ഫെബ്രുവരി ആദ്യം പവന് 35,920 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഇപ്പോൾ 13 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ജനുവരി 1ന് 36,360 രൂപയായിരുന്ന വില. പിന്നീട് വില ഇടിഞ്ഞ് ജനുവരി 10ന് 35,600 രൂപയിലേക്കെത്തി. 2020 ഓഗസ്റ്റ് 7ന് ആണ് കേരളത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില വന്നത്. പവന് 42,000 രൂപയായിരുന്നു അന്നത്തെ വില. കോവിഡ് പ്രതിസന്ധികളെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ മുരടിപ്പായിരുന്നു അന്നത്തെ വിലക്കയറ്റത്തിനു കാരണം.

അതിനിടെ രാജ്യത്തെ ഹോൾമാർക്കിങ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് നാല് മുതൽ പ്രാബല്യത്തിലുള്ള സ്വർണം, വെള്ളി ആഭരണങ്ങൾക്കാണ് ഹാൾ മാർക്കിങ് ചാർജ് വർധിപ്പിച്ചത്. സ്വർണം ഒരെണ്ണത്തിൽ 35 രൂപയായിരുന്ന ഹോൾമാർക്കിങ് ചാർജ് 45 രൂപയാക്കി. ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കിൽ ഇനി ഹോൾമാർക്കിങ് ചാർജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്ടിയും നൽകണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോൾമാർക്കിങ് നിരക്ക് വർധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.

കുറഞ്ഞ നിരക്കിൽ ഹാൾ മാർക്ക് ചെയ്തു നൽകാൻ ഇന്ത്യയിലുടനീളം ഹാൾമാർക്കിങ്, അസെയ്യിങ് സെന്ററുകൾ തുറക്കാൻ സംഘടനകൾ തന്നെ തയ്യാറായി വരുമ്പോൾ ഹാൾമാർക്കിങ് നിരക്ക് വർദ്ധിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓൾ ഇന്ത്യ ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഹോൾമാർക്കിങ് നിർബന്ധമല്ലാത്തപ്പോൾ നിരക്ക് 25 രൂപയായിരുന്നു. ഇപ്പോൾ നിർബന്ധിത ഹാൾമാർക്കിങ് ഉള്ളതിനാൽ, കോടിക്കണക്കിന് സ്വർണാഭരങ്ങൾ ഹാൾ മാർക്ക് ചെയ്യുന്നതു കൊണ്ട് എണ്ണം ഗണ്യമായി വർദ്ധിച്ചു. അതിനാൽ നിരക്ക് കുറയ്ക്കണമെന്ന് പൊതുവെ ആവശ്യമുയർന്ന സാഹചര്യത്തിലാണ്, നിരക്ക് 30% വർദ്ധിപ്പിച്ചത്. ഹോൾമാർക്കിങ് നിരക്ക് 35 രൂപയിൽ നിന്ന് 45 രൂപയായി വർദ്ധിപ്പിച്ചത് അന്യായമാണെന്നും അസോസിയേഷൻ പറഞ്ഞു.

അതേസമയം വില ഉയർന്നതോടെ കേരളത്തിൽ സ്വർണാഭരണ വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.വില കൂടിയതോടെ സ്വർണം വിൽക്കാനെത്തിയവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവാഹാവശ്യത്തിനും മറ്റു ചടങ്ങുകൾക്കുമായി സ്വർണം വാങ്ങാനുള്ളവരാണ് ഇപ്പോൾ കടകളിലെത്തുന്നത്.സ്വർണത്തിനൊപ്പം വജ്രാഭരണങ്ങളുടെ വില ഉയർന്നതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. വെള്ളി വിലയിലും വർധനവുണ്ട്.കിലോഗ്രാമിന് 73,400 രൂപയാണു വില. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 4000 രൂപയായി ഉയർന്നിട്ടുണ്ട്. നികുതിയും കുറഞ്ഞ പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ 41,000 രൂപയ്ക്കു മുകളിൽ ചെലവു വരുന്നുണ്ട്.